മിന്നും വിജയം സമ്മാനിച്ചത് ഇടതുപക്ഷം

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ ഭരണാധികാരികൾക്ക് കഴിയണം. അവരാണ് ചാണക്യന്റെ പിന്മുറക്കാർ. കാലത്തിനൊത്ത ചില ഘടകങ്ങൾ കൊണ്ടുവരിക വഴി ഒരളവോളം ജനങ്ങളുടെ വികാരങ്ങളെ ഉദ്ദീപിപ്പിക്കാൻ കഴിയും. സമർത്ഥമായി ആ വേലകൾ പിണറായിയുടെ സ്വന്തം വാർ ഗ്രൂപ്പ് ചെയ്തതിന്റെ ഫലമായാണ് ക്യാപ്റ്റനെന്ന ഓമനപ്പേരൊക്കെ. അതുപോലെ ഒന്നാം സ്ഥാനാവകാശ വാദവും. എന്നാൽ സത്യത്തിൽ ഇടത് ഭരണം ജനകീയമായിരുന്നോ? അത് പരിശോധിക്കുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിൽ കടന്നുപോയത്. ജനം തെരഞ്ഞു, പറഞ്ഞതും ചെയ്തതും തമ്മിലെ പൊരുളും പതിരും. അതാണ് തെരഞ്ഞെടുപ്പ് ഫലം. ജനം മുന്നോട്ട് വെക്കുന്ന ആശങ്കകൾ, അതുപോലെ ഭാവി കേരളം അപകടത്തിലാകുമെന്ന തിരിച്ചറിവുകൾ തിരിഞ്ഞു കുത്തിയതാണ് ജനവിധി. പഠിക്കാൻ ഏറെയുള്ളതും ഭരണകൂടത്തിന് തന്നെ.
ജനാധിപത്യത്തിൽ ഭരണകൂടം അനുഭവത്തിലൂടെ പാഠം ഉൾക്കൊള്ളണം. അതിന്റെ മാറ്റൊലിയാണ് പിന്നീട് കാണേണ്ടത്. അത് സംഭവിക്കുന്നില്ലെങ്കിൽ തീർച്ചയായും വലിയ പരാജയങ്ങൾ വഴിയിലുണ്ടെന്നതാണ് ഓർത്തുവെക്കേണ്ടത്. ഇടതുപക്ഷമാകുമ്പോൾ വിശേഷിച്ചും. കരുതലിന്റെ മുദ്രാവാക്യമാണ് ഇടതുപക്ഷമെന്ന വാക്ക്. ആ ആശകളിൽ മാറാല വീഴ്ത്തിയിട്ടുണ്ട് ഈ ഭരണം. ധാർഷ്ട്യമാണ്, അതിലൂടെ ഉണ്ടാകുന്ന വൈകല്യമാണ് വിലങ്ങുതടിയാകുന്നത്. കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിൽ മറ്റെന്തൊക്കെ ജനം വകവെച്ചു തന്നാലും ഭരണാധിപൻ ഏകാധിപത്യമുഖനാവുന്നത് അനർഹമായിത്തന്നെ മലയാളി കാണും. കസ്റ്റോഡിയനാണ് മുഖ്യമന്ത്രി. അല്ലാതെ, സംസ്ഥാനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ ഉടമയല്ല. അങ്ങനെ ഉടമയാണെന്നുള്ള വിചാരത്തിൽനിന്നുൽഭൂതമായ ഭാവമാണ് പിണറായി വിജയനിൽ കുറച്ചു നാളുകളായിട്ട് കണ്ടുവരുന്നത്. അത് തിരുത്താൻ നേരമായി.
ഡിജിറ്റൽ യുഗത്തിൽ ഒരു ജനത എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുമെന്ന് വിചാരിക്കരുത്. അതപരാധമാണ്. വികസനം പൊടുന്നനെ സൃഷ്ടിക്കാൻ ആവില്ലെന്നോർക്കുക. ആർക്ക്, എവിടെ, എങ്ങനെ, എത്ര ചെലവിൽ, ബാധ്യതയെത്ര തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമാവണം ആദ്യം വേണ്ടത്. അതിന് ശേഷമാണ് വികസന അജണ്ട മുന്നോട്ട് വെക്കേണ്ടത്. പ്രാഥമിക വിഷയങ്ങൾ പ്രഹേളികയായി അവശേഷിക്കേ, ഞങ്ങൾ ഭാവി തലമുറക്ക് വികസനമെത്തിക്കുകയാണ് എന്ന വായ്ത്താരി കൊണ്ടെന്ത് പ്രയോജനം? അത് കോർപറേറ്റുകൾക്ക് വേണ്ടിയല്ലെന്ന് ജനമെങ്ങനെ വിശ്വസിക്കും? പ്രശ്‌നമിതാണ്. വികാസമെന്നത് സാമൂഹിക ചൂണ്ടുപലകയാവണം. സമൂഹമെന്നത് സാർവലൗകിക സംജ്ഞയായല്ല ഭരണകൂടം കാണേണ്ടത്. അത് പ്രാദേശികമായ പ്രതലത്തിലാണ് പരിശോധിക്കേണ്ടത്. പരിശോധിക്കണം. അതിന് തൃപ്തികരവും യുക്തിയുക്തവുമായ തീർപ്പിലെത്തിയിട്ട് വേണം പങ്കാളിത്ത കച്ചവടത്തിന് മുന്നിട്ടിറങ്ങാനെന്നത് സാമാന്യേന മനസ്സിലാക്കേണ്ട തത്വമാണ്. ഈ ഭരണവും ഈ തത്വത്തെ അനുധാവനം ചെയ്യട്ടെ. തോൽപിച്ചത് തൃക്കാക്കരക്കാരാണ്. എങ്കിലും മലയാളിയുടെ പൂർണ മനസ്സ് വോട്ട് ചെയ്യുമ്പോൾ അവരോടൊപ്പം ചേർന്നിരുന്നു. അത്രക്കും രാഷ്ട്രീയവൽക്കരിച്ചൊരു ഉപതെരഞ്ഞെടുപ്പാണ് കേരളം കണ്ടത്. ജനം അവരുടെ രാഷ്ട്രീയമാണ് പരിഗണിച്ചത്, ഇടതും വലതുമൊന്നുമായിരുന്നില്ല അവർക്ക് മുഖ്യം. അതിനാൽ ഇരുചേരിയിലുള്ളവർക്കും ഈ തെരഞ്ഞെടുപ്പ് പാഠമാകേണ്ടത് ജനത്തിന്റേതാവണം ഭരണമെന്നാണ്. 

ഇങ്ങനെ പറയുന്നതിനുള്ള ന്യായങ്ങൾ എമ്പാടുമാണ്. കഴിഞ്ഞ കാലങ്ങളിലൊക്കെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയശ്രീലാളിതരായ പാരമ്പര്യമുള്ള ഇടതുപക്ഷം ആവനാഴിയിലെ സകല അസ്ത്രങ്ങളുമായാണ് ഗോദയിലേക്ക് ഇറങ്ങിയത്. പിന്നെ ഞാനും എന്ന് പറയാറുള്ളത് പോലെ പിന്നെ ക്യാപ്റ്റനും. എന്നിട്ടും വീണുവെങ്കിൽ വീണത് വിദ്യയാക്കണമെന്നാണ് പിണറായിയോട് പറയാനുള്ളത്. ഈ വിദ്യ താങ്കൾക്കുള്ളത് തന്നെയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം മുതൽ കെ. റെയിലെന്ന ഒരു വാക്ക് മിണ്ടുവാൻ നിങ്ങൾ തുനിഞ്ഞില്ല. മഞ്ഞ കുറ്റിയുമായുള്ള മരണ വണ്ടികൾ നാം കണ്ടില്ല. പോലീസിന്റെ ബൂട്ടിന്റെ ശൗര്യം ശോഷിച്ചു. ശാന്തമായ ഒരന്തരീക്ഷം കളിയാടി. നിങ്ങൾക്ക് തന്നെയറിയാം കേരളത്തിനീ ഇടിത്തീവണ്ടി വേണ്ടെന്ന്. വേണ്ടവർക്ക് വേണ്ടി വെച്ച കലം ഇറക്കിവെച്ചോളൂ. വരും തലമുറക്ക് കഞ്ഞി കുടിച്ചെങ്കിലും ജീവിക്കണമെങ്കിൽ കേരളമുണ്ടാകണം. ഓരോ ഇഞ്ച് ഭൂമിയും നമ്മുടേതാവണം. അതെടുത്ത് ജപ്പാനിൽ പണയം വെക്കുന്ന പരിപാടി വേണ്ട. കടക്കെണി നയതന്ത്രം ആരംഭിച്ചത് കഴിഞ്ഞ ദശകങ്ങളിലാണ്. പല ആഫ്രിക്കൻ രാജ്യങ്ങളും തങ്ങളുടെ ഭൂരാഷ്ട്ര ഭൂതലം താലത്തിൽവെച്ച് ചൈനക്ക് കാഴ്ച വെക്കേണ്ട ദുർഗതിയിലെത്തി. ഈ വർഷമാണ് നമ്മുടെ അയൽപക്കത്തെ ശ്രീലങ്ക അവയിലൊന്നായി മാറിയത്. സിൽവർ ലൈൻ നടപ്പിലാക്കാൻ മിനക്കെട്ടാൽ അടുത്ത ഊഴം കേരളത്തിന്റേതാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതിനെതിരെയാണ് ജനവിധി.  
നൂറ് തികഞ്ഞിരുന്നെങ്കിൽ വിശേഷിച്ചൊന്നും സംഭവിക്കുമായിരുന്നില്ല. എന്നിട്ടും മതേതര ഇടതിന് കളങ്കമാകുന്ന രാഷ്ട്രീയ സമീപനം ഇടതുപക്ഷം സ്ഥാനാർഥി നിർണയത്തിൽ തന്നെ പുറത്തെടുത്തത് ശരിയായില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ചിലർ ആദർശത്തിന്റെ പടംപൊഴിക്കും. കെ.വി. തോമസ് അത്തരമൊരു ധാർഷ്ട്യം കാണിച്ചതിന് സി.പി.എം നിന്നുകൊടുക്കണമായിരുന്നോ? താൻ വളർന്നുവന്ന പാർട്ടിയിൽനിന്ന് സകല സൗകര്യങ്ങളും പദവികളും ആസ്വദിച്ച ഭിക്ഷാംദേഹിയെ ഇടത് പാളയത്തിലെത്തിച്ചത് രാഷ്ട്രീയ മര്യാദയായിരുന്നില്ല. കേരളത്തിൽ സാമുദായിക സന്തുലിതത്വം തകരുന്നത് ഒന്നാം പിണറായി ഭരണത്തിലാണ്. ന്യൂനപക്ഷ ദ്വയത്തിലെ വിള്ളൽ കണ്ടിട്ടും തങ്ങളുടെ നേട്ടമോർത്ത് പ്രചണ്ഡ പ്രചാരണങ്ങളെ സി.പി.എം കണ്ടില്ലെന്ന് നടിച്ചു. ഫലത്തിൽ മുസ്‌ലിം - ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ഗർത്തങ്ങൾ തന്നെ രൂപപ്പെട്ടു. അപ്പോഴും മിണ്ടാതിരുന്നത് സ്വാർത്ഥത കൊണ്ടല്ലേ?
ഇടത് മന്ത്രിസഭയുടെ തേര് തെളിക്കുന്നയാൾ കമ്യൂണിസ്റ്റ് നൈഷ്‌കികൻ ആവുന്നത് ഏറെ ഗുണം ചെയ്യും. പി.ആർ വർക്കിന്റെ പുറംപൂച്ചുകൾക്ക് അൽപായുസ്സ് മാത്രമേ ഉണ്ടാകൂ. കോർപറേറ്റുകൾക്കും നിക്ഷിപ്ത താൽപര്യങ്ങൾക്കും മതേതരത്വ വിരുദ്ധർക്കും രഞ്ജിതനാകാതെ ഈ സംസ്ഥാനത്തിന്റെ സ്വാസ്ഥ്യം കാക്കുന്ന, സാമൂഹിക ഘടനയുടെ എരിതീയിൽ എണ്ണയൊഴിക്കുന്നവർക്ക് പേടിസ്വപ്‌നമാകുന്ന നിയന്താവായി ക്യാപ്റ്റൻ തിരിച്ചുവരണമെന്ന് ഞങ്ങൾ മലയാളികൾ ആഗ്രഹിക്കുന്നു.
രാജ്യം ഇടതും വലതുമല്ല. ജനം രാഷ്ട്രീയ അടിമകളുമല്ല. അതിസൂക്ഷ്മമായി ഭരണം കൈയാളേണ്ട ഒരു കാലത്ത് അജണ്ടകൾ തീരുമാനിക്കുന്നത് നിരയിലെ അവസാന വ്യക്തിക്കും മൃതസഞ്ജീവനിയാകുന്ന താപസ മനസ്സോടെ വേണം. കള്ളിന്റെ വ്യാപനവും ചൂതാട്ടത്തിന്റെ മഹിമയും കടം കൊള്ളലുമല്ലാതെ കേരളത്തിൽ മറ്റെന്താണ് നടക്കുന്നത്? ഒരു ദുഷ്പ്രവൃത്തിയിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് നാടു നന്നാക്കാനിറങ്ങിയവർ തെറ്റു തിരുത്തണം. ദിവാസ്വപ്‌നങ്ങളല്ല പിണറായിയിൽനിന്ന് പ്രതീക്ഷിക്കുന്നത്. നിഴൽ വിൽക്കാൻ കഴിയില്ലെങ്കിൽ മരം തന്നെ മുറിച്ചുവിൽക്കുന്ന കാപിറ്റലിസ്റ്റ് കോർപറേറ്റ് അധമത്വത്തിനേറ്റ അടി കൂടിയാണ് തൃക്കാക്കര. മറുകര പറ്റാൻ ഈ കടവിലെ പാഠം മനസ്സിരുത്തി പഠിക്കുമെന്ന് പ്രത്യാശിക്കുന്നു.

Latest News