Sorry, you need to enable JavaScript to visit this website.

എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് കഠിനതടവും പിഴയും

തൃശൂർ - എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ അധ്യാപകനെ കഠിനതടവിനും പിഴയൊടുക്കാനും  ശിക്ഷിച്ചു.  പാലക്കാട് ചിറ്റൂർ  കടമ്പിടി  രഘുനന്ദനനെ (58 ) യാണ് പോക്സോ കേസിൽ  തൃശൂർ ഫാസ്റ്റ് ട്രാക്  സ്പെഷ്യൽകോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. 

 വിവിധ വകുപ്പുകളിലായി 9 വർഷം കഠിന തടവിനും 45000 രൂപ പിഴയടക്കുന്നതിനുമാണ് ശിക്ഷ.  പോക്സോ നിയമം 9, 10 ,11,12 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം 354 പ്രകാരവുമാണ്  പ്രതിയെ കുറ്റക്കാരനെന്ന് കണ്ടത്.  പിഴയടക്കാത്ത പക്ഷം   5 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം തുക   അതിജീവിതക്ക് നൽകണം.

2018  ലാണ് കേസിനാസ്പദമായ സംഭവം. മെസ്സ് ഹാളിലും വരാന്തയിലും വെച്ച് പല തവണ ലൈംഗിക ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. അതിജീവിതയുടെ മൊഴിക്ക്  പുറമേ സ്കൂൾ പ്രിൻസിപ്പൽ കോടതി മുമ്പാകെ നൽകിയ മൊഴിയും നിർണ്ണായകമായി.  സമൂഹത്തിലും വിദ്യാർത്ഥികൾക്കു മുന്നിലും മാതൃകയാകേണ്ട  അധ്യാപകനിൽ നിന്ന്   ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കുറ്റകൃത്യമാണെന്നും അതുകൊണ്ടുതന്നെ പ്രതിയുടെ അഭ്യർത്ഥന പരിഗണിച്ച് ശിക്ഷ ലഘൂകരിക്കുന്ന പക്ഷം അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളും 23 രേഖകളും  ഹാജരാക്കിയ കേസിൽ പ്രതിഭാഗത്തു നിന്നും ഒരു സാക്ഷിയേയും 5 രേഖകളും ഹാജരാക്കി. സി.ഡി. യും മൊബൈൽ ഫോണും തൊണ്ടിമുതലുകളായി കോടതിയിൽ ഹാജരാക്കി.

പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ  അഡ്വ. കെ. പി. അജയ് കുമാർ   ഹാജരായി.

Latest News