അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന  നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി-  ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയില്‍ പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കുക. കുട്ടി മുദ്രാവാക്യം വിളിച്ച പി എഫ് ഐ പ്രകടനത്തിന്റെ സംഘാടകന്‍ എന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 31 ആയി. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരന്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയെ പഠിപ്പിച്ചത് കേസിലെ ഇരുപത്തിയാറാം പ്രതി സുധീറാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീര്‍. കുട്ടിയുടെ പിതാവ് അസ്‌കറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുധീര്‍. ഇയാള്‍ അസ്‌കറിന്റെ പള്ളുരുത്തിയിലെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നുവെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ അച്ഛന്‍ അസ്‌കറും പഠിപ്പിച്ചിരുന്നു. റാലിക്കിടെ കുട്ടി മുഴക്കിയ വിദ്വേഷ മുദ്രാവാക്യം അസ്‌കര്‍ ഏറ്റുചൊല്ലിയിരുന്നു.
 

Latest News