നാഗ്പൂര്‍- ഓരോ ദിവസവും പള്ളി പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മടുപ്പ് പ്രകടിപ്പിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഗ്യാന്‍വാപിയോടുള്ള ഭക്തി മനസ്സിലാക്കാമെങ്കിലും എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി പ്രക്ഷോഭങ്ങളില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
താജ് മഹലും കുത്തബ് മിനാറും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പള്ളികള്‍ മുന്‍പു ക്ഷേത്രങ്ങളായിരുന്നുവെന്ന് അവകാശപ്പെട്ട് രാജ്യത്തെ വിവിധ കോടതികളില്‍ ഹരജികള്‍ വന്നു കൊണ്ടിരിക്കയാണ്
ഗ്യാന്‍വാപി പ്രശ്‌നം ചരിത്രത്തില്‍ സംഭവിച്ചുപോയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുസ്‌ലിംകളോ ഹിന്ദുക്കളോ ഉത്തരവാദികളല്ല. അതുകൊണ്ടുതന്നെ ആ വിഷയം പെരുപ്പിച്ച് സമൂഹത്തിനുള്ളില്‍ വേര്‍തിരിവു സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്നും ആര്‍എസ്എസ് മേധാവി ആവശ്യപ്പെട്ടു.
മുന്‍പ് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് ഹിന്ദു സമൂഹത്തിനോ വിശ്വാസികള്‍ക്കോ വൈകാരികമായ ബുദ്ധിമുട്ടുകളുണ്ടാകാം. ഗ്യാന്‍വാപിയില്‍ സംഭവിച്ച കാര്യങ്ങളും അതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചതും മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, എല്ലാ ദിവസവും ഓരോരോ പള്ളികളില്‍ ശിവലിംഗങ്ങളുണ്ട് എന്ന് വാദിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇക്കാര്യത്തില്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.






