വിവാഹ വാഗ്ദാനം നല്‍കി സ്ത്രീ പുരുഷനെ പീഡിപ്പിച്ചാല്‍ കേസില്ല; ഈ രീതി മാറണമെന്ന് ഹൈക്കോടതി

കൊച്ചി- ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന്  ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു ഹരജി തീര്‍പ്പാക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഒരു സ്ത്രീ വിവാഹ വാഗ്ദാനം നല്‍കി പുരുഷനെ പീഡിപ്പിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും നേരെ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ പുരുഷനെതിരെ ബലാല്‍സംഗ കുറ്റം ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി നിരീക്ഷിച്ചു.

മറ്റൊരു കേസിലെ വിധിപ്രസ്താവത്തിലും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ബലാല്‍സംഗ കുറ്റത്തിലെ ലിംഗ വിവേചനത്തെ പറ്റി പരാമര്‍ശിച്ചിരുന്നു. കോടതി പരിഗണിച്ച കേസിലെ എതിര്‍കക്ഷിയായ ഭര്‍ത്താവ് ഒരിക്കല്‍ ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം ഭാര്യ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഈ പരാമര്‍ശം നടത്തിയത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പില്‍ (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാലുള്ള പരാമര്‍ശമാണ്  നടത്തിയത്.  വിവാഹ വാഗ്ദാനം നല്‍കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല.  നിയമം ലിംഗ സമത്വമുള്ളതായിരിക്കണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ചൂണ്ടിക്കാട്ടി.

 

Latest News