ഹൈദരാബാദ്- ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച നവവധുവായ മകളേയും മകളെ പിന്തുണച്ച ഭാര്യയേയും അടിച്ചു കൊലപ്പെടുത്തി. തെലങ്കാനയിലെ മഹബൂബ് നഗര്‍ ജില്ലയിലാണ് സംഭവം.
അമ്മായിയമ്മയുടെ അടുത്തേക്ക് പോകാന്‍ മകള്‍ വിസമ്മതിച്ചതും ഭാര്യ അവളെ പിന്തുണച്ചതുമാണ് കൃഷ്ണയ്യ എന്നയാളെ ക്ഷുഭിതനാക്കിയതും കൊലപാതകങ്ങള്‍ നടത്തിയതും.
ഇവരെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച ഇയാള്‍ ആശുപത്രിയില്‍ ഗുരുതര നിലയിലാണെന്ന് പോലീസ് പറഞ്ഞു.
മെയ് എട്ടിനായിരുന്നു ജയ്‌നല്ലിപൂര്‍ ഗ്രാമത്തിലെ സരസ്വതി (22) യും മഹബൂബ് നഗര്‍ ടൗണില്‍ നിന്നുള്ള യുവാവും തമ്മിലുള്ള വിവാഹം. 10 ദിവസത്തിന് ശേഷം യുവതി മാതാപിതാക്കളുടെ അടുത്തേക്ക് വന്നു. തനിക്ക് ഇഷ്ടമില്ലാത്ത പുരുഷനെയാണ് അടിച്ചേല്‍പിച്ചതെന്ന് പറഞ്ഞാണ് സരസ്വതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിച്ചത്.
അമ്മായിയമ്മയുടെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് അച്ഛന്‍ കൃഷ്ണയ്യ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച വീണ്ടും ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സരസ്വതിയുടെ അമ്മ കലാമ്മ (43) പിന്തുണയുമായി രംഗത്തെത്തി. വാക്കുതര്‍ക്കത്തിനിടെ കൃഷ്ണയ്യ മകളെയും ഭാര്യയെയും വടികൊണ്ട് ആക്രമിക്കുകയും വിഷപദാര്‍ത്ഥം കഴിക്കുകയും ചെയ്തു. മകനെ ഫോണില്‍ വിവരമറിയിക്കുകയും ചെയ്തു.
കൃഷിയിടത്തില്‍ നിന്ന് വീട്ടിലേക്ക് ഓടിയെത്തിയ മകന്‍ മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റി. സരസ്വതിയുടെയും അമ്മയുടെയും നില ഗുരുതരമായതിനാല്‍ ഹൈദരാബാദിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്.
മഹബൂബ് നഗര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ള കൃഷ്ണയ്യയുടെ നില അതീവഗുരുതരമാണ്.






