കൊല്ലം-പ്ലസ് വണ്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന പേടിയില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. കുന്നിക്കോട് തലവൂര്‍ ഞാറക്കാട് നന്ദനത്തില്‍ സനല്‍ കുമാര്അനിത ദമ്പതികളുടെ മകള്‍ സനിഗയെയാണ് (17) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു സനിഗ. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ഇന്ന് ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ.
മാതാവിന് മാന്നാറില്‍ ജോലി ആയതിനാല്‍ ആഴ്ചയിലൊരിക്കലേ വീട്ടില്‍ വരാറുള്ളു. ആശാരിപ്പണിക്കാരനായ സനല്‍കുമാര്‍ രാത്രി എട്ടോടെയാണ് ജോലി കഴിഞ്ഞ് എത്തുന്നത്. സഹോദരി കോട്ടവട്ടത്തെ കുടുംബവീട്ടിലായിരുന്നു. വൈകിട്ട് പല തവണ ഫോണില്‍ വിളിച്ചിട്ടും സനിഗ ഫോണെടുക്കാഞ്ഞതിനെ തുടര്‍ന്ന് അനിത അയല്‍വീട്ടുകാരിയെ വിളിച്ചു. ഇവര്‍ വന്ന് നോക്കിയപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ക്ഷേത്രത്തില്‍ പോയതാകാമെന്ന് കരുതി തിരക്കിച്ചെന്നെങ്കിലും കണ്ടില്ല.
വീണ്ടുമെത്തി പരിശോധിച്ചപ്പോള്‍ കതക് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് ബോദ്ധ്യമായി. ഇതോടെ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തോല്‍ക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പും ലഭിച്ചു. പുനലൂര്‍ ഗവ.എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയായ സനിഗ ടിക് ടോക്കിലും താരമായിരുന്നു.