ഹായില്‍- പ്രളയത്തില്‍ അകപ്പെട്ട യുവാവിനെ ജീവന്‍ തൃണവല്‍ഗണിച്ച് രക്ഷപ്പെടുത്തുന്ന യുവാക്കളുടെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഹായില്‍ പ്രവിശ്യയിലെ അല്‍മുദീഹ് ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളത്തില്‍ അകപ്പെട്ട ഡൈന വാഹനത്തില്‍നിന്ന് പുറത്തു കടന്ന് സഹായത്തിന് അഭ്യര്‍ഥിച്ച യുവാവിനെയാണ് രണ്ട് യുവാക്കള്‍ രക്ഷപ്പെടുത്തിയത്.
കുടുങ്ങിക്കിടന്ന വാഹനത്തിന് അടുത്തേക്ക് തങ്ങളുടെ കാര്‍ അടുപ്പിച്ചതിന് ശേഷം വാതില്‍ തുറന്ന് രണ്ട് പേരും ചേര്‍ന്ന് യുവാവിനെ കാറിനകത്തേക്ക് വലിച്ചു കയറ്റിയശേഷം വെള്ളം കയറാത്ത സ്ഥലത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. യുവാക്കളുടെ ധീരതയെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേര്‍ അഭിനന്ദിച്ചു.