Sorry, you need to enable JavaScript to visit this website.

കര തൊടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും, ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് യു.ഡി.എഫ്

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആഴ്ചകളോളം തമ്പടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടും തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് വൻ തോൽവി. കഴിഞ്ഞ തവണ പി.ടി തോമസ് നേടിയതിന്റെ ഭൂരിപക്ഷം വർധിപ്പിച്ചാണ് ഉമ തോമസ് നിയമസഭയിലേക്ക് യാത്രയാകുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ഉമ തോമസ് പിന്നിലേക്ക് പോയില്ല. പോസ്റ്റൽ വോട്ട് എണ്ണിയത് മുതൽ ഉമ തോമസ് തന്നെയായിരുന്നു മുന്നിൽ. ആദ്യ റൗണ്ടിൽ 1500 വോട്ട് പരമാവധി ലീഡ് പ്രതീക്ഷിച്ചിരുന്ന യു.ഡി.എഫിന് ലഭിച്ചത് രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡ് ആയിരുന്നു. 
തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു ഇടതുമുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. ഓരോ വാർഡിന്റെയും ചുമതല മന്ത്രിമാർക്കും എം.എൽ.എമാർക്കും എം.പിമാർക്കും നൽകി ചിട്ടയായ പ്രവർത്തനമാണ് എൽ.ഡി.എഫ് കാഴ്ചവെച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രവർത്തനം ജനങ്ങളിൽ ഏശിയില്ല എന്നതിന് തെളിവായി. ആദ്യ രണ്ട് റൗണ്ടിൽ 4487 വോട്ടിനാണ് ഉമ മുന്നിട്ടുനിന്നത്. 
എൽ.ഡി.എഫ് ഉയർത്തിയ പ്രചാരണത്തെ വൻ തരംഗം പടർത്തിയാണ് ഉമ തോമസ് വിജയിച്ചത്. മൂന്നാം റൗണ്ടിന്റെ തുടക്കത്തിൽതന്നെ ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ഉമ തോമസ് എത്തിയത് യു.ഡി.എഫ് കേന്ദ്രങ്ങളെയും ഞെട്ടിച്ചു. ചിട്ടയായ പ്രവർത്തനങ്ങൾ വഴി എൽ.ഡി.എഫിന്റെ പ്രചാരണത്തെ മറികടക്കാൻ കഴിഞ്ഞു എന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. കുറഞ്ഞ വോട്ടിംഗ് ശതമാനമായത് യു.ഡി.എഫിന് ഭീഷണി ഉയർത്തിയിരുന്നു. മുപ്പതിനായിരം വോട്ടുകൾ എണ്ണിയപ്പോൾ തന്നെ 5,000 വോട്ടുകൾ യു.ഡി.എഫിന് ലീഡ് നേടാനായി. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം നിരാശാജനകവും അവിശ്വസനീയവുമാണെന്നാണ് സി.പി.എം ജില്ല സെക്രട്ടറി അഭിപ്രായപ്പെട്ടത്.  ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയം സംബന്ധിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ അല്ലെന്നും മുഖ്യമന്ത്രി തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഒരിക്കലും സംസ്ഥാന ഭരണത്തിന്റെ പ്രതിഫലനമല്ല. ജനവിധി അംഗീകരിക്കുകയാണ്. മറ്റു മണ്ഡലത്തിൽനിന്ന് വ്യത്യസ്തമായ മണ്ഡലമാണ് തൃക്കാക്കര. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മുഴുവൻ ഘടകങ്ങളും പരിശോധിക്കും. സ്ഥാനാർത്ഥി നിർണയത്തിൽ പാകപ്പിഴവ് വന്നിട്ടില്ല. പരാജയപ്പെടുമെങ്കിലും ഇത്രയും വലിയ പരാജയം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

Latest News