Sorry, you need to enable JavaScript to visit this website.

സിയാലില്‍ ഉല്‍പാദിപ്പിച്ച സൗരോര്‍ജം 25 കോടി യൂണിറ്റ്, ചരിത്ര നേട്ടം

നെടുമ്പാശ്ശേരി- സൗരോര്‍ജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഹരിതോര്‍ജ ഉത്പാദനത്തില്‍ ഒരു നാഴികക്കല്ല് പിന്നിടുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നേതൃത്വത്തില്‍ നാളിതുവരെ ഉത്പാദിപ്പിച്ച സൗരോര്‍ജ വൈദ്യുതിയുടെ അളവ് 25 കോടി യൂണിറ്റായി. അരിപ്പാറയിലെ ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള ഊര്‍ജോത്പാദനത്തിന് പുറമെയാണിത്.
2013 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിമാനത്താവള ടെര്‍മിനലിന് മുകളില്‍ 100 കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചുകൊണ്ടാണ് സിയാല്‍ ഹരിതോര്‍ജ ഉത്പാദനത്തിന് തുടക്കമിട്ടത്. പരീക്ഷണം വിജയമായതോടെ നിരന്തരം പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെട്ടു. 2015 ല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി. അന്ന് 13.1 മെഗാവാട്ടായിരുന്നു മൊത്തം സ്ഥാപിതശേഷി. നിലവില്‍ വിമാനത്താവള പരിസരത്ത് മാത്രം കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിക്ക് 8 പ്ലാന്റുകളുണ്ട്. 2022 മാര്‍ച്ചില്‍ പയ്യന്നൂരിലെ 12 മെഗാവാട്ട് പ്ലാന്റ് കമ്മിഷന്‍ ചെയ്തതോടെ മൊത്തം സ്ഥാപിത ശേഷി 50 മൊഗാവാട്ടായി ഉയര്‍ന്നു. പയ്യന്നൂര്‍ പ്ലാന്റില്‍ നിന്നു മാത്രം നാളിതുവരെ ഒരു കോടി യൂണിറ്റ് വൈദ്യുതി ലഭിച്ചു. 2022 നവംബറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട അരിപ്പാറ ജല വൈദ്യുതിയില്‍ നിന്ന് 75 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ സൗരോര്‍ജ പദ്ധതിയില്‍ നിന്നുള്ള ഊര്‍ജ ഉത്പാദനം 25 കോടി പിന്നിട്ടതോടെ പരിസ്ഥിതി സൗഹാര്‍ദവികസന മാതൃകയില്‍ പുതിയൊരു അധ്യായം സൃഷ്ടിക്കുകയാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ പരമാവധി  പദ്ധതികള്‍ നടപ്പാക്കുകയെന്നതാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയുടെ വികസന നയമെന്ന് മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ഊര്‍ജ സ്വയംപര്യാപ്തമായ സ്ഥാപനം എന്നതിനപ്പുറം ഊര്‍ജോത്പാദകരായി സിയാല്‍ മാറുന്നു. പ്രതിദിനം രണ്ടുലക്ഷം യൂണിറ്റോളം വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 1.6 ലക്ഷം യൂണിറ്റാണ് വിമാനത്താവളത്തിന്റെ പ്രതിദിന ഊര്‍ജ ഉപഭോഗം. നാലുകോടി യൂണിറ്റ്  അധിക വൈദ്യുതിയാണ് ഇതുവരെ സംസ്ഥാന ഗ്രിഡിലേക്ക് നല്‍കിയിട്ടുള്ളത്. വൈദ്യുതി ബോര്‍ഡ് കഴിഞ്ഞാല്‍, സംസ്ഥാനത്തെ ഏറ്റവും വലിയ ഊര്‍ജ ഉത്പാദകരാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയെന്നും സുഹാസ് കൂട്ടിച്ചേര്‍ത്തു.
സൗരോര്‍ജ പ്ലാന്റുകളില്‍ പച്ചക്കറി കൃഷി നടപ്പാക്കാനായി അഗ്രിഫോട്ടോ വോള്‍ട്ടായിക് രീതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഈയിടെ നടപ്പാക്കിയിരുന്നു. ഇതുവരെ 90 മെട്രിക് ടണ്‍ ജൈവ പച്ചക്കറി, കാര്‍ഗോ ടെര്‍മിനലിനടുത്തുള്ള പ്രധാന പ്ലാന്റില്‍നിന്ന് ലഭിച്ചിട്ടുണ്ട്.

 

Latest News