Sorry, you need to enable JavaScript to visit this website.

ആദായ നികുതി ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; സ്വര്‍ണ്ണവും പണവും കവര്‍ന്നു

കൊച്ചി- ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തി സ്വര്‍ണ പണിക്കാരനെയും കുടുംബത്തെയും ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു. ആലുവ ബാങ്ക് ജംഗ്ഷന് സമീപം താമസിക്കുന്ന സ്വര്‍ണപണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ആണ് കവര്‍ച്ചക്കിരയായത്. ഇയാളുടെ വീട്ടില്‍നിന്ന് 500 ഗ്രാം സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മാന്യമായി വസ്ത്രം ധരിച്ച നാല് പേര്‍ സഞ്ജയുടെ വീട്ടിലെത്തിയത്.
ഇയാളുടെ വീട്ടിലെത്തിയ സംഘം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിയിക്കുകയും വീട്ടില്‍ പരിശോധന നടത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയുമായിരുന്നു. ആദായനികുതി വകുപ്പില്‍നിന്നാണെന്നും റെയ്ഡിന് വന്നതാണെന്ന് ഇവര്‍ അറിയിച്ചപ്പോള്‍ വീട്ടുടമ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാനാവശ്യപ്പെട്ടു. തുടര്‍ന്ന് മൊബൈല്‍ഫോണില്‍ ചില രേഖകള്‍ കാണിച്ച നാലംഗസംഘം സഞ്ജയുടെ വീട്ടില്‍ക്കയറി പരിശോധന ആരംഭിക്കുകായിരുന്നു. ഈ സമയം വീട്ടുകാരുടെ മൊബൈല്‍ഫോണുകളും ഇവര്‍ വാങ്ങിവെച്ച് വീട്ടിലേക്കുള്ള ഗേറ്റും പൂട്ടി.
സഞ്ജയോടും ഭാര്യയോടും റെയ്ഡിന് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. ഏകദേശം രണ്ടുമണിക്കൂറോളമാണ് വീട്ടിനുള്ളില്‍ പരിശോധന നടത്തിയത്. ഇതിനിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കി. സഞ്ജയുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അടക്കമുള്ള രേഖകളും ഇവര്‍ വാങ്ങിയിരുന്നു. ആദായനികുതി വകുപ്പ് ഓഫീസിലെത്തി കണക്ക് ബോധിപ്പിച്ചാല്‍ പിടിച്ചെടുത്തവയെല്ലാം വിട്ടുനല്‍കാമെന്നും പറഞ്ഞു. ഇവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കി. തുടര്‍ന്ന് വീട്ടില്‍നിന്ന് പോകാനിറങ്ങുന്നതിനിടെ സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറും ഇവര്‍ ചോദിച്ചുവാങ്ങി. ഇതാണ് ഗൃഹനാഥനില്‍ സംശയമുണര്‍ത്തിയത്. നാലംഗസംഘം വീട്ടില്‍നിന്ന് മടങ്ങിയതിന് പിന്നാലെ സഞ്ജയ് ആലുവ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തട്ടിപ്പുകാര്‍ നല്‍കിയ ഫോണ്‍നമ്പര്‍ വ്യാജമാണെന്നും തെളിഞ്ഞു. പോലീസെത്തിയതോടെയാണ് വന്നത് തട്ടിപ്പുകാരാണെന്നും കവര്‍ച്ചക്കിരയായെന്നും ബോധ്യമായത്. ഡിവൈ.എസ്.പി ശിവന്‍കുട്ടിയുടെനേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ ഹോട്ടലിന്റെ സി.സി.ടി.വി ക്യാമറയില്‍നിന്നു പ്രതികളുടെ ഫോട്ടോ പോലീസിന് ലഭിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.

 

Latest News