ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ് പുതിയ ഐ.ടി നിയമങ്ങൾ അനുസരിച്ച് ഇന്ത്യയിൽ ഏപ്രിൽ മാസം തടഞ്ഞത് 16.6 ലക്ഷത്തിലധികം അക്കൗണ്ടുകൾ. മോശം അക്കൗണ്ടുകളുടെ ഗണത്തിൽ പെടുത്തിയാണ് ഇത്രയും അക്കൗണ്ടുകൾ മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് നിരോധിച്ചത്.
മാർച്ചിൽ രാജ്യത്ത് ഇത്തരം 18 ലക്ഷത്തിലധികം അക്കൗണ്ടുകളും വാട്സാപ് നിരോധിച്ചിരുന്നു.
രാജ്യത്തിനകത്ത് ഏപ്രിലിൽ കമ്പനിക്ക് 844 പരാതി റിപ്പോർട്ടുകൾ ലഭിച്ചു, നടപടികൾ സ്വീകരിച്ച അക്കൗണ്ടുകൾ 123 ആയിരുന്നു. മാർച്ചിൽ, വാട്സാപ്പിന് 597 പരാതി റിപ്പോർട്ടുകൾ ലഭിച്ചപ്പോൾ നടപടി സ്വീകരിച്ച അക്കൗണ്ടുകൾ 74 ആയിരുന്നു.
ഉപയോക്താക്കളിൽനിന്ന് ലഭിച്ച പരാതികളിൽ വാട്സാപ് സ്വീകരിച്ച നടപടികളും ദുരുപയോഗം ചെറുക്കുന്നതിന് കമ്പനി സ്വമേധയാ സ്വീകരിച്ച നടപടികളും ഉൾക്കൊള്ളുന്നതാണ് ഉപയോക്തൃ സുരക്ഷാ റിപ്പോർട്ട്. ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ടിലാണ് ഏപ്രിൽ മാസത്തിൽ 16,66,000 അക്കൗണ്ടുകൾ നിരോധിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് വാട്സാപ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഏപ്രിൽ ഒന്നു മുതൽ 30 വരെ വാട്സാപ് നിരോധിച്ച ഇന്ത്യൻ അക്കൗണ്ടുകളിൽ ദുരുപയോഗ പരിശോധനയുടെ ഭാഗമായി കണ്ടെത്തിയവയും വാട്സാപ്പിൽ തന്നെയുള്ള റിപ്പോർട്ട് ഫീച്ചർ വഴി ഉപയോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്ക് തുടർ നടപടികളുടെ ഭാഗമായി നിരോധിച്ച അക്കൗണ്ടുകളും ഉൾപ്പെടുന്നു.
പ്ലാറ്റ്ഫോമിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മറ്റ് അത്യാധുനിക സാങ്കേതിക വിദ്യയിലും വർഷങ്ങളായി കമ്പനി വൻതോതിൽ നിക്ഷേപം നടത്തിവരികയാണെന്ന് കമ്പനി അവകാശപ്പെടുന്നു.
2021 ലെ പുതിയ ഐ.ടി നിയമ പ്രകാരം അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.






