Sorry, you need to enable JavaScript to visit this website.

ഡോളര്‍ പ്രതിസന്ധി; ശ്രീലങ്കയില്‍നിന്ന് ഇത്തവണ ഹാജിമാരില്ല

കൊളംബോ-സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍നിന്ന് ഇത്തവണ ഹജ് തീര്‍ഥാടകരെ അയക്കില്ല. കൊളംബോ ആസ്ഥാനമായുള്ള ഓള്‍സിലോണ്‍ ഹജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുസ്‌ലിം മത സാംസ്‌കാരിക കാര്യ ഡയറക്ടറില്‍ യോഗം ചേര്‍ന്നാണ്  നിലവിലെ സാഹചര്യവും ജനങ്ങളുടെ ദുരിതവും കണക്കിലെടുത്ത് ഈ വര്‍ഷം തീര്‍ഥാടകരെ അയക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തെ നിലവിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഈ വര്‍ഷത്തെ ഹജിന് പോകുന്നത് ഒഴിവാക്കാനും ക്വാട്ട സൗദി അറേബ്യക്ക് തിരികെ നല്‍കാനും  അംഗങ്ങള്‍ തീരുമാനിച്ചതായി അസോസിയേഷന്‍ അറിയിച്ചു.
ഈ വര്‍ഷം ഹജ് നിര്‍വഹിക്കാന്‍ ശ്രീലങ്കയിലെ തീര്‍ഥാടകര്‍ക്ക് 1585 വിസ അനുവദിച്ചതിന് സൗദി അറേബ്യന്‍ ഗവണ്‍മെന്റിനോട് ഞങ്ങള്‍ നന്ദി അറിയിക്കുന്നു.
അടുത്ത വര്‍ഷത്തെ ഹജിന് ശ്രീലങ്കക്ക് കൂടുതല്‍ വിസ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അസോസിയേഷന്‍ സൗദി അറേബ്യയോട് നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ ക്വാട്ട ലഭിച്ചിട്ടും ഹജ് തീര്‍ഥാടനം ഉപേക്ഷിക്കാനുള്ള മുസ്ലീം സമൂഹത്തിന്റെ തീരുമാനത്തെ  അഭിനന്ദിക്കുന്നുവെന്ന് പരിസ്ഥിതി മന്ത്രി ഹാഫിസ് നസീര്‍ അഹമ്മദ് പറഞ്ഞു. പുതിയ മന്ത്രിസഭയിലെ ഏക മുസ്ലിം അംഗമാണ് അദ്ദേഹം. മാതൃരാജ്യത്തിനുവേണ്ടി തങ്ങളുടെ സുപ്രധാനമായ കര്‍മം ത്യജിക്കാന്‍ സമൂഹം മുന്നോട്ട് വന്നതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം മത സാംസ്‌കാരിക വകുപ്പിലാണ് 86 അംഗ അസോസിയേഷന്റെ യോഗം ചേര്‍ന്നതെന്നും  തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്നും ഓള്‍സിലോണ്‍ ഹജ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റിസ്മി റിയല്‍ പറഞ്ഞു.

 

Latest News