ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീഡിയോ പുറത്തുവിട്ട് ബി.ജെ.പി എം.എൽ.എ; നടപടി വിവാദമായി

ഹൈദരാബാദ്- തെലങ്കാനയിൽ പതിനേഴുകാരിയെ അഞ്ച് പ്രതികൾ ചേർന്ന് കാറിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ബിജെപി എംഎൽഎ  എം. രഘുനന്ദൻ റാവു പുറത്തുവിട്ട നടപടി വിവാദമായി. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുയർന്നു.

എംഎൽഎയുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തുവന്ന കോൺഗ്രസ് പ്രതികളെ രക്ഷിക്കാൻ ടിആർഎസ്-എംഐഎമ്മിന്റെ നിർദേശപ്രകാരം എം.എൽ.എ  പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചു.

തെലങ്കാനയിലെ ഒരു എം‌എൽ‌എയുടെ മകൻ പെൺകുട്ടിയോടൊപ്പം കാറിലുള്ള  ചില ഫോട്ടോകളും വീഡിയോകളുമാണ് ബി.ജെ.പി എംഎൽഎ പുറത്തുവിട്ടത്. എം‌.ഐ‌.എം എം.എൽ.എയുടെ മകനെ ക്ലീൻ ചിറ്റ് നൽകി പോലീസ് സംരക്ഷിക്കുന്നതിന്റെ തെളിവുകളാണ് താൻ പരസ്യമാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇന്നോവയിലാണ് ലൈംഗികാതിക്രമം നടന്നതെന്ന പോലീസ് വാദത്തെ ചോദ്യം ചെയ്ത അദ്ദേഹം ചുവപ്പ് നിറത്തിലുള്ള മെഴ്‌സിഡസ് കാറിലാണ് ലൈംഗികാതിക്രമം നടന്നതെന്ന് പറഞ്ഞു. ഇതിന്റെ  വീഡിയോ കാണിക്കുകയും ചെയ്തു. എംഎൽഎയുടെ മകൻ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇരയുടെ സമ്മതത്തോടെയാണെങ്കിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്ന പോക്‌സോക്കു  കീഴിൽ നിലനിൽക്കില്ലെന്നും അദ്ദേഹം വാദിച്ചു.

കൂടുതൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും നടപടിയെടുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടാൽ ഉചിതമായ സമയത്ത് കോടതിയിൽ ഹാജരാക്കുമെന്നും ദുബ്ബാക്കിൽ നിന്നുള്ള നിയമസഭാംഗവും അഭിഭാഷകനുമായ രഘുനന്ദൻ റാവു പറഞ്ഞു.

മെയ് 28 ന് കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ  മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് എം.എ ഫോട്ടോഗ്രാഫുകളും വീഡിയോകളും പുറത്തുവിട്ടത്.രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്,

 ജൂബിലി ഹിൽസിലെ ഒരു പബ്ബിൽ ഡേ ടൈം പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിക്ക് പ്രതി ലിഫ്റ്റ് വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് സംഭവം. ഇരയുടെ മൊഴിയും ശേഖരിച്ച സാങ്കേതിക തെളിവുകളും എംഎൽഎയുടെ മകന് കുറ്റകൃത്യത്തിൽ പങ്കില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജോയൽ ഡേവിസ് പറഞ്ഞു. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ എന്തെങ്കിലും വിവരം ലഭിച്ചാൽ മറ്റുള്ളവരുടെ പങ്ക് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കയാണ്. പ്രതി ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാവിന്റെ മകനായതിനാൽ, കേസ് രജിസ്റ്റർ ചെയ്യുന്നത് വൈകുന്നത് മറച്ചുവെക്കലിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ടിആർഎസിന്റെ സഖ്യകക്ഷിയായ  മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എം.ഐ.എം) എംഎൽഎയുടെ മകൻ ഉൾപ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായും അവർ ആരോപിച്ചു.

ബിജെപിയും കോൺഗ്രസും കഴിഞ്ഞ രണ്ട് ദിവസമായി പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച പോലീസ് സ്‌റ്റേഷനിൽ സമരം നടത്തിയതിന് ശേഷമാണ് സർക്കാർ നടപടിയിലേക്ക് നീങ്ങിയതെന്ന് ബി.ജെ.പി അവകാശപ്പെട്ടു.

എന്നാൽ, സുപ്രീം കോടതി ഉത്തരവുകൾ ലംഘിച്ച് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തി ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടതിന് ബിജെപി എംഎൽഎയ്‌ക്കെതിരെ ടിആർഎസും, കോൺഗ്രസും  മറ്റ് പാർട്ടികളും രംഗത്തുവന്നു.

ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നെറ്റിസൺസ് എംഎൽഎക്കെതിരെ ആഞ്ഞടിച്ചു.എം.എൽ.എയെ പോലീസ് അറസ്റ്റ് ചെയ്യണമെന്നാ ആവശ്യം.

ബലാത്സംഗ ഇരയുടെ ഐഡന്റിറ്റി സംരക്ഷിക്കപ്പെടണമെന്നത് സാമാന്യബുദ്ധിയും സുപ്രീം കോടതി നിർദ്ദേശവുമാണ്.  അഭിഭാഷകനും ബിജെപി എംഎൽഎയുമായ രഘുനന്ദൻ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ വീഡിയോ പുറത്തുവിട്ടത്  വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയാണോയെന്ന് തെലങ്കാനയിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ ട്വിറ്ററിൽ ചോദിച്ചു.

Latest News