Sorry, you need to enable JavaScript to visit this website.

തട്ടിപ്പിനു പ്രതിശ്രുത വരനെ പിടികൂടിയ  വനിത എസ്‌ഐയും അതേ കേസില്‍ ജയിലില്‍

ഗുവാഹതി-പ്രതിശ്രുത വരനെ തട്ടിപ്പുകേസില്‍ പിടികൂടിയ അസം പോലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭ അതേ കേസില്‍ അറസ്റ്റില്‍. പ്രതിശ്രുത വരനുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. അസമിലെ നാഗണ്‍ ജില്ലയില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന രാഭയെ കഴിഞ്ഞ രണ്ടു ദിവസമായി ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രതിശ്രുതവരന്‍ പൊഗാഗ്, രാഭയെ പരിചയപ്പെടുത്തുകയും അതുവഴി വിശ്വാസം നേടിയെടുത്ത ശേഷം കരാറുകാരെ വഞ്ചിക്കുകയും ചെയ്തതായാണ് പരാതി. കരാറും ആളുകള്‍ക്കു ജോലിയും നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പൊഗാഗ് കബളിപ്പിച്ചെന്നാണു രാഭ കുറ്റപത്രം നല്‍കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും മജൂലി ജയിലില്‍ അടയ്ക്കുകയും ചെയ്തു.
'ലേഡി സിങ്കം', 'ദബാങ് പോലീസ്' എന്നീ പേരുകളില്‍ അറിയപ്പെടുന്ന രാഭയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയരുകയായിരുന്നു. രാഭയെ മജൂലി ജില്ലാ ജയിലില്‍ അടച്ചു. 2021 ഒക്ടോബറിലാണ് പൊഗാഗുമായി രാഭയുടെ വിവാഹനിശ്ചയം നടന്നത്. 2022 നവംബറില്‍ ഇവരുടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നു. നേരത്തേ, ബിഹ്പുരിയാ എംഎല്‍എ അമിയ കുമാര്‍ ഭൂയനുമായി രാഭ നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ന്നതു വിവാദമായിരുന്നു.
 

Latest News