Sorry, you need to enable JavaScript to visit this website.

ബിജെപിയുടെ മാത്രമല്ല, സിപിഎമ്മിന്റെ  വോട്ടും ലഭിച്ചു-  വി ഡി സതീശന്‍

കൊച്ചി- തൃക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ട്വന്റി ട്വന്റിയുടേയും വോട്ടു ലഭിച്ചിട്ടുണ്ട്. അല്ലാതെ 25,000 ലേറെ വോട്ടിന് ജയിക്കാന്‍ മാത്രം വോട്ട് ആ മണ്ഡലത്തില്‍ യുഡിഎഫിനില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും ട്വന്റി ട്വന്റി വോട്ടും ബിജെപി വോട്ടും കിട്ടിയതുകൊണ്ടാണ് യുഡിഎഫ് വിജയിച്ചതെന്ന പി രാജീവിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ജനവിധി എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നാണ് ഇടതുപക്ഷത്തോട് പറയാനുള്ളത് എന്നായിരുന്നു സതീശന്റെ മറുപടി. അവര്‍ ഇനിയും അത് മനസ്സിലാക്കിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം. 
ഇത്തരത്തിലാണ് മുമ്പോട്ടുപോകുന്നതെങ്കില്‍ ഇനിയും കടുത്ത ആഘാതം അവര്‍ക്കുണ്ടാകും. അവര്‍ മനസ്സിലാക്കി നന്നാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജനവിധി എന്താണെന്ന് അംഗീകരിക്കുക. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. അതിനെ വെല്ലുവിളിച്ചാല്‍ ആരും പരാജയപ്പെടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. ഇനി ആരെയും കുത്തിനോവിക്കാന്‍ താനില്ല. യുഡിഎഫിന്റെ വിജയം സ്ഥാനാര്‍ത്ഥിയെ മാത്രം അടിസ്ഥാനമാക്കിയല്ല. ചിട്ടയായ പ്രവര്‍ത്തനം, യുഡിഎഫിന്റെ മണ്ഡലം, പിടി തോമസിന്റെ ഓര്‍മ്മ, സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യത ഇതെല്ലാം കൂടിച്ചേരുമ്പോഴാണ്. അല്ലാതെ ഏതെങ്കിലും ഒരു ചെറിയ ഘടകം മാത്രമല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
താന്‍ ക്യാപ്റ്റനൊന്നുമല്ല. താന്‍ പടയില്‍ ഒരു മുന്നണിപ്പോരാളി മാത്രമാണ്. ക്യാപ്റ്റന്‍ വിളിയില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അതില്‍ ഒരു പരിഹാസമുണ്ട്. പടയില്‍ എപ്പോഴും മുന്നിലുണ്ടാകും. ഒരിക്കലും ഓടിപ്പോകില്ല. പിന്നില്‍ നിന്നും വെടിയേറ്റ് മരിക്കില്ല. പോരാളികളെല്ലാം ക്യാപ്ടന്മാരല്ല. കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വമാണുള്ളത്. 
 

Latest News