ന്യൂദല്‍ഹി-പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു. കഴിഞ്ഞ മൂന്ന് മാസമായി രാജ്യമെമ്പാടും കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമായിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ധനയുണ്ടായതായി കത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രതിവാര കോവിഡ് കേസുകളുടെ എണ്ണം 4139 ല്‍ നിന്നും 6556 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്. 11 ജില്ലകളിലും കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പരിശോധന, ചികിത്സ, വാക്‌സിനേഷന്‍ എന്നിവക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയ്ക്കയച്ച കത്തില്‍ വ്യക്തമാക്കി. കേരളത്തിനി പുറമെ തമിഴ്‌നാട് , കര്‍ണാടകം , തെലങ്കാന , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്.