കണ്ണൂര്‍- കഞ്ചാവ് കേസ് പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മൂന്ന് സി.ഐ ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പഴയങ്ങാടി സി.ഐ, ഇ.എം. രാജഗോപാലന്‍, എസ്.ഐ ജിമ്മി, പയ്യന്നൂര്‍ ഗ്രേഡ് എസ്.ഐ ശാര്‍ങ്ധരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവ് ആണ് മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്തത്
ഏപ്രില്‍ 16 നാണ് സംഭവത്തിന്റെ തുടക്കം. അന്ന് രാത്രി നീരൊഴുക്കുംചാലില്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ മാടായി മൊട്ടാമ്പ്രത്തെ വലിയമായത്തില്‍ വീട്ടില്‍ എ.വി. സഫ്‌വാനെ പിടികൂടിയെന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും ഇതോടൊപ്പം പിടികൂടിയ കാര്‍ സ്‌റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചെങ്കിലും അത് കൈക്കൂലി വാങ്ങി വിട്ടുനല്‍കിയെന്നാണ് പരാതി. തളിപ്പറമ്പ് കുപ്പത്തെ ഒരാളാണ് ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. മയക്കുമരുന്നു കേസില്‍ പിടികൂടുന്ന വാഹനങ്ങള്‍ തിരികെ ലഭിക്കാന്‍ സാധ്യത വളരെ കുറവായതിനാലാണ് ഇടനിലക്കാരന്‍ രംഗത്തുവന്നത്. 60,000 രൂപ കാറുടമയോട് വാങ്ങിയ ഇടനിലക്കാരന്‍ 30,000 രൂപ സി.ഐക്ക് ഗൂഗിള്‍പേ വഴി നല്‍കിയതായാണ് വിവരം.
പണം വാങ്ങിയ ശേഷം, കാര്‍ വിട്ടുനല്‍കുകയും ചെയ്തു. എന്നാല്‍ ബാക്കി 30,000 രൂപ ഇടനിലക്കാരന്‍ കൈക്കലാക്കിയത് പുറത്തായതോടെയാണ് സംഭവം പോലീസിന്റെ ഉന്നത തലത്തില്‍ എത്തിയത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി നേരിട്ട് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.