എണ്ണ തേച്ചപ്പോള്‍ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ എതിര്‍ത്തു, തല ഭിത്തിയില്‍ ഇടിച്ചു കൊലപ്പെടുത്തി

ചേര്‍ത്തല-എട്ടുദിവസം മുമ്പ് നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് അറസ്റ്റില്‍. ചേര്‍ത്തല  കാളികുളം അനന്തപുരം വീട്ടില്‍ ഹേന (42) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അപ്പുക്കുട്ടന്‍ (50) ആണ് അറസ്റ്റിലായത്. പാരമ്പര്യ ആയുര്‍വേദ വൈദ്യനാണ് അപ്പുക്കുട്ടന്‍. കൊല്ലം കൊട്ടാരക്കര വെളിനല്ലൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് മേലേപ്പറമ്പില്‍ അശ്വതി ഭവനില്‍ പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകളാണ് ഹേന.

കഴിഞ്ഞ ഒക്ടോബര്‍ 25 ന് ആയിരുന്നു വിവാഹം. മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു ഹേനയെന്നും പോലീസ് പറഞ്ഞു.  കഴിഞ്ഞ 26 ന് രാവിലെ 11.30 വീട്ടിലെ കുളിമുറിയില്‍ വീണ് ബോധരഹിതയായെന്ന് അറിയിച്ച് അപ്പുക്കുട്ടനും സുഹൃത്തുക്കളും ചേര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഹേനയുടെ കുടുംബവും ചേര്‍ത്തല പോലീസും  സ്ഥലത്തെത്തി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം കൊല്ലത്തെ വീട്ടില്‍ സംസ്‌ക്കരിക്കുകയുമായിരുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനെതുടര്‍ന്ന് ചേര്‍ത്തല സിഐ ബി.വിനോദ് കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിയുന്നത്. തലയ്ക്കുള്ളില്‍ 13 പരിക്കുള്‍പ്പെടെ ആകെ 28 പരിക്കുകള്‍ മൃതദേഹത്തിലുണ്ടെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് ആഴ്ച്ച മുതല്‍ സംഭവസമയം വരെയുള്ളതാണ് മുറിവുകള്‍. കഴുത്തിലും കവിളിലും വിരലുകള്‍ പതിഞ്ഞ പാടുമുണ്ട്.  തുടര്‍ന്ന് വിരലടയാള, ഫോറന്‍സിക് വിദഗ്ധരെയും പോലീസ് നായയേയും എത്തിച്ച് വീട് പരിശോധിച്ചിരുന്നു. അപ്പുക്കുട്ടന്റെ സുഹൃത്ത് വാരനാട് സ്വദേശി ബൈജു, സഹോദരി ഉഷ എന്നിവരെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ മൂന്നു പേരുമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.  ഹേന കുളിമുറിയില്‍ വീഴുകയായിരുന്നുവെന്നാണ്  ആദ്യം മൂവരും ഒരേ പോലെ പോലീസിന് മൊഴി നല്‍കിയത്. വിശദമായി ചോദ്യം ചെയ്യലില്‍ അപ്പുക്കുട്ടന്‍ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹേന മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് അറിഞ്ഞാണ് വിവാഹം നടന്നത്. എന്നാല്‍ ഹേനയുടെ പെരുമാറ്റം അപ്പുക്കുട്ടന് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഹേനയോട് വഴക്കടിക്കലും ഉപദ്രവിക്കലും ഉണ്ടായിരുന്നു. സംഭവ ദിവസം വീടിന്റെ മുകള്‍നിലയിലെ കുളിമുറിയില്‍ ഹേനയെ കുളിപ്പിക്കാനായി അപ്പുക്കുട്ടന്‍ പോയി. ഹേനയുടെ തലയില്‍ അപ്പുക്കുട്ടന്‍ എണ്ണ തേച്ചപ്പോള്‍ ഹേന എതിര്‍ത്തു. തുടര്‍ന്നുള്ള ദേഷ്യത്തില്‍ കഴുത്തിനു കുത്തിപ്പിടിച്ച് കുളിമുറിയുടെ ഭിത്തിയില്‍ തല ഇടിച്ചു. ബോധരഹിതയായതോടെയാണ് ബൈജുവിനെയും ഉഷയേയും വിളിച്ച് വരുത്തി ആശുപത്രിയില്‍ എത്തിച്ചത്.
അപ്പുക്കുട്ടന്‍ ഓരോതവണയും ഭാര്യപിതാവിനോട് പണവും സാധനങ്ങളും ആവശ്യപ്പെടുമ്പോള്‍ നല്‍കുമായിരുന്നു. സ്ഥലത്തിന്റെ ആവശ്യത്തിലേക്ക് ഏഴ് ലക്ഷം രൂപ അടുത്തിടെ ആവശ്യപ്പെട്ടത് ഭാര്യപിതാവ് നല്‍കിയില്ല. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ ഗാര്‍ഹിക പീഡനത്തിനും കൊലപാതകത്തിനും കൂടി കേസെടുത്തു.  സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുക്കുന്നത് പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നാളെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും.

 

Latest News