Sorry, you need to enable JavaScript to visit this website.

ജന്മസായൂജ്യം ഹജ്;  ഹാജിമാരെ വരവേൽക്കാൻ സൗദി സജ്ജം

ഇതാദ്യമായി ഇന്ത്യൻ ഹജ് മിഷൻ മലയാളത്തിലും ഹജ് ഗൈഡ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ജിദ്ദയിൽ ഇന്ത്യൻ ഹജ് മിഷന് നേതൃത്വം നൽകുന്ന കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ് കോൺസലുമായ വൈ. സാബിറും ഹജ് നിർവഹിക്കാൻ എത്തുന്ന ഹാജിമാർക്ക് സ്വാഗതവും അനുമോദനവും നേർന്നുകൊണ്ടാണ് ഗൈഡ് ആരംഭിക്കുന്നത്. ഹാജിമാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഹജ് ഗൈഡ്. 

 

ഹജ് തീർഥാടകരെ വരവേൽക്കാൻ സൗദി അറേബ്യയും ഹാജിമാരെ യാത്രയാക്കാൻ വിവിധ രാജ്യങ്ങളും തയാറെടുപ്പുകൾ തകൃതിയായി നടത്തുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും കടുത്ത നിയന്ത്രണങ്ങൾക്കു വിധേയമായി പരിമിതമായി മാത്രമായിരുന്നു ഹജ്. ആ നിയന്ത്രണങ്ങളെല്ലാം നീക്കി ഈ വർഷം എല്ലാ രാജ്യത്തുനിന്നുമുള്ള ഹാജിമാരെയും സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് സൗദി. ഈ വർഷം പത്തു ലക്ഷം ഹാജിമാർക്ക് അനുമതി നൽകുമെന്നാണ് ഹജ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. കോവിഡിന് മുൻപുള്ള വർഷം 25 ലക്ഷത്തോളം തീർഥാടകരാണ് ഹജ് നിർവഹിച്ചത്. കോവിഡ് പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിലും ഹാജിമാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയുമാണ് എണ്ണത്തിൽ കുറവു വരുത്തിയിട്ടുള്ളത്. രണ്ടു വർഷത്തെ ഇടവേള ഹജ് കർമങ്ങൾ നടക്കുന്നിടങ്ങളിൽ ഉണ്ടാക്കിയ കുറവുകൾ തീർത്ത് പുണ്യ കേന്ദ്രങ്ങളെ മുൻപെന്നത്തേക്കാളും കൂടുതൽ ഭംഗിയും സൗകര്യവുമുള്ളവയാക്കാനുള്ള ഒരുക്കങ്ങളാണ് നടന്നു വരുന്നത്. 


എത്ര ഹാജിമാരെ അയക്കാൻ കഴിയുമെന്ന അറിയിപ്പ് പതിവിലും വൈകി ലഭിച്ചതിനാൽ ഓരോ രാജ്യവും ഹാജിമാരെ അയക്കുന്നതിനായുള്ള തയാറെടുപ്പുകളും വൈകിയാണ് ആരംഭിച്ചത്. കുറഞ്ഞ സമയത്തിനിടയിലാണെങ്കിലും ലഭിച്ച ക്വാട്ട പരമാവധി പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പുകൾ ഓരോ രാജ്യവും നടത്തുകയും ഹാജിമാരുടെ യാത്ര അടുത്ത ദിവസങ്ങളിൽ തുടങ്ങാനുള്ള നടപടികൾ സ്വീകരിച്ചു വരികയുമാണ്. ഹാജിമാർ എത്തുന്നതോടെ പുണ്യനഗരികളായ മക്കയും മദീനയും തീർഥാടകരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വാണിജ്യ, ഗതാഗത, ഹോട്ടൽ, സർവീസ് മേഖലകൾക്ക് അതു ഉണർവേകും. സാമ്പത്തിക മേഖലക്ക് അതു കരുത്ത് പകരും. നിശ്ചലമായിരുന്ന ഹജ് സന്നദ്ധ സേവന സംഘടനകളും സജീവമാകാൻ തുടങ്ങി. അവരുടെ വളണ്ടിയർമാരെ സന്നദ്ധമാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റികൾ പുന-ഃസംഘടിപ്പിക്കലും വളണ്ടിയർ രജിസ്‌ട്രേഷനുകളും ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിൽനിന്ന് ഈ വർഷം സ്വകാര്യ ഗ്രൂപ്പ് ഹാജിമാരുൾപ്പെടെ 80,000 തീർഥാടകരാണ് എത്തുന്നത്. അവരുടെ ഹജ് ആയാസ രഹിതവും സുഗമവുമാക്കുന്നതിന് ഇന്ത്യൻ ഹജ് മിഷനും തിരക്കിട്ട ഒരുക്കങ്ങളിലാണ്. അതിന്റെ ഭാഗമായി വിവിധ ഭാഷകളിൽ ഹജ് ഗൈഡ് വീഡിയോ പുറത്തിറക്കി. ഇതാദ്യമായി മലയാളത്തിലും ഹജ് ഗൈഡ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. 


ജിദ്ദയിൽ ഇന്ത്യൻ ഹജ് മിഷന് നേതൃത്വം നൽകുന്ന കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ് കോൺസലുമായ വൈ. സാബിറും ഹജ് നിർവഹിക്കാൻ എത്തുന്ന ഹാജിമാർക്ക് സ്വാഗതവും അനുമോദനവും നേർന്നുകൊണ്ടാണ് ഗൈഡ് ആരംഭിക്കുന്നത്. ഹാജിമാർക്ക് ഏറെ പ്രയോജനപ്പെടുമെന്നതിനാൽ ഹജ് ഗൈഡിന്റെ സംക്ഷിപ്ത രൂപം ഇവിടെ ചേർക്കുകയാണ്. തീർഥാടകർ ഹജിനായി പുറപ്പെടുന്നതിനു മുൻപു സ്വീകരിക്കേണ്ട തയാറെടുപ്പുകളും ഒരുക്കങ്ങളും മുതൽ മടങ്ങി നാട്ടിൽ എത്തുന്നതുരെ പാലിക്കേണ്ട നിർദേശങ്ങളാണ് ഹജ് ഗൈഡിലുള്ളത്. ഹാജിമാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഹജ് ഗൈഡ് തയാറാക്കിയ ഇന്ത്യൻ ഹജ് മിഷൻ അഭിനന്ദിനമർഹിക്കുന്നു. 
ഹജിനു പുറപ്പെടുന്നതിനു മുന്നോടിയായി ഹാജിമാർ ആരോഗ്യം കാത്തു സൂക്ഷിക്കുകയും വ്യായാമ മുറകൾ ശീലിക്കുകയും വേണം. ഹജ് വേളയിൽ ദീർഘ നടത്തം ആവശ്യമായതിനാൽ കാൽനട യാത്ര പതിവാക്കുകയും സോക്‌സും മാസ്‌കും ധരിച്ചുള്ള നടത്തം ശീലമാക്കുകയും വേണം. ആരോഗ്യ സംരക്ഷണത്തിന് പഴവർഗങ്ങൾ ഉൾപ്പെടെ നല്ല ഭക്ഷണം കഴിക്കണം. ലഗേജ് തയാറാക്കുമ്പോൾ ലഗേജിനു മുകളിൽ കവർ നമ്പർ ഉൾപ്പെടെ പൂർണമായ വിലാസം എഴുതണം. മക്കയിലേക്കാണ് പോകുന്നതെങ്കിൽ ഇഹ്‌റാം വേഷത്തിലും മദീനയിലേക്കാണെങ്കിൽ സാധാരണ വേഷത്തിലുമാണ് യാത്രയാവേണ്ടത്. മക്ക, മദീന വിമാനത്താവളങ്ങളിൽ ഇറങ്ങിയ ശേഷം ഹജ് കമ്മിറ്റി നൽകിയ സിം കാർഡ് മൊബൈലിൽ ഇട്ട് അക്ടിവേറ്റ് ചെയ്യുക. കൈയിൽ കരുതുന്ന പഴ്‌സ് ഭദ്രമായി സൂക്ഷിക്കുകയും അതിൽ നിങ്ങളുടെ മേൽവിലാസവും ഫോൺ നമ്പറുകളും എഴുതി വെക്കുകയും ചെയ്യുക. വിമാനത്താവളത്തിലിറങ്ങി ജിദ്ദയിലാണെങ്കിൽ പാസ്‌പോർട്ട് ഹജ് സേവനത്തിനായുള്ള മുഅല്ലിം പ്രതിനിധികളെയും മദീനയിലാണെങ്കിൽ മഖ്തബുൽ ഹിന്ദ് ഏജൻസിയെയും ഏൽപിക്കുക. മടങ്ങിപ്പോകും നേരം ഇവർ പാസ്‌പോർട്ടുകൾ വിമാനത്താവളത്തിൽവെച്ച് തിരിച്ചേൽപിക്കും. വിമാനമിറങ്ങുന്നവർ ലഗേജ് വിമാനത്താവളത്തിലുള്ള മഖ്തബുൽ വുഖല ഏജൻസിക്ക് കൈമാറണം. അവർ ലഗേജ് നിങ്ങളുടെ താമസ സ്ഥലത്ത് എത്തിച്ചു നൽകും. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽനിന്ന് ബസ് മാർഗമായിരിക്കും ഹാജിമാരെ അവരുടെ താമസ സ്ഥലത്തേക്കു കൊണ്ടുപോവുക. മദീനയിലെ എട്ടു ദിവസത്തെ താമസ ശേഷം മക്കയിലേക്ക്  പോകുംനേരം മദീനയിലെ താമസ സ്ഥലത്തുവെച്ച് ഇഹ്‌റാമിൽ പ്രവേശിച്ചാൽ മതി. മക്കയിൽ 25 ദിവസവും മദീനയിൽ എട്ടു ദിവസവുമാണ് എല്ലാ ഹാജിമാരും തങ്ങുന്നത്. 

തീർഥാടകരുടെ എല്ലാ വിവരങ്ങളും അടങ്ങിയ കാർഡുകളും ഹജ് കമ്മിറ്റി നാട്ടിൽനിന്നു നൽകിയ വളയും അഴിച്ചുവെക്കാതെ സദാസമയം അണിയണം. താമസിക്കുന്നിടങ്ങളിൽ എത്തിയാലുടൻ അവരവരുടെ ലഗേജുകൾ ഉറപ്പു വരുത്തണം. എല്ലാ ഹാജിമാരുടെയും കവർ നമ്പർ അടക്കമുള്ള വിവരങ്ങൾ താമസ സ്ഥലത്തെ റൂമിന്റെ വാതിലിൽ ഉണ്ടാകുമെന്നതിനാൽ താമസ സ്ഥലം കണ്ടെത്താൻ എളുപ്പമാണ്. റൂം വൃത്തിയായി സൂക്ഷിക്കുകകയും നിശ്ചയിക്കപ്പെട്ട റൂമിൽ തന്നെ താമസിക്കുകയും വേണം.  ഹറമിലേക്ക് പോകുമ്പോൾ വിലപിടിപ്പുള്ള സാധങ്ങൾ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കന്നതാണ് നല്ലത്. വലിയ സംഖ്യ കൂടെ കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുകയും ഒറ്റക്കുള്ള ടാക്‌സി യാത്ര ഒഴിവാക്കുകയും ചെയ്യുക. ബലി കർമത്തിനുള്ള പൈസ മറ്റാരെയും ഏർപിക്കാതെ ബ്രാഞ്ച് ഓഫീസിൽ നൽകി ഐഡിബിയുടെ അദായി കൂപ്പൺ കരസ്ഥമാക്കുക. അസീസിയയിൽ താമസിക്കുന്നവർക്ക് ഹറമിലേക്കു പോകാൻ ബസ് സൗകര്യമുണ്ടാവും. ബസിൽ പോകുമ്പോൾ ബസ് നമ്പറും ബസ് സ്റ്റേഷൻ നമ്പറും ഹറമിലേക്ക് പ്രവേശിക്കുന്ന സമയം വാതിലിന്റെ നമ്പറും നിറവും ഓർത്തുവെക്കണം. കയറിയ വാതിലിലൂടെ തന്നെ പുറത്തിറങ്ങാനും ശ്രമിക്കണം.  സ്ത്രീകളുണ്ടെങ്കിൽ വഴി തെറ്റിയാൽ ഉംറ കഴിഞ്ഞ ശേഷം വന്നു നിൽക്കേണ്ട പ്രത്യേക സ്ഥലം ഉംറ തുടങ്ങുന്നതിനു മുൻപു തന്നെ അടയാളപ്പെടുത്തുകയും അതു പ്രകാരം ചെയ്യുകയും ചെയ്യുക.  മൊബൈൽ ഫോൺ എപ്പോഴും കൈയിലുണ്ടാവാൻ ശ്രദ്ധിക്കണം. 


മിനായിൽ താമസിക്കുമ്പോൾ ഇഷ്ട ഭക്ഷണം കിട്ടാനിടയില്ലാത്തതിനാൽ പഴവർഗങ്ങളും ഉണക്ക പഴങ്ങളും സൂക്ഷിക്കുന്നത് നല്ലതാണ്. ദുൽഹജ് ഏഴിന് വൈകുന്നേരം മുഅല്ലിമിന്റെ നിർദേശാനുസരണമായിരിക്കണം മിനാ യാത്ര. മിനായിൽ ടെന്റുകളിലാവും താമസം. ആവശ്യത്തിനുള്ള മരുന്നും സാധനങ്ങളും മാത്രം എടുക്കുക. എട്ടിന് രാത്രി ട്രെയിൻ മാർഗം അറഫയിലേക്കുള്ള യാത്ര ആരംഭിക്കും. ട്രെയിൻ സൗകര്യം ലഭിച്ചവർ അവർക്കു ലഭിച്ച സ്റ്റേഷൻ നമ്പറിൽനിന്നു തന്നെ കയറുക. മെട്രോ സ്‌റ്റേഷൻ പരിധിക്കു പുറത്തു മിനായിൽ താമസിക്കുന്നവർക്ക് അറഫയിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തും. അറഫയിൽനിന്ന് മുസ്ദലിഫയിലേക്കുള്ള മടക്കവും ട്രെയിനിലാണ്. മുസദലിഫയിൽ റെയിൽവേ സ്റ്റേഷന് അടുത്ത് രാപ്പാർക്കാൻ ശ്രദ്ധിക്കുക. മുസ്ദലിഫയിൽനിന്ന#് തിരിച്ച് മിനായിൽ എത്തിയ ശേഷം മുഅല്ലിമിന്റെ നിർദേശാനുസരണം അനുവദിക്കപ്പെട്ട സമയത്തു മാത്രം കല്ലേറ് കർമത്തിനു കൂട്ടമായി ജംറയിലേക്ക് പോവുക. മുസ്ദലിഫയിൽനിന്ന് കല്ലുകൾ ശേഖരിക്കുക.  ദുൽഹജ് പത്തിന് മിനായിൽ എത്തിയ ശേഷം വലിയ ജംറയിൽ കല്ലെറിയുകയു ശേഷം ബലിയിർപ്പിക്കുകയും മുടിവെട്ടുകയും ചെയ്ത ശേഷം ഇഹ്‌റാമിൽനിന്ന് തഹല്ലുൽ ആകേണ്ടതാണ്. മിനായിലെ താമസത്തിനിടെ മൂന്നു ദിവസം കല്ലെറിയുകയും ഇടക്ക് ഹറമിലെത്തി തവാഫ് ചെയ്യുകയും ചെയ്യുക. മിനായിൽനിന്ന് മക്കയിലേക്ക് വരാൻ ജംറക്ക് അടുത്ത് നിന്ന സാപ്റ്റ്‌കോ ബസ് ലഭിക്കും.  12 നോ 13 നോ മിനായിൽനിന്ന് താമസ സ്ഥലത്തേക്കു പോകാൻ മുഅല്ലിം സൗകര്യപ്പെടുത്തുന്ന ബസിനായി കാത്തു നിൽക്കണം. മക്കയിൽനിന്ന് യാത്ര പറയുന്നതിനു മുൻപ് എല്ലാ തീർഥാടകരും വിടവാങ്ങൽ തവാഫ് നിർവഹിക്കണം. 


നാട്ടിലേക്കു പോകുന്നവർ വിമാന സമയത്തിന്റെ 30 മണിക്കൂർ മുൻപെ അനുവദിക്കപ്പെട്ട 46 കിലോ ലഗേജ് തയാറാക്കി വെക്കണം. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപെ വിമാനത്താവളത്തിലേക്ക് ലഗേജ് കൊണ്ടുപോകും. വിമാനത്താവളത്തിലേക്കു പോകുമ്പോൾ തീർഥാടകരുടെ കൈവശം ഏഴു കിലോ ഹാന്റ് ബാഗേജ് മാത്രമേ അനുവദിക്കൂ. സംസം ഇന്ത്യയിലെ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ അവിടെ നിന്നു ലഭിക്കും. ഈ നിർദേശങ്ങൾ പാലിച്ചും അധികൃതരുടെ ഭാഗത്തുനിന്നുള്ള അപ്പപ്പോഴുള്ള അറിയിപ്പുകൾ അനുസരിച്ചുമായിരിക്കണം ഹാജിമാർ ഹജ് നിർവഹിക്കേണ്ടത്. സൗദിയിലെത്തുന്ന ഓരോ ഹാജിമാർക്കും അവർ മടങ്ങിപ്പോകുന്നതുവരെ സേവനം നൽകാൻ ഇന്ത്യൻ ഹജ് മിഷൻ ഉദ്യോഗസ്ഥർക്കു പുറമെ വിവിധ സംഘടകളുടെ സന്നദ്ധ പ്രവർത്തകരും സന്നദ്ധമായി രംഗത്തുണ്ടാവും. 

Latest News