കോട്ടയം- ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയം മണർകാടെ മാലം ചിറയില്‍ അര്‍ച്ചന രാജിന്റെ (24) മരണത്തിൽ ഭർത്താവ് ബിനുവാണ് അറസ്റ്റിലായത്. സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബിനുവിനെ അറസ്റ്റ് ചെയ്തത്.
ഏപ്രിൽ മൂന്നിനാണ് അർച്ചന രാജുവിനെ ഭർതൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് അര്‍ച്ചനയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബിനു നിരന്തരം അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ ആരോപിച്ചിരുന്നു. വ്യാപാര സ്ഥാപനം വിപുലപ്പെടുത്താനായി 25 ലക്ഷം രൂപയാണ് ബിനു അര്‍ച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്. പലഘട്ടങ്ങളിലായി പണം നല്‍കിയെങ്കിലും കൂടുതല്‍ പണം ചോദിച്ച് ബിനു ഭാര്യയെ ഉപദ്രവിച്ചിരുന്നതായും പറയുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മൂന്നു വർഷം മുൻപാണ് അർച്ചനയും ബിനുവും വിവാഹിതരായത്. ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. കിടങ്ങൂര്‍ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ് അർച്ചന.