അതിജീവനം എളുപ്പമല്ല; ഇരകൾ സ്ത്രീകൾ തന്നെ, സാങ്കേതിക ഭീമന്മാർ ഉണരണം

ഓൺലൈനിൽ സ്ത്രീകൾ കൂടുതൽ ഇരകളാക്കപ്പെടുകയാണെന്നും സാങ്കേതിക സ്ഥാപനങ്ങൾ സ്ത്രീ സുരക്ഷക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും ബ്രിട്ടനിൽ സോഷ്യൽ മീഡിയ നിരീക്ഷണം അടക്കം കൂടുതൽ അധികാരങ്ങൾ കൈവരുന്ന ഓഫ്‌കോം ആവശ്യപ്പെടുന്നു.  സ്ത്രീകൾ ടാർഗറ്റ് ചെയ്യപ്പെടുക മാത്രമല്ല, അതിന്റെ അനന്തരഫലമായി അവർ കൂടുതൽ ദുരിതമനുഭവിക്കുകയും ചെയ്യുന്നുവെന്ന് ഓഫ്‌കോം നടത്തിയ സർവേയിൽ കണ്ടെത്തി. ഓൺലൈനിൽ പലവിധ പീഡനങ്ങൾക്ക് ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്ക് അതിജീവനം വളരെ ദുഷ്‌കരമാണ്. 
ഓൺലൈൻ ദുരുപയോഗം നേരിടുന്നതിനും ദോഷകരമായ ഉള്ളടക്കം കാണുന്നതിനും പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതൽ സാധ്യതയെന്നും അവരാണ് അതിൽ കൂടുതൽ വിഷമിക്കുന്നവരെന്നും യു.കെയിലെ മാധ്യമ ശീലങ്ങളെക്കുറിച്ച് നടത്തിയ പഠനം മുൻനിർത്തി ഓഫ്‌കോം റിപ്പോർട്ട് പറയുന്നു.
സ്ത്രീകളെ ഓൺലൈനിൽ സംരക്ഷിക്കാൻ സാങ്കേതിക സ്ഥാപനങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും കമ്പനികൾ വരുമാനത്തേക്കാൾ ഉപഭോക്തൃ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഓഫ് കോം അധ്യക്ഷ ഡാം മെലാനി ഡോവ്‌സ് പറഞ്ഞു.42 ശതമാനം സ്ത്രീകൾ മാത്രമാണ് ഓൺലൈനിൽ സ്വതന്ത്രമായി സംസാരിക്കുന്നത് സുഖകരമാണെന്ന് ഓഫ് കോം നടത്തിയ സർവേയിൽ അഭിപ്രായപ്പെട്ടത്.ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും വിദ്വേഷജനകമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും സാങ്കേതിക കമ്പനികൾ അതിവേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ കനത്ത പിഴ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്ന ബ്രിട്ടീഷ് സർക്കാരിന്റ ഓൺലൈൻ ഹാംസ് ബില്ലിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ റെഗുലേറ്ററായി മാറാൻ ഒരുങ്ങുകയാണ് ഓഫ്‌കോം.  
യുകെയിലെ 6600 ലധികം മുതിർന്നവരിൽ നടത്തിയ സർവേയിൽ സോഷ്യൽ മീഡിയകളിലെ ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് നീക്കം ചെയ്തുവെന്ന്  21 ശതമാനം ആളുകൾ മാത്രമാണ് അറിയിച്ചത്. റിപ്പോർട്ട് ചെയ്തിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് പകുതി പേർ അറിയിച്ചത്. 
നിരവധി കമ്പനികൾ ഉപയോക്തൃ സുരക്ഷയേക്കാൾ വളർച്ചയ്ക്കും വരുമാനത്തിനുമാണ് മുൻഗണന നൽകുന്നതെന്നും അവരുടെ അൽഗോരിതങ്ങൾ നോക്കിയാൽ ഇത് വ്യക്തമാണെന്നും ഓഫ് കോം റെഗുലേറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം മെലാനി പറഞ്ഞു. മുൻനിര ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന കാര്യം കമ്പനികൾ  ചിന്തിക്കുന്നേയില്ല.
റിപ്പോർട്ട് ചെയ്താൽ എന്തെങ്കിലും ചെയ്യുമെന്ന് ആളുകൾക്ക് ഇപ്പോൾ വിശ്വാസമില്ലെന്നും പരാതികൾ നൽകുന്നതിന് സ്ത്രീകൾ മുന്നോട്ടു വരണമെങ്കിൽ നടപടികളുണ്ടാകുമെന്ന് അവർക്ക് ബോധ്യപ്പെടണമെന്നും അവർ പറഞ്ഞു. 
കണ്ണാടിയിൽ നോക്കണമെന്നും  സേവനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും വികസനത്തിൽ സ്ത്രീ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സാങ്കേതിക രംഗത്തെ  ഭീമന്മാരോട് ഡാം മെലാനി അഭ്യർത്ഥിച്ചു.
24 കാരിയായ സ്‌കോട്ടിഷ് നാടോടി ഗായിക അയോണ ഫൈഫ് ട്വിറ്ററിൽ നിരന്തരം അധിക്ഷേപത്തിന് വിധേയയാകുന്നു കാര്യം അവർ ചൂണ്ടിക്കാട്ടി. മാധ്യമ ശീലങ്ങൾ അറിയാൻ എല്ലാ വർഷവും ഓഫ്‌കോം യു.കെയിലെ ആയിരക്കണക്കിന് മുതിർന്നവരിലും കുട്ടികളിലും  സർവേ നടത്താറുണ്ട്. 
2021 ൽ മുതിർന്നവർ ഒരു ദിവസം ശരാശരി നാല് മണിക്കൂർ ഓൺലൈനിൽ ചെലവഴിച്ചതായി സർവേയിൽ കണ്ടെത്തി. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാല് ആപ്പുകളും ഫേസ്ബുക്ക് ഉടസ്ഥരായ മെറ്റയുടേതായിരുന്നു.
ഫേസ്ബുക്ക്, വാട്‌സാപ്, ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നിവക്കു മാത്രമായി ഒരാൾ പ്രതിദിനം ശരാശരി 42 മിനിറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ഏകദേശം 35 മിനിറ്റാണ് ഗൂഗിൾ ആപ്പുകളിലും സൈറ്റുകളിലും ചെലവഴിച്ചത്. 
മൊത്തത്തിൽ, യു.കെയിലെ ജനങ്ങൾ കോവിഡ് മഹാമാരിയുടെ ആദ്യ വർഷത്തേക്കാൾ അൽപം കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നുവെന്നാണ് സർവേ ഫലം.
ട്രോളുകൾക്ക് ഇരയായ 60 ശതമാനം സ്ത്രീകളും തങ്ങളെ അത് ബാധിച്ചതായി പറഞ്ഞു. പുരുഷന്മാരിൽ 25 ശതമാനം മാത്രമാണ് അത് കാര്യമായി ബാധിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. 
കഴിഞ്ഞ മാസം വംശീയ വിവേചനം നേരിട്ടതായാണ്  കറുത്തവരിൽ ഏകദേശം 75 ശതമാനം പേർ പറഞ്ഞത്. ഇങ്ങനെയാണെങ്കിലും ഓൺലൈനിലായിരിക്കുന്നതിന്റെ പ്രയോജനങ്ങളാണ് അപകട സാധ്യതകളേക്കാൾ കൂടുതലെന്ന് വിശ്വസിക്കുന്നവരാണ്   67 ശതമനം ഇന്റർനെറ്റ് ഉപയോക്താക്കളും.

Latest News