VIDEO മുസ്ലിം യുവാവിന്റെ ഗുദത്തില്‍ ദണ്ഡ് കയറ്റി, ഷോക്കേല്‍പിച്ചു, പോലീസുകാര്‍ക്കെതിരെ കേസ്

ലഖ്‌നൗ- പശുകശാപ്പ് സംശയിച്ച് ആളു മാറി അറസ്റ്റ് ചെയ്ത മുസ്ലിം യുവാവിനെ പോലീസ് ക്രൂരമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശില ബുഡൗണ്‍ ജില്ലയിലാണ് സംഭവം. നാല് കോണ്‍സ്റ്റബിള്‍മാര്‍ക്കും അജ്ഞാതരായ രണ്ട് പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ആലപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കക്രല പ്രദേശത്ത് താമസിക്കുന്ന 22 കാരനായ പച്ചക്കറി കച്ചവടക്കാരനെയാണ്  ഗോവധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് പിടികൂടിയിരുന്നത്.
സബ് ഇന്‍സ്‌പെക്ടര്‍ സത്യപാലിന്റെ നേതൃത്വത്തില്‍ പോലീസ് മകന്റെ ഗുദത്തില്‍ ദണ്ഡ് കയറ്റിയാതായും പലതവണ വൈദ്യുതാഘാതം ഏല്‍പിച്ചതായും യുവാവിന്റെ മാതാവ് പരാതിപ്പെട്ടു.
രാത്രി മുഴുവന്‍ പോലീസ് മര്‍ദ്ദിച്ചുവെന്നും ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന് മനസ്സിലാക്കി  100 രൂപ നല്‍കിയാണ് വിട്ടയച്ചതെന്നും യുവാവിന്റെ സഹോദരീ ഭര്‍ത്താവ് പറഞ്ഞു.
രണ്ട് ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷമാണ് വിട്ടയച്ചതെന്നും അന്നുമുതല്‍ മിക്കവാറും എല്ലാ ദിവസവും യുവാവിന് അപസ്മാരം പിടിപെടുകയാണെന്നും  നില വഷളായതിനാല്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാരില്‍ ഒരാള്‍ ക്രൂരമായ പീഡനം സ്ഥിരീകരിച്ചു. യുവാവിന്റെ നാഡീവ്യവസ്ഥയെ ബാധിച്ചിരിക്കയാണെന്നും ഷോക്ക് കാരണമാകാം ഇതെന്നും  ഡോക്ടര്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിനൊടുവില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ കേസെടുത്തത്.
കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായി സിറ്റി പോലീസ് സൂപ്രണ്ട് പ്രവീണ്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. പക്ഷപാതരഹിതമായ അന്വേഷണവും യുവാവിന്റെ കുടുംബത്തിന് പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. യുവാവിന് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News