VIDEO പര്‍ദയിട്ട് ബജ്‌റംഗ് ദളുകാരുടെ പാട്ടും നൃത്തവും, കുടക് ജില്ലയില്‍ പതിവ് കാഴ്ച

ബെംഗളൂരു-  ബുര്‍ഖ ധരിച്ച പുരുഷന്മാര്‍ കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ നേതാവ് ഹരീഷ് പൊയ്യയ്യയോടൊപ്പം  നൃത്തം ചെയ്യുന്ന  വീഡിയോ ട്വിറ്ററില്‍. മദ്യപിച്ച നിലയിലുള്ള ഡാന്‍സിന്റെ വീഡിയോ കര്‍ണാടക ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ഇര്‍ഷാദാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
കാടോലേരി കുട്ടപ്പ അധ്യക്ഷനായ വെസ്റ്റ് കൊളക്കേരി ഗ്രാമാഭിവൃദ്ധി സംഘത്തിന്റെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് മേയ് 29ന് കുടക് ജില്ലയിലെ നാപോക്ലു ഗ്രാമത്തിലായിരുന്നു സംഭവം.

വെസ്റ്റ് കൊളക്കേരി ഗ്രാമാഭിവൃദ്ധി പ്രസിഡന്റും ബി.ജെ.പി നേതാവുമായ രമേഷ് മുത്തയ്യ, കോണ്‍ഗ്രസ് എം.എല്‍.സി വീണാ അച്ചയ്യ എന്നിവരോടൊപ്പം നിരവധി ബജ്‌റംഗ്ദള്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
ഉദ്ഘാടന ചടങ്ങിനാണ് കോണ്‍ഗ്രസ് എം.എല്‍.സി എത്തിയതെന്നും നൃത്തത്തിനിടെ ഉണ്ടായിരുന്നില്ലെന്നും കെ.മുത്തയ്യ വ്യക്തമാക്കി.  ബുര്‍ഖ നൃത്തത്തെ കുറിച്ച് ചോദിച്ചപ്പോള്‍  ഗ്രാമത്തില്‍ സാമുദായിക സൗഹാര്‍ദ്ദമുണ്ടെന്നും പരിപാടി മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം മറുപടി നല്‍കി.

അവഹേളനപരമായ നൃത്തത്തിന്റെ രൂപത്തില്‍ നിരവധി മുസ്ലീം വിരുദ്ധ സംഭവങ്ങള്‍ക്ക് കുടക് സാക്ഷ്യം വഹിക്കുകയാണ്. മാസങ്ങളായി ഇവിടത്തെ ഗ്രാമങ്ങളില്‍ ഹിന്ദുത്വ സംഘടനക്കാര്‍ ബുര്‍ഖയും തൊപ്പിയും ധരിച്ച് വളരെ നിന്ദ്യമായ രീതിയില്‍ റോഡുകളില്‍ നൃത്തം ചെയ്യുന്നു. സാധാരണ ഹിന്ദുക്കള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറില്ലെന്നതാണ് നാട്ടുകര്‍ ആശ്വാസമായി പറയുന്നത്. കുടക് ജില്ലയിലെ വിരാജ്‌പേട്ട നിയോജക മണ്ഡലത്തിലെ കുട്ട, ചെമ്പെ ബെല്ലൂര്‍ ഗ്രാമങ്ങളിലാണ് ഇത്തരം നൃത്തങ്ങള്‍ സാധാരണ കാഴ്ചയായി മാറിയിരിക്കുന്നത്.
ഇത്തരം നൃത്തങ്ങള്‍ പൊതുവെ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടാണ്  അരങ്ങേറുന്നത്.   ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങള്‍ നടത്തിയും മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നൃത്തങ്ങള്‍ സംഘടിപ്പിക്കുന്നു. മുസ്ലിംകള്‍ പരാതി നല്‍കാനും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും ശ്രമിച്ചാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നും പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കുടക് ജില്ലയില്‍, ബജ്‌റംഗ്ദളിന്റെ കേഡറ്റുകള്‍ക്ക് ഒരാഴ്ച നീണ്ടുനിന്ന ആയുധ പരിശീലനം സംഘടിപ്പിച്ചിരുന്നു. പൊന്നമ്പേട്ട് വില്ലേജിലെ സായ് ശങ്കര്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു പരിശീലനം. ഇതിന്റെ ഫോട്ടോകള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. കുടക് ജില്ലയില്‍ ഇത്തരത്തിലുള്ള പരിശീലനങ്ങളും പരിപാടികളും വളരെക്കാലമായി നടക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ബജ്‌റംഗ്ദള്‍ പരിശീലന ക്യാമ്പിനെതിരെ കേസെടുത്ത ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയതിനുശേഷം ജില്ലയിലെ പല പോലീസ് ഉദ്യോഗസ്ഥരും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ മടിക്കുകയാണെന്നും പറയുന്നു.
ബജ്‌റംഗ്ദള്‍ നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത മടിക്കേരി ജില്ലയിലെ ഗോണിക്കൊപ്പ സര്‍ക്കിള്‍ ഇന്‍സ്പ്‌കെടര്‍ എസ്.എം ജയറാമിനെയാണ്  ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍  ലോകായുക്തയിലേക്ക് സ്ഥലം മാറ്റിയത്.

 

Latest News