കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നതിനെ കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) വിദഗ്ധരുമായി കൂടിയാലോചിച്ച് നടപ്പാക്കുമെന്നാണ് അവർ പറഞ്ഞത്. ഇതിന്റെ വരുംവരായ്കകൾ കാര്യമായി വിശകലനം ചെയ്യും. ഇതാവുമ്പോൾ പേപ്പർ കറൻസി അച്ചടിക്കുന്നത് പോലെ പണച്ചെലവുമില്ല. ഈ സാമ്പത്തിക വർഷം 4984 കോടി രൂപയാണ് റിസർവ് ബാങ്ക് നോട്ടച്ചടിക്കാൻ മാത്രം ചെലവാക്കിയത്.
താജ്മഹലും കുത്തബ് മിനാറും കിളച്ചു നോക്കുന്നത് ഒരു വശത്ത്. ഇതിന്റെയും മുഗൾ കാലഘട്ടത്തിലെ മറ്റു നിർമിതികളുടെയും ചരിത്രം രഹസ്യ സർവേ നടത്തി കണ്ടെത്താം. ഇതെല്ലാം സർക്കാർ പ്രഥമ പരിഗണന വെച്ച് ചെയ്യേണ്ട കാര്യങ്ങളാണോ എന്നതിൽ സംശയമുള്ളവരുണ്ടാവും. ഇതിന്റെയൊക്കെ മറവിൽ സാധാരണക്കാരന് താങ്ങാനാവാത്ത വിധം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. മസാലപ്പീടികയിൽ ചെന്ന് ഞങ്ങളിപ്പോൾ പ്രത്യേകമായി 'ഉണർന്ന' വിഭാഗമാണെന്ന് പറഞ്ഞാലൊന്നും ഒരു ഇളവും ലഭിക്കുകയില്ല. എല്ലാവരും ഒരേ പോലെ കൂടിയ വില തന്നെ നൽകണം. മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകാത്ത ചില ഗൗരവമേറിയ ചില കാര്യങ്ങളും ഇതിനിടയ്ക്ക് നടക്കുന്നുണ്ട്. ആധാർ വളരെ പ്രധാനപ്പെട്ട രേഖയാണെന്നാണല്ലോ വെപ്പ്. ഇതു സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പ് മഷി ഉണങ്ങുന്നതിന് മുമ്പ് പിൻവലിക്കേണ്ടി വന്നു. ഇതിലെന്തോ എവിടെയോ പന്തികേടുണ്ടല്ലോ എന്ന് സംശയിക്കാൻ ആരുമുണ്ടായില്ല. ആധാറിനെ മാസ്ക് ധരിപ്പിച്ച് മാത്രമേ മറ്റാർക്കും നൽകാവൂ എന്ന നിർദേശമാണ് പെട്ടെന്ന് പിൻവലിച്ചത്. ആധാറിന്റെ ദുരുപയോഗം തടയുന്നതിന് വേണ്ടി എന്നറിയിച്ചുകൊണ്ടായിരുന്നു കേന്ദ്രം നിർദേശം പുറപ്പെടുവിപ്പിച്ചത്. വിവിധ ആവശ്യങ്ങൾക്ക് കൈമാറ്റം ചെയ്യുമ്പോൾ മാസ്ക് ചെയ്ത കോപ്പി മാത്രമേ നൽകാവൂ എന്നും സ്വകാര്യ സ്ഥാപനങ്ങൾ ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് കുറ്റകരമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു. ആധാറിന്റെ ഫോട്ടോ കോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്നും ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും നിർദേശത്തിലുണ്ടായിരുന്നു. ആധാറിന്റെ ഫോട്ടോ കോപ്പി നൽകുന്നതിന് പകരം ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്ക് ആധാർ മതി. ഇതാണ് ഉടൻ തന്നെ തിരുത്തിയത്. മലക്കംമറിച്ചിലാണ് വെറുതെ അനാവശ്യ ചിന്തകളുണ്ടാക്കുന്നത്.
ഇന്ത്യയിലെ ബാങ്കുകളുടെ അച്ഛനാണ് റിസർവ് ബാങ്ക്. ബാങ്കിംഗ് മേഖലയിലെ കുഴപ്പങ്ങൾ മണത്തറിഞ്ഞ് പരിഹാരമുണ്ടാക്കുന്ന സ്ഥാപനം. മുമ്പ് കൊച്ചിൻ ബാങ്ക് തകർന്നപ്പോഴും നെടുങ്ങാടി ബാങ്ക് പ്രതിസന്ധിയിലായപ്പോഴും ആർ.ബി.ഐ എങ്ങനെയൊക്കെ ഇടപെടുമെന്ന് മലയാളികൾ മനസ്സിലാക്കിയതാണ്. അയൽപക്കത്ത് ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ സ്ഥിതി അത്ര മെച്ചവുമല്ല.
അപ്പോഴാണ് റിസർവ് ബാങ്ക് മറ്റൊരു വിഷയവുമായെത്തിയത്. 2021 - 22 സാമ്പത്തിക വർഷത്തിൽ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്നാണ് ആർബിഐ പറയുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെ വ്യാജനോട്ടിൽ 101.9 ശതമാനവും 2000 രൂപയുടെ വ്യാജ നോട്ടിൽ 54.16 ശതമാനവും വർധനയുണ്ടായി എന്നാണ് ആർബിഐ കണ്ടെത്തിയത്. മുൻ സാമ്പത്തിക വർഷത്തിൽ 500 രൂപ നോട്ടിന്റെ 39,451 വ്യാജ നോട്ടുകൾ കണ്ടെത്തിയത് 79,669 വ്യാജ നോട്ടുകളായി ഉയർന്നു. 2000 രൂപ നോട്ടിന്റെ 8798 വ്യാജ നോട്ടുകളുടെ സ്ഥാനത്ത് 13,604 എണ്ണം കണ്ടെത്തി. ഇവയിൽ 93 ശതമാനവും ദേശസാൽക്കൃത ബാങ്ക് ശാഖകളിൽ വെച്ചും അവശേഷിക്കുന്നവ സെൻട്രൽ ബാങ്കായ ആർബിഐയിലും വെച്ചാണ് തിരിച്ചറിഞ്ഞത്. ഇതൊന്നുമല്ലാതെ സർക്കുലേഷനിലുള്ള കറൻസിയിൽ ഇവ വ്യാപകമായിരിക്കാൻ സാധ്യതയേറെയാണ്.
എവിടെ പോയി ഒളിച്ചാലും കണ്ടുപിടിക്കാൻ പാകത്തിൽ ചിപ്പ് പിടിപ്പിച്ച 2000 ത്തിനേയും കള്ളനോട്ട് അച്ചടിക്കുന്നവർ ചേർത്തു പിടിച്ചിരിക്കുകയാണ്. ബാങ്ക് കൗണ്ടറിൽ നിന്നോ മറ്റോ ചെമ്പല്ലിയുടെ നിറമുള്ള ഈ നോട്ട് കിട്ടിയാൽ സാധാരണക്കാരുടെ നെഞ്ചിടിപ്പ് ഉയരാറുണ്ട്. കാരണം ഇതിന്റെ ആയുസ്സിനെപ്പറ്റി പിറവിയിൽ തന്നെ സംശയങ്ങളേറെയായിരുന്നു.
2016 ൽ കേന്ദ്ര സർക്കാർ നോട്ട് അസാധുവാക്കിയതിന് ന്യായീകരണമായി പറഞ്ഞിരുന്നത് കള്ളനോട്ടുകൾ തടായാനാണെന്നാണ്. 2016 നവംബറിലാണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്തു. . രാജ്യത്ത് വൻ പ്രതിസന്ധിയാണ് നോട്ടുനിരോധം കാരണം ജനങ്ങൾ നേരിട്ടത്.
എന്നാൽ ഈ നടപടി അഴിമതി തടയുമെന്നും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമെന്നും കള്ളപ്പണത്തിന്റെ ഉപയോഗം കുറയ്ക്കുമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ അവകാശവാദം.
2016 നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചത്.
ഉയർന്ന മൂല്യമുള്ള രണ്ട് കറൻസി റദ്ദാക്കിയപ്പോൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളിൽ എൺപത്തിയാറ് ശതമാനത്തോളം അസാധുവായി മാറി. ഇന്ത്യയിലെ ബാങ്ക് ശാഖകൾക്കും എ.ടി.എമ്മുകൾക്കും മുമ്പിൽ ജനങ്ങൾ നോട്ടിനായി ക്യൂ നിന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിസന്ധി തീർന്നതുമില്ല. സാധാരണക്കാർക്ക് ആവശ്യമായ നൂറ്, ഇരുന്നൂറ് ഡിനോമിനേഷനിലുള്ള കറൻസി ലഭിക്കുന്ന എടിഎമ്മുകൾ വിരളവും.
എല്ലായിടത്തും അഞ്ഞൂറിന്റെ ചാകരയാണ്. സ്കൂളിൽ പോകുന്ന കുട്ടികൾക്കും മറ്റും അഞ്ഞൂറ് രൂപ വെച്ച് എത്ര നാൾ കൊടുക്കാനാവും? എന്തോ ചെയ്തുകൂട്ടി, അതിന് യാതൊരു ഫോളോ അപ്പുമുണ്ടായില്ലെന്ന് ചുരുക്കം.
ഒരു നയം നടപ്പിലാക്കുമ്പോൾ അടിസ്ഥാന വിവരങ്ങൾ അവഗണിക്കരുത്. പ്രാബല്യത്തിലുള്ള 86 ശതമാനം നോട്ടുകൾ അസാധുവാക്കുമ്പോൾ അത് 90 ശതമാനം പാവങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കള്ളപ്പണമെന്നത് പുതിയ കാര്യമല്ല. സമാന്തര സമ്പദ്ഘടന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് എന്നും വെല്ലുവിളിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തിക രംഗത്ത് ധീരമായ ഇടപെടലുകൾ അപൂർവ സന്ദർഭങ്ങളിലുണ്ടായിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തി സമാഹരിക്കുന്നതാണ് കള്ളപ്പണം. കോടികളുടെ കള്ളപ്പണം വിദേശത്തുണ്ടെന്നും അത് തിരികെ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയതാണ് ബി.ജെ.പി സർക്കാർ. ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായ വേളയിൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾക്കായിരുന്നു പ്രസക്തി. ആദ്യ പഞ്ചവത്സര പദ്ധതികളിൽ ദാരിദ്ര്യം ഉച്ചാടനം ചെയ്യാനുള്ള പദ്ധതികൾക്ക് രാജ്യം നൽകിയ പ്രത്യേക പരിഗണനയിൽനിന്ന് ഇത് വ്യക്തമാണ്. സമ്പന്നരുടെ താൽപര്യത്തിന് ഊന്നൽ നൽകിയിരുന്ന ഇന്ത്യയിലെ ബാങ്കുകൾക്ക് മൂക്കുകയറിട്ടത് ഇന്ദിരാഗാന്ധിയുടെ ഭരണ കാലത്താണ്. പ്രധാന നഗരങ്ങളിൽ മാത്രം പ്രവർത്തിക്കാനായിരുന്നു അവർക്ക് താൽപര്യം. ഈ നിലപാട് മാറ്റിയെടുത്തതിന് കാരണം കേന്ദ്ര സർക്കാരിന്റെ ബാങ്ക് ദേശസാൽക്കരണ നയമാണ്.
ഇന്ദിരയാണ് എല്ലാ എതിർപ്പുകളും അതിജീവിച്ച് ബാങ്ക് ദേശസാൽക്കരണം യാഥാർഥ്യമാക്കിയത്. കുത്തക വ്യവസായികൾക്ക് മാത്രം ലഭ്യമായിരുന്ന ബാങ്ക് വായ്പ ഗ്രാമീണ മേഖലയിലെ ആവശ്യക്കാർക്ക് പോലും ലഭിക്കുമെന്നായി.
അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലേറിയ മൊറാർജി ദേശായി സർക്കാരിന്റെ കാഴ്ചപ്പാട് വലതുപക്ഷ താൽപര്യങ്ങളുടേതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഈ കാലയളവിലാണ് ഇന്ത്യയിൽ ആദ്യമായി കറൻസി റദ്ദാക്കൽ പരിഷ്കരണം നടപ്പാക്കുന്നത്. പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് അന്ന് മൊറാർജി സർക്കാർ പിൻവലിച്ചത്.
നോട്ട് നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണം ഇല്ലാതാക്കുകയാണെന്ന വാദം പരാജയപ്പെട്ടപ്പോൾ നോട്ട് നിരോധനം ഇന്ത്യയെ നോട്ട് രഹിത സാമ്പത്തിക സമൂഹമാക്കുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം ഡിജിറ്റൽ പണമിടപാട് ആദ്യം ഉയർന്നെങ്കിലും പിന്നീട് അത് താഴ്ന്ന നിലയിലെത്തി. നോട്ട് നിരോധനത്തിന് ശേഷം മാസം തോറും ഡിജിറ്റൽ പണമിടപാടിന്റെ തോത് കുറഞ്ഞു വരികയായിരുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നതിനെ കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) വിദഗ്ധരുമായി കൂടിയാലോചിച്ച് നടപ്പാക്കുമെന്നാണ് അവർ പറഞ്ഞത്. ഇതിന്റെ വരുംവരായ്കകൾ കാര്യമായി വിശകലനം ചെയ്യും.
ഇതാവുമ്പോൾ പേപ്പർ കറൻസി അച്ചടിക്കുന്നത് പോലെ പണച്ചെലവുമില്ല. ഈ സാമ്പത്തിക വർഷം 4984 കോടി രൂപയാണ് റിസർവ് ബാങ്ക് നോട്ടച്ചടിക്കാൻ മാത്രം ചെലവാക്കിയത്.






