ഹജ്: ആഭ്യന്തര തീര്‍ഥാടകരുടെ രജിസ്‌ട്രേഷന് തുടക്കം; അവസരം വിദേശികളടക്കം ഒന്നര ലക്ഷം പേര്‍ക്ക്

മക്ക - സൗദി അറേബ്യക്കകത്തു നിന്ന് ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന് ഹജ്, ഉംറ മന്ത്രാലയം  തുടക്കം കുറിച്ചു. ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് ആഭ്യന്തര തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഖിദ്മാത്ത് എന്ന ഐക്കണില്‍ പ്രവേശിച്ച് ഹജ് ബുക്കിംഗ്, പെര്‍മിറ്റ് സേവനം തെരഞ്ഞെടുത്താണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള വിവിധ പാക്കേജുകള്‍ സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നിന്ന് തങ്ങള്‍ക്ക് അനുയോജ്യമായ പാക്കേജും തങ്ങള്‍ കരാര്‍  ഒപ്പുവെക്കാന്‍ ആഗ്രഹിക്കുന്ന ഹജ് സര്‍വീസ് സ്ഥാപനത്തെയും തെരഞ്ഞെടുത്താണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ആഭ്യന്തര തീര്‍ഥാടകരുടെ രജിസ്‌ട്രേഷന് ഒമ്പതു ദിവസമാണുള്ളത്. ജൂണ്‍ 11 ശനി വരെ രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും. നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്നതു പോലെ ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇത്തവണ ഹജിന് തെരഞ്ഞെടുക്കുന്നതില്‍ മുന്‍ഗണനയുണ്ടാകില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തവണ സ്വദേശികളും വിദേശികളും അടക്കം ഒന്നര ലക്ഷം പേര്‍ക്കാണ് സൗദി അറേബ്യക്കകത്തു നിന്ന് ഹജിന് അവസരം ലഭിക്കുക. വിദേശങ്ങളില്‍ നിന്നുള്ള എട്ടര ലക്ഷം പേര്‍ക്കും ഹജ് അവസരം ലഭിക്കും. ആകെ പത്തു ലക്ഷം പേര്‍ക്കാണ് ഇത്തവണ ഹജ് അവസരം നല്‍കുന്നത്. 65 വയസില്‍ കുറവ് പ്രായമുള്ളവര്‍ക്കാണ് ഹജ് അനുമതി നല്‍കുന്നത്. ഇവര്‍ മൂന്നു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. തീര്‍ഥാടകര്‍ മുഴുവന്‍ ആരോഗ്യ നിര്‍ദേശങ്ങളും മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് കുടുങ്ങുന്ന വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തുമെന്നും പുതിയ വിസയില്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതില്‍ നിന്ന് ഇത്തരക്കാര്‍ക്ക് പത്തു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

Latest News