റിയാദ് - സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏറെ ആശ്വാസമായി, നികുതി നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ റദ്ദാക്കുകയും സാമ്പത്തിക ശിക്ഷകള്‍ ഒഴിവാക്കുകയും ചെയ്യുന്ന പദ്ധതി വീണ്ടും ആരംഭിച്ചതായി സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ ആറു മാസക്കാലമാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തിലുണ്ടാവുക. കൊറോണ മഹാമാരിയുടെ ഫലമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കു മേലുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു.
നികുതി സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തല്‍, നികുതി അടക്കുന്നതില്‍ കാലതാമസം വരുത്തല്‍, റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തല്‍, മൂല്യവര്‍ധിത നികുതി റിട്ടേണില്‍ തിരുത്തല്‍ വരുത്തല്‍, ഇ-ഇന്‍വോയ്‌സുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍, മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട മറ്റു നിയമ ലംഘനങ്ങള്‍ എന്നിവക്കുള്ള പിഴകളാണ് പുതിയ തീരുമാന പ്രകാരം ഒഴിവാക്കുക.