ഇന്ത്യയിലെ ആദ്യ ഹജ് വിമാനം നാലിന് നെടുമ്പാശ്ശേരിയില്‍നിന്ന്

നെടുമ്പാശ്ശേരി- സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഹജ് കര്‍മത്തിനു പുറപ്പെടുന്ന തീര്‍ഥാടകരുമായി  ഇന്ത്യയിലെ ആദ്യത്തെ വിമാനം നാലിന്് പുറപ്പെടും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 377 യാത്രക്കാരുമായിട്ടാണ്  ആദ്യ വിമാനം പുറപ്പെടുന്നത് .  നാലിന് സംസ്ഥാന ഹജ് കാര്യ മന്ത്രി വി അബ്ദു റഹ്മാന്‍ ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ്  നിര്‍വഹിക്കും. 2056 പുരുഷന്‍മാരും 3702 സ്ത്രീ കളും ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള 5758  തീര്‍ഥാടകര്‍ക്കു പുറമെ തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാന്‍, പോണ്ടിച്ചേരി എന്നീ സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 1989 തീര്‍ഥാടകരും കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയാണ് യാത്രയാവുന്നത്. കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് മുഖേന  7747 തീര്‍ഥാടകരാണ് പുറപ്പെടുന്നത്. ഈ മാസം 4 മുതല്‍ 16 വരെയുള്ള തിയതികളില്‍ സൗദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ ചെയ്ത 20 വിമാനങ്ങളിലായാണ് തീര്‍ഥാടകര്‍ ഹജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്ര ചെയ്യുന്നത്. ഓരോ വിമാനത്തിലും 377 തീര്‍ഥാടകരുണ്ടാവും.
ഫ്‌ളാഗ് ഓഫ് ചടങ്ങില്‍  സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പി.ടി.എ റഹീം എം.എല്‍.എ, അന്‍വര്‍ സാദത്ത് എം.എല്‍.എ, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, മലപ്പുറം ജില്ലാ കലക്ടറും ഹജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി.ആര്‍ പ്രേം കുമാര്‍, ഹജ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ആദ്യ വിമാനത്തില്‍ പുറപ്പെടുന്ന ഹാജിമാര്‍ വെള്ളി രാവിലെ 8.30 ന് ഹജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്നോടിയായി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനുള്ള വിപുലമായ പ്രത്യേക സൗകര്യം എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.
ഹജ് കമ്മിറ്റി അംഗങ്ങള്‍, വളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹജ് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇതിനകം ഹജ് ക്യാമ്പില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഹാജിമാരെ സൗകര്യപൂര്‍വം യാത്രയാക്കുന്നതിനു വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പില്‍ ഒരുക്കുന്നത്.

 

Latest News