Sorry, you need to enable JavaScript to visit this website.

പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ ബി.ജെ.പി സസ്പെൻഡ് ചെയ്തു

നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ

ന്യൂദൽഹി- പ്രവാചക നിന്ദ നടത്തി വിവാദം സൃഷ്ടിച്ച പാർട്ടി വക്താവ് നൂപുർ ശർമയെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്  സസ്പെൻഡ് ചെയ്തു. വിവിധ കാര്യങ്ങളിൽ അവരുടെ വീക്ഷണങ്ങൾ പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 
പാർട്ടിയുടെ ദൽഹി മീഡിയ തലവൻ നവീൻ കുമാർ ജിൻഡാലിനെ ബി.ജെ.പിയിൽനിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ  വീക്ഷണങ്ങൾ സാമുദായിക സൗഹാർദം തകർക്കുന്നതും പാർട്ടിയുടെ അടിസ്ഥാന വിശ്വാസങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജിൻഡാലിനെതിരായ നടപടിയെന്ന്
ബി.ജെ.പി  ദൽഹി പ്രസിഡന്റ് ആദേശ് ഗുപ്ത  പറഞ്ഞു.
വിവിധ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങൾ  പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത് ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്നും പാർട്ടിയുടെ അച്ചടക്ക സമിതി നൂപുർ ശർമ്മയ്ക്ക് നൽകിയ നോട്ടീസിൽ  പറയുന്നു.
കൂടുതൽ അന്വേഷണം നടത്തുന്നതുവരെ പാർട്ടിയിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്യുന്നതായാണ് ബിജെപിയുടെ കേന്ദ്ര അച്ചടക്ക സമിതി മെമ്പർ സെക്രട്ടറി ഓം പഥക് നൽകിയ കത്തിൽ പറയുന്നത്.

 ടിവി വാർത്താ ചർച്ചയ്ക്കിടെ നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളെ പാർട്ടി അംഗീകരിക്കുന്നില്ലെന്ന്  വ്യക്തമാക്കി മണിക്കൂറുകൾക്ക് ശേഷമാണ്  അവർക്കെതിരെ നടപടി സ്വീകരിച്ചത്. നൂപുർ ശർമയുടെ പരാമർശത്തിലുള്ള പ്രതിഷേധം ഉത്തർപ്രദേശിലെ കാൺപൂരിൽ സംഘർഷത്തിനു കാരണമായിരുന്നു.
ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതിന് ബി.ജെ.പി എതിരാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗ് പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. അത്തരക്കാരെയോ ആശയത്തെയോ പാർട്ടി പ്രോത്സാഹിപ്പിക്കില്ല.

വെള്ളിയാഴ്ച കാൺപൂർ നഗരത്തിലെ പരേഡ് ചൗക്ക് ഏരിയയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ ഉൾപ്പെട്ട മൊത്തം 29 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ എല്ലാ പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പ്രാദേശിക മുസ്ലീം നേതാവ് ഹയാത്ത് സഫർ ഹാഷ്മിയാണ് അക്രമത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു.
ഒരു ടിവി വാർത്താ ചർച്ചയ്ക്കിടെ ബിജെപി വക്താവ് നൂപൂർ ശർമ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മൗലാന മുഹമ്മദ് ജൗഹർ അലി ഫാൻസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് കൂടിയായ ഹയാത്ത് സഫർ ഹാഷ്മി ബന്ദിന് ആഹ്വാനം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള കല്ലേറിലേക്കും സംഘർഷത്തിലേക്കും നയിച്ചു. സംഭവത്തിൽ ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 39 പേർക്ക് പരിക്കേറ്റു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കലാപത്തിനും അക്രമത്തിനും  1000 പേർക്കെതിരെ മൂന്ന് എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്ത് അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും.
പ്രതികളിൽ നിന്ന് കണ്ടെടുത്ത ആറ് മൊബൈലുകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. അതേസമയം, മേഖലയിലെ കടകൾ ഞായറാഴ്ച തുറന്നു. പോലീസ് പട്രോളിംഗ് തുടരുകയാണ്.

Latest News