ശ്രീനഗര്‍-പ്രധാനമന്ത്രിയുടെ പാക്കേജിനു കീഴില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളെ അടുത്ത ദിവസത്തിനുള്ളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയില്ലെങ്കില്‍ താഴ്‌വരയില്‍ നിന്ന് കൂട്ട പലയാനം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി പണ്ഡിറ്റുകള്‍.
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ചൊവ്വാഴ്ച ഹിന്ദു അധ്യാപികയെ ഭീകരര്‍ വെടിവച്ചു കൊന്നതിനെ തുടര്‍ന്നാണ് പണ്ഡിറ്റുകളുടെ സമ്മര്‍ദം.
കുല്‍ഗാമിലെ ഗോപാല്‍പോറയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിയമിച്ച സാംബ ജില്ലയില്‍ നിന്നുള്ള അധ്യാപിക രജനി ബാലയാണ് (36) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റ ബാലയെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇവര്‍ കശ്മീരി പണ്ഡിറ്റാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
പ്രദേശം വളഞ്ഞതായും അക്രമികളെ കണ്ടെത്തുന്നതിനായി തിരിച്ചല്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ ഭീകര കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്ന് പോലീസ് വക്താവ് പറഞ്ഞു.
ബാലയുടെ കൊലപാതകം ജമ്മു കശ്മീരിലെ നിലവിലുള്ള സുരക്ഷാ സാഹചര്യത്തിന്റെ വ്യക്തമായ ചിത്രം നല്‍കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
കശ്മീരില്‍ താമസിച്ചിരുന്ന ഒരു അധ്യാപിക രക്തസാക്ഷിയായി. സംസ്ഥാനത്ത് എത്രമാത്രം സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. നമ്മള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് ഇത് കാണിക്കുന്നു- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഫാറൂഖ് അബ്ദുല്ലയുടെ മകനും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു.






