സോണിയക്കും രാഹുലിനും സമന്‍സ്; പ്രതികാര രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് അയച്ച  സമന്‍സ് പ്രതികാര രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ്.
ഇത് രാജ്യത്തെ മറ്റ് എതിരാളികളോട് ചെയ്തത് പോലെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പകപോക്കലിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാലയും അഭിഷേക് മനു സിംഗ ്‌വിയും പത്രസമ്മേളനത്തില്‍ പറഞ്ഞു.

2015ല്‍ അവസാനിപ്പിച്ച ഈ കേസില്‍ പണം ഉള്‍പ്പെട്ടിട്ടില്ലെന്നും  കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
1942ലാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം ആരംഭിച്ചത്.  അക്കാലത്ത് ബ്രിട്ടീഷുകാര്‍ അത് പൂട്ടാന്‍ ശ്രമിച്ചിരുന്നു. ഇന്ന് മോഡി സര്‍ക്കാരും ബ്രിട്ടീഷുകാര്‍ ചെയ്തത് തന്നെയാണ് ചെയ്യുന്നത്. ഇപ്പോള്‍ ഇ.ഡിയെ ആണ് ഇതിനായി ഉപയോഗിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ഗാന്ധിക്കും മകനും എംപിയുമായ രാഹുല്‍ ഗാന്ധിക്കും ബുധനനാഴ്ചയാണ് ഇ.ഡി സമന്‍സ് നല്‍കിയത്. മൊഴി രേഖപ്പെടുത്താന്‍ ഇരുവരും ജൂണ്‍ എട്ടിന് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകണം.
നാഷണല്‍ ഹെറാള്‍ഡ് ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ഗാന്ധിമാര്‍ ഉള്‍പ്പെടെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കേസ്.

 

Latest News