ഒരു ഇടവേളക്ക് ശേഷം കശ്മീരിൽ സിവിലിയൻമാരെ പ്രത്യേകം ലക്ഷ്യമിട്ടുളള ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. കശ്മീരി മുസ്ലിംകൾ എല്ലായ്പ്പോഴും ഭീകരരുടെ ലക്ഷ്യമായിരുന്നുവെങ്കിലും സമീപ മാസങ്ങളിൽ കശ്മീരി പണ്ഡിറ്റുകളെയും ജമ്മു കശ്മീരിലെ ഹിന്ദു, സിക്ക് സമുദായാംഗങ്ങളെയും കുടിയേറ്റ തൊഴിലാളികളെയും ഭീതിയിലാഴ്ത്താനുള്ള വ്യക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. കശ്മീരിൽ എല്ലാം സാധാരണ നിലയിലായി എന്ന സർക്കാർ അവകാശവാദമാണ് ഇവിടെ പൊളിയുന്നത്.
ഈ കുറിപ്പ് എഴുതാനിരിക്കവേ, കശ്മീരിൽനിന്ന് വന്ന വാർത്ത കുൽഗാമിൽ രാജസ്ഥാൻകാരനായ ഒരു ബാങ്ക് മാനേജർ ഭീകരരുടെ വെടിയേറ്റ് മരിച്ചുവെന്നതാണ്. ഇതേ ജില്ലയിൽ തന്നെയാണ് ഒരു അധ്യാപിക സ്കൂളിന് സമീപം കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചത്. കശ്മീരിൽ സ്ഥിതിഗതികൾ ഭദ്രമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കലങ്ങിമറിയുന്ന ക്രമസമാധാന നിലയും കലുഷിതമാകുന്ന സാമൂഹിക അന്തരീക്ഷവുമാണ് പുറംലോകത്തിന് കാണാനാവുന്നത്. കേന്ദ്ര സർക്കാരിന്റെ കർക്കശ നടപടികൾക്കൊന്നും കശ്മീരിനെ സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരാനായില്ല എന്നത് ആശങ്കാജനകമാണ്.
കശ്മീരി മുസ്ലിം സിവിലിയൻമാർ എല്ലായ്പ്പോഴും ഭീകരരുടെ ലക്ഷ്യമായിരുന്നുവെങ്കിലും സമീപ മാസങ്ങളിൽ കശ്മീരി പണ്ഡിറ്റുകളെയും ജമ്മു കശ്മീരിലെ ഹിന്ദു, സിക്ക് സമുദായാംഗങ്ങളെയും കുടിയേറ്റ തൊഴിലാളികളെയും ഭീതിയിലാഴ്ത്താനുള്ള വ്യക്തമായ ശ്രമങ്ങളാണ് നടക്കുന്നത്.
കുൽഗാം സ്കൂളിൽ വെടിയേറ്റ് മരിച്ച അധ്യാപികയായ രജനിബാല, താഴ്വരയിലെ സുരക്ഷ വെല്ലുവിളിയുടെ ഭയാനകമായ ഓർമപ്പെടുത്തലാണ്. ജന്മനാടായ ജമ്മുവിലെ സാംബയിൽനിന്ന്, രജനിബാലയും അധ്യാപകൻ തന്നെയായ ഭർത്താവും കുറച്ച് വർഷങ്ങൾക്ക് മുമ്പ് സർക്കാർ തൊഴിൽ പദ്ധതിയിലൂടെ കുൽഗാമിലെ വിവിധ സ്കൂളുകളിൽ നിയമിക്കപ്പെടുകയായിരുന്നു. 2021 ഒക്ടോബറിനു ശേഷം ഇത്തരത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ അധ്യാപികയും മൂന്നാമത്തെ സ്ത്രീയുമാണ് അവർ. മേയിൽ മാത്രം, പ്രാദേശിക ടി.വി ആർടിസ്റ്റായിരുന്ന ഒരു കശ്മീരി മുസ്ലിം വനിത ഉൾപ്പെടെ അഞ്ച് പേരുടെ ജീവൻ അപഹരിക്കപ്പെട്ടു.
താഴ്വരയിൽ തങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നില്ലെന്ന സന്ദേശം ന്യൂനപക്ഷങ്ങൾക്ക് അയക്കുക എന്നതാണ് ഈ ആക്രമണങ്ങളുടെ പ്രകടമായ ലക്ഷ്യം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രജനിബാലയുടെ വധത്തിന് ശേഷം ചൂണ്ടിക്കാട്ടിയതു പോലെ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ മൂർച്ച കൂട്ടുന്ന വർഗീയ ധ്രുവീകരണത്തിന് സമാനമായതും നമ്മെ ആഴത്തിൽ അസ്വസ്ഥമാക്കുന്നതുമായ ഒരു പദ്ധതി കശ്മീരിലും പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുന്നു.
ഈ വർഷം ജനുവരി മുതൽ പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും സർപഞ്ചുമാരും ഉൾപ്പെടെ കുറഞ്ഞത് 16 ആസൂത്രിത കൊലപാതകങ്ങൾക്കാണ് കശ്മീർ താഴ്വര സാക്ഷ്യം വഹിച്ചത്. ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും സർക്കാരിലെ ആളുകളെയും ലക്ഷ്യമിടുന്നവർ ഭയം വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. താഴ്വരയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുമുള്ള അംഗങ്ങളെ ആക്രമിക്കുന്നതിലൂടെ ഭീകരർ തങ്ങളുടെ സാന്നിധ്യം പ്രകടമാക്കാൻ ആഗ്രഹിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
2021 ഫെബ്രുവരിയിൽ ശ്രീനഗറിലെ കൃഷ്ണ ധാബയുടെ ഉടമസ്ഥന്റെ മകനെ റെസ്റ്റോറന്റിനുള്ളിൽ വെടിവെച്ചു കൊന്നത് മുതൽ ആസൂത്രിത കൊലപാതകങ്ങളുടെ അധ്യായങ്ങൾ വർധിച്ചുവരികയാണ്. 2021 ഒക്ടോബർ അഞ്ചിന് എം.എൽ. ബിന്ദ്രു തന്റെ കടയിൽ കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പൽ സുപീന്ദർ കൗർ, സ്കൂളിലെ അധ്യാപകൻ ദീപക് ചന്ദ് എന്നിവരെ അക്രമികൾ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷം വെടിവെച്ചു കൊന്നു. കഴിഞ്ഞ വർഷം താഴ്വരയിൽ 182 തീവ്രവാദികളും 35 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.
നിരായുധരായ പോലീസുകാരെയും നിരപരാധികളായ സിവിലിയന്മാരെയും രാഷ്ട്രീയക്കാരെയും ഇപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള നിരപരാധികളെയും ലക്ഷ്യമിടാനുള്ള തന്ത്രമാണ് തീവ്രവാദികൾ മെനയുന്നത്. ഈ കൊലപാതകങ്ങളിൽ എളുപ്പത്തിൽ ഒളിപ്പിക്കാനും കൊണ്ടുപോകാനും കഴിയുന്ന പിസ്റ്റളുകളുടെ ഉപയോഗവും സുരക്ഷ സേന ഉയർത്തിക്കാട്ടിയിട്ടുണ്ട്. പുതുതായി റിക്രൂട്ട് ചെയ്ത തീവ്രവാദികളോ തീവ്രവാദി നിരയിൽ ചേരാൻ പോകുന്നവരോ ആണ് ഈ പ്രവൃത്തികൾ ചെയ്യുന്നതെന്നും പോലീസ് പറയുന്നു.
2021 ഒക്ടോബറിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം താഴ്വരയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ, ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യം ചെന്നത് പോലീസ് ഇൻസ്പെക്ടർ പർവേസ് അഹമ്മദിന്റെ നൗഗാമിലെ വീട്ടിലായിരുന്നു. ജൂൺ 22 ന് പ്രാർഥന കഴിഞ്ഞ് മടങ്ങുമ്പോൾ അഹമ്മദ് വീടിന് പുറത്ത് വെടിയേറ്റ് മരിക്കുകയായിരുന്നു. ഈ വർഷം ആദ്യം മുതൽ മൂന്ന് സർപഞ്ചുമാർ ഉൾപ്പെടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ നിരവധി അംഗങ്ങൾ വെടിയേറ്റ് മരിച്ചു. ഏപ്രിൽ നാലിന്, കശ്മീരി പണ്ഡിറ്റ് സമുദായത്തിൽ നിന്നുള്ള ബാലകൃഷ്ണനെ ഷോപ്പിയാനിലെ വീടിന് സമീപം തീവ്രവാദികൾ കൊലപ്പെടുത്തി. കുറഞ്ഞത് മൂന്ന് കേസുകളിലെങ്കിലും, കശ്മീരിന് പുറത്ത് നിന്നുള്ള തൊഴിലാളികൾക്ക് വെടിയേറ്റു.
ഏറ്റവും ഒടുവിൽ, പ്രധാനമന്ത്രി പുനരധിവാസ പാക്കേജിന് കീഴിൽ പ്രവർത്തിക്കുന്ന ജമ്മു കശ്മീർ റവന്യൂ വകുപ്പിലെ ഒരു കശ്മീരി പണ്ഡിറ്റ് ജീവനക്കാരനെ ബുദ്ഗാമിലെ ചദൂരയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിനുള്ളിൽ വെടിവെച്ച് കൊന്നത് സമൂഹത്തിൽ ആളുകളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. തങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉറപ്പ് നൽകിയിട്ടും ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയും കനത്ത പ്രതിഷേധം അഴിച്ചുവിടുകയും ചെയ്തു.
മെയ് 25 ന് ഒരു കശ്മീരി ടി.വി അഭിനേതാവിനെ അവരുടെ വീടിനുള്ളിൽ ഒന്നിലധികം തവണ വെടിവെച്ചു. ചൊവ്വാഴ്ച സാംബയിൽനിന്നുള്ള അധ്യാപിക രജനിബാലയും ഇന്നലെ രാജസ്ഥാൻകാരനായ ബാങ്ക് മാനേജരുമാണ് ഈ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ ഇരകൾ.
കശ്മീർ സാധാരണ നിലയിലേക്ക് എത്തിയെന്ന പോലീസിന്റെ അവകാശവാദം യാഥാർഥ്യത്തിന് നിരക്കുന്നതല്ല എന്നതിന്റെ തെളിവാണ് ഓരോ അക്രമ പ്രവർത്തനവും സിവിലിയൻ മരണവും. താഴ്വരയിൽ പാക്കിസ്ഥാൻ ഭീകരരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ മാസം ഒരു മുതിർന്ന ആർമി ഓഫീസർ ഇതിനെ വ്യാഖ്യാനിച്ചത് തദ്ദേശീയരെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് കുറയുന്നതിന്റെ അടയാളമായാണ്. നിയന്ത്രണ രേഖയിൽ പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണക്കിടെയാണ് നുഴഞ്ഞുകയറ്റം നടന്നതെന്നതിനാൽ നുഴഞ്ഞുകയറ്റം തടയാനുള്ള പ്രാഥമിക ഉത്തരവാദിത്തമുള്ള സൈന്യം കൂടുതൽ ഗൗരവതരമായ ഒരു കാര്യമായാണ് ഇതിനെ കാണുന്നത്. താഴ്വരയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതിന്റെ സൂചനയായി കാണാനാവില്ലെന്ന് ചുരുക്കം.
ഇരകളുടെ കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പ് നൽകാനോ അടുത്തതായി തങ്ങൾ ലക്ഷ്യം വെക്കപ്പെടുമെന്ന് ഭയപ്പെടുന്നവർക്ക് സുരക്ഷിതത്വ ബോധം നൽകാനോ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഈ ദൗത്യത്തിൽ കശ്മീരിന്റെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വവും പ്രധാനമായും നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ഉൾപ്പെട്ടിരിക്കണമെന്ന് കേന്ദ്രം തിരിച്ചറിയേണ്ട സമയമാണിത്. താഴ്വരയിലെ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളിലേക്കുള്ള രാഷ്ട്രീയ വ്യാപനത്തിൽ അവർക്ക് പങ്കുണ്ട്. അവർ മുൻകൈയെടുക്കുകയും ജനങ്ങളുമായുള്ള രാഷ്ട്രീയ ആശയവിനിമയ പദ്ധതിയിൽ സർക്കാർ അവർക്ക് ഇടം നൽകുകയും വേണം. അത് ഈ സമയത്ത് അനിവാര്യമാണ്.






