യു.എസ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

ന്യൂദല്‍ഹി- ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ പ്രതിപാദിക്കുന്ന യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രൂക്ഷമായി പ്രതികരിച്ചു. മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരുടെ 'വിവരംകെട്ട അഭിപ്രായങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടിനെ മന്ത്രാലയം വിശേഷിപ്പിച്ചത്.

അന്താരാഷ്ട്ര ബന്ധങ്ങളില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം പ്രയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

'അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 2021 റിപ്പോര്‍ട്ടും യു.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തെറ്റായ അഭിപ്രായങ്ങളും ഞങ്ങള്‍ ശ്രദ്ധിച്ചു. രാജ്യാന്തര ബന്ധങ്ങളില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം പ്രയോഗിക്കുന്നത് ഖേദകരമാണ്. പ്രത്യേക താല്‍പര്യപ്രകാരമുള്ള വിവരങ്ങളുടേയും പക്ഷപാതപരമായ വീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

'സ്വാഭാവികമായി ബഹുസ്വര സമൂഹമെന്ന നിലയില്‍, മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ഇന്ത്യ വിലമതിക്കുന്നു. യു.എസുമായുള്ള ഞങ്ങളുടെ ചര്‍ച്ചകളില്‍, വംശീയ പ്രേരിത ആക്രമണങ്ങള്‍, വിദ്വേഷ കുറ്റകൃത്യങ്ങള്‍, തോക്ക് അക്രമം എന്നിവയുള്‍പ്പെടെയുള്ള ആശങ്കാജനകമായ വിഷയങ്ങള്‍ ഞങ്ങള്‍ പതിവായി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

 

Latest News