Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന; ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതിനു പിന്നാലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. കോവിഡ് മരണം സംഭവിക്കുന്നവരില്‍ വാക്‌സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തല്‍. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണെന്നും ഉന്നതതലയോഗത്തില്‍ നിര്‍ദേശിച്ചു.

18 വയസ് മുതലുള്ള 100 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 88 ശതമാനമാണ്. 22 ശതമാനം പേരാണ് പ്രിക്കോഷന്‍ ഡോസ് എടുത്തത്. 15 മുതല്‍ 17 വയസുവരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വയസുവരെയുള്ള 54 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 15 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി. പ്രാദേശികമായി വാക്‌സിന്‍ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്‌സിന്‍ എടുക്കുന്നു എന്നുറപ്പാക്കാനും ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്താനും യോഗത്തില്‍ നിര്‍ദേശിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണം. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും.  

എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതലുള്ളത്. ഈ ില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉന്നതതലയോഗം നിര്‍ദേശിച്ചു. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. പകര്‍ച്ചവ്യാധികള്‍ക്കെതിരെയും പ്രത്യേകിച്ച് നിപ വൈറസിനെതിരേയും പേ വിഷബാധയ്‌ക്കെതിരെയും ജാഗ്രത വേണമെന്നു മന്ത്രി വ്യക്തമാക്കി.

 

Latest News