Sorry, you need to enable JavaScript to visit this website.

മൊബൈലിന് അടിമയായതില്‍ കുറ്റബോധം, പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

തിരുവനന്തപുരം- മൊബൈലിന്റെ ദുരുപയോഗത്തെക്കുറിച്ചും മൊബൈലിന് അടിമയായതിനെ കുറിച്ചും മൂന്ന് പേജുള്ള  കുറിപ്പ് എഴുതിവച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. നാവായിക്കുളം വെട്ടിയറ മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തിനു സമീപം ചിറവിള പുത്തന്‍ വീട്ടില്‍ പരേതനായ ജയമോഹന്‍-ശ്രീജ ദമ്പതികളുടെ മകള്‍ ജീവമോഹന്‍ (ഗൗരി-17) ആണ് തൂങ്ങിമരിച്ചത്. രാവിലെ 10 മണിക്കും ഉച്ചക്ക് ഒരു മണിക്കും ഇടയില്‍ വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
പഠനത്തെക്കുറിച്ചും മൈാബൈലിന്റെ ദുരുപയോഗത്തെക്കുറിച്ചും മൂന്ന് പേജുള്ള  കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു  ആത്മഹത്യ. പഠനത്തില്‍ മിടുക്കിയിരുന്നു ഗൗരി. എസ്.എസ്.എല്‍.സി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. കൊറിയന്‍ ബിറ്റിഎസ് എന്ന ബാന്റ് ആല്‍ബം നിരന്തരം കാണുമായിരുന്നു. മൊബൈലില്‍ അടിമപ്പെട്ടു എന്നും ഞാന്‍ എല്ലാവരില്‍നിന്നും ഒറ്റപ്പെട്ടു എന്നും കുറിപ്പിലുണ്ട്. തനിക്ക് ഇത് സംഭവിച്ചു എന്നും തന്റെ അനുജത്തിക്കും മറ്റ് കുട്ടികള്‍ക്കും ഫോണ്‍ നല്‍കരുതെന്നുമുള്ള സന്ദേശം നല്‍കിയിട്ടായിരുന്നു ആത്മഹത്യ.
സാധാരണകാണും പോലെ ഓണ്‍ലൈന്‍ സൗഹൃദങ്ങളോ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹികമാധ്യമ ഉപയോഗമോ പെണ്‍കുട്ടിക്കില്ലെന്നാണ് മൊബൈല്‍ഫോണ്‍ പ്രാഥമികമായി പരിശോധിച്ച കല്ലമ്പലം പോലീസ് പറയുന്നത്. കൂടുതല്‍ വ്യക്തത വരുത്താന്‍ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും. മൊബൈല്‍ ഫോണ്‍ അഡിക്ഷനോടൊപ്പം പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിഷാദമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കല്ലമ്പലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Latest News