ഒറ്റ ഭീകരനേയും വിട്ടുകളയരുത്; കശ്മീരില്‍ നടപടികള്‍ ശക്തമാക്കാന്‍ അമിത് ഷായുടെ നിര്‍ദേശം

ന്യൂദല്‍ഹി- കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും. സുരക്ഷ ഉറപ്പക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാനും ഒറ്റഭീകരനെയും വിട്ടുകളയരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്‍കി.
പ്രദേശവാസികളല്ലാത്തവരെ കശ്മീരില്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റും. കശ്മീരില്‍ ഭീകരഭീഷണി കുറഞ്ഞതായും ഭീകരസംഘടന നേതാക്കളില്‍ ഭൂരിഭാഗം പേരെ ഉന്മൂലനം ചെയ്തതായുമാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. അവശേഷിക്കുന്ന ഭീകരനിലപാടുള്ളവരുടെ ഭാഗത്തെ നിരാശയാണ് സാധാരണക്കാര്‍ക്കുനേരെയുള്ള ആസൂത്രിത ആക്രമണത്തിന് ഇടയാക്കുന്നതെന്ന് അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. ഇപ്പോഴത്തെ ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും.

പ്രദേശവാസികളല്ലാത്തവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷ നല്‍കും. ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം അനുവദിക്കുമെങ്കിലും എല്ലാവരെയും കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അമര്‍നാഥ് തീര്‍ഥാടനം മാറ്റിവയ്ക്കില്ല. തീര്‍ഥാടകര്‍ക്ക് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും. ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കരസേന മേധാവി, ജമ്മുകശ്മീര്‍ പൊലീസ് മേധാവി, റോ മേധാവി, ബിഎസ്എഫിന്റെയും സിആര്‍പിഎഫിന്റെയും ഡിജിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതിനിടെ, കശ്മീരിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പറയുന്നതല്ല യാഥര്‍ഥ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാന പദവി നല്‍കി ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കശ്മീരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വിവേക് തന്‍ഖ ആവശ്യപ്പെട്ടു.

 

Latest News