Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഞാന്‍ ക്യാപ്റ്റനല്ല, പടയാളി മാത്രം- വി.ഡി സതീശന്‍

കൊച്ചി- ക്യാപ്റ്റനല്ലെന്നും ഒരു പടയാളി മാത്രമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ പ്രവര്‍ത്തനത്തിനും യു.ഡി.എഫ് പ്രവര്‍ത്തനത്തിനും തൃക്കാക്കര വിജയം കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം വി.ഡി സതീശന് ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

തൃക്കാക്കരയിലെ വിജയം പ്രതിപക്ഷ പ്രവര്‍ത്തനത്തിനും യു.ഡി.എഫിനും കൂടുതല്‍ ഊര്‍ജം പകരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ നടപ്പാക്കാത്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ട് വരും. നടപ്പാക്കാത്ത കാര്യങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചരിപ്പിക്കുന്നത്. സില്‍വര്‍ ലൈന്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെ പ്രതിപക്ഷം എതിര്‍ക്കും. അതേസമയം ജനകീയ പദ്ധതികളില്‍ സര്‍ക്കാരിന് പിന്തുണ നല്‍കും. വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇതില്‍ നിന്നും പിന്‍മാറാന്‍ തയാറാകണം. എല്ലാ വര്‍ഗീയ ശക്തികളെയും ഒരു പോലെ നേരിടാനുള്ള കരുത്ത് സര്‍ക്കാരിനുണ്ടാകണം. വര്‍ഗീയ ശക്തികളെ ചെറുത്ത് തോല്‍പിക്കാന്‍ യു.ഡി.എഫ് മുന്‍നിരയിലുണ്ടാകും. വര്‍ഗീയ ശക്തികളെ തലപൊക്കാന്‍ അനുവദില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ഈ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനുള്ള അംഗീകാരം കൂടിയാണ് ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ ട്രൂ കോളര്‍ ഐ.ഡി ഉണ്ടാക്കാക്കിയത് സി.പി.എമ്മാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. കള്ളവോട്ട് ചെയ്യാനെത്തി പിടിയിലായ ആളുടെ കൈയില്‍ വ്യാജ ഐ.ഡി കാര്‍ഡുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമായി ഉണ്ടാക്കിയത് സി.പി.എം നേതാക്കളാണ്. തിരിച്ചറിയല്‍ കാര്‍ഡുകള്‍പോലും വ്യാജമായി ഉണ്ടാക്കുന്ന അധമ രാഷ്ട്രീയമാണ് സി.പി.എമ്മിന്റേത്. വ്യാജ വീഡിയോ ഉണ്ടാക്കിയത് ആരാണെന്ന് അന്വേഷിക്കുന്നതിനൊപ്പം വ്യാജ ട്രൂ കോളര്‍ ഉണ്ടാക്കിയവരെയും വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയവരെയും കണ്ടെത്തണം. വ്യാജ വീഡിയോയില്‍ ആദ്യം അറസ്റ്റിലായത് സി.പി.എമ്മുകാരാണ്. തൊട്ടുപിന്നാലെ കോണ്‍ഗ്രസുകാരെ മാത്രം തെരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്തു. വീഡിയോ പ്രചരിപ്പിച്ച ഒറ്റ ബി.ജെ.പിക്കാരെപോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സെമികേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുക്കണമെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ്. പാര്‍ട്ടി വെറും ആള്‍ക്കൂട്ടമായി മാറരുത്. പാര്‍ട്ടിയേയും മുന്നണിയേയും അധികാരത്തില്‍ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടി മുന്നില്‍നിന്ന് പോരാടും. മുന്നണി പോരാളിയാണ്. ഒരടി പോലും പിറകിലേക്ക് പോകില്ല. തിരിഞ്ഞോടുകയുമില്ല. സി.പി.എമ്മിന്റേത് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. വെല്ലുവിളിക്കുന്നവര്‍ പരാജയപ്പെടുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

 

Latest News