Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വർക്കല ഭൂമിയിടപാട്: സബ്കലക്ടർ  ദിവ്യ എസ്. അയ്യരെ സ്ഥലം മാറ്റി

തിരുവനന്തപുരം- വർക്കല ഭൂമിയിടപാടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സബ്കലക്ടർ ദിവ്യാ എസ്.അയ്യർക്ക് സ്ഥാനചലനം. തദ്ദേശ ഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായാണ് പുതിയ നിയമനം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
പകരം ഫോർട്ട് കൊച്ചി സബ് കലക്ടർ ഇമ്പാ ശേഖറിനെ തിരുവനന്തപുരം സബ്കലക്ടറായി നിയമിക്കും. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ 27 സെന്റ് സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകിയെന്നായിരുന്നു ആരോപണം. വർക്കല അയിരൂരിൽ ലിജി എന്ന വ്യക്തിയാണ് ഭൂമി കൈവശം വെച്ചിരുന്നത്. ദിവ്യാ എസ്.അയ്യരുടെ ഭർത്താവായ കെ.എസ് ശബരീനാഥൻ എം.എൽ.എയുടെ പിതാവ് ജി. കാർത്തികേയന്റെ ഗൺമാനായിരുന്ന വ്യക്തിയുടെ ബന്ധുവാണ് ലിജി.
ലിജി കൈവശം വെച്ചിരുന്ന ഭൂമി സർക്കാർ ഭൂമിയെന്ന് കാണിച്ച് തഹസിൽദാർ ഏറ്റെടുത്തു. ഈ നടപടിയാണ് സബ്കലക്ടറായിരുന്ന ദിവ്യാ എസ്. അയ്യർ റദ്ദാക്കിയത്. സംഭവം വി. ജോയ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചു. തുടർന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. ദിവ്യാ എസ്.അയ്യരുടെ നടപടി റവന്യൂ വകുപ്പ് റദ്ദാക്കിയിരുന്നു. മാത്രമല്ല സംഭവം ലാൻഡ് റവന്യൂ കമ്മീഷണർ അന്വേഷിക്കുകയാണ്.
കാട്ടാക്കട മണ്ണൂർക്കര വില്ലേജിലെ പഞ്ചായത്ത് ചന്തഭൂമി സ്വകാര്യ വ്യക്തിക്കു പതിച്ചു നൽകിയെന്നും ദിവ്യാ എസ്.അയ്യർക്കെതിരെ ആരോപണം ഉയർന്നിരുന്നു. മണ്ണൂർക്കര അഫ്‌സൽ മൻസിലിൽ എസ്. നസീറിനാണ് ഭൂമി പതിച്ചു നൽകിയെന്ന വിവാദം ഉയർന്നത്. അരക്കോടിയിലേറെ വില വരുന്ന പത്തു സെന്റ് പുറമ്പോക്കു ഭൂമിയാണ് ആറു ലക്ഷം രൂപക്ക് പതിച്ചു നൽകിയത്.
 

Latest News