തലശ്ശേരി- തൃക്കാക്കര ഷോക്കില്‍നിന്ന് മുഖ്യമന്ത്രി ഇനിയും മുക്തനായില്ല. ഇന്നലെ പിണറായിയിലെ പരിസ്ഥിതി ദിനാചരണ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ അദ്ദേഹം നടന്നുനീങ്ങുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ മൈക്കുകളും കാമറകളുമായ് പിന്നാലെ പോയെങ്കിലും പിണറായി ഗൗരവത്തോടെ കേട്ട ഭാവം നടിക്കാതെ സ്ഥലം വിട്ടു.
ഉപതെരഞ്ഞെടുപ്പ് ഫലം വന്നിട്ട് മൂന്ന് ദിവസമായിട്ടും തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച ക്യാപ്റ്റന്റെ മൗനം പരക്കെ ചര്‍ച്ചയാവുകയാണ്. അടുത്തിടെ നടന്ന തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നയുടനെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തൃക്കാക്കരയില്‍ മൗനം തുടരുകയാണ്.