ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ അമ്മയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു

കൊച്ചി- ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ മാതാപിതാക്കളെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി ആക്രമിച്ചു. കുത്തേറ്റ പള്ളുരുത്തി വ്യാസപുരം വേണാട്ടുപറമ്പില്‍ സരസ്വതി (61) സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭര്‍ത്താവ് ധര്‍മജനെ(70) ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.ആക്രമണം നടത്തിയ കാട്ടിശേരി വീട്ടില്‍ ജയനെ (57)നെ പോലിസ് പിടികൂടി.
ധര്‍മജനെ അന്വേഷിച്ച് വീട്ടിലെത്തിയ പ്രതി കിടന്നുറങ്ങുകയായിരുന്ന ഇയാളെ വിളിച്ചെഴുന്നേല്‍പ്പിച്ച് കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ഥം രക്ഷപെട്ട് ഓടിയ ധര്‍മജനെ അക്രമി പിന്തുടര്‍ന്നെങ്കിലും സമീപത്തെ ബന്ധുവീട്ടില്‍ അഭയം പ്രാപിക്കയായിരുന്നു. കുളിക്കുകയായിരുന്ന സരസ്വതി അയല്‍വാസിയായ പ്രസാദിന്റെ വീട്ടിലെ അടുക്കളയില്‍ ഒളിച്ചെങ്കിലും സരസ്വതിയെ കണ്ടെത്തിയ പ്രതി ഇവിടെ കടന്നാണ് ആക്രമണം നടത്തിയത്. കഴുത്തിന് പിന്നിലും ദേഹത്തും തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.
2014 ഏപ്രില്‍ 16ന് പ്രതി ജയന്റെ ഭാര്യ സിന്ധു(41)വിനെ  ധര്‍മജന്റെ മകന്‍ മധു കുത്തിക്കൊലപ്പെടുത്തിയിരുന്നു. വിചാരണ കോടതി ജീവപര്യന്തം തടവിന് വിധിച്ച മധു ശിക്ഷ അനുഭവിച്ച് വരികയാണ്. പരോളിന് ശേഷം മധു മൂന്നാഴ്ച മുമ്പാണ് മടങ്ങിയത്.  ജയന്‍ കഴിഞ്ഞ ഒരു മാസമായി ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കി വരികയായിരുന്നുവെന്ന് സൂചനയുണ്ട്. മധുവിനെ പുറത്തിറക്കാന്‍ വേണ്ടി സരസ്വതിയും ധര്‍മജനും ശ്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പോലിസ് പറഞ്ഞു. ആയുധം സംഘടിപ്പിച്ച പ്രതി കഴിഞ്ഞ ഒരു മാസമായി ജോലിക്കു പോയിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

 

Latest News