ഫൈസാബാദ്- നിരന്തര പീഡനം മൂലം സഹികെട്ട ഭാര്യ സ്ഥിരം മദ്യപാനിയായ ഭര്‍ത്താവിനെ പത്തിരിക്കോല്‍ കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍നഗര്‍ ജില്ലയിലെ ഹുസൈനാബാദ് ഖാന്‍പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. സംഭവത്തെ തുടര്‍ന്ന് പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മകളെ കസറ്റഡിയിലെടുക്കുകയും ചെയ്തു. അച്ഛനെ കൊലപ്പെടുത്താന്‍ അമ്മയെ സഹായിച്ചുവെന്നാരോപിച്ചാണ് മകളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
45 കാരിയായ സുമിത്രയെ ഭര്‍ത്താവ് രാജ്ഭര്‍ (50) മദ്യപിച്ചെത്തി നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച അര്‍ദ്ധരാത്രി മദ്യപാനത്തെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. തര്‍ക്കം മൂത്തതോടെ പത്തിരിക്കോല്‍ എടുത്ത് സുമിത്ര രാജ്ഭറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കോലാഹലം കേട്ട് എത്തിയ ബന്ധുക്കള്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാജ്ഭറിനെ ആശുപത്രിയിലെത്തിച്ചു. ഇവിടെ എത്തുന്നതിനു മുമ്പ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
രാജ്ഭറിന്റെ സഹോദരിയുടെ പരാതിയിലാണ് സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്തത്. 15-കാരിയായ മകള്‍ക്കെതിരേയും ഇവര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതു മനപ്പൂര്‍വമുള്ള കൊലപാതകമല്ലെന്ന് പോലീസ് പറഞ്ഞു. നിരന്തര മര്‍ദ്ദനം മൂലം ക്ഷമ നശിച്ചാണ് യുവതി കടുംകൈ ചെയ്തതെന്നും പോലീസ് പറഞ്ഞു.






