സ്ഥാനാർത്ഥികൾ മത - സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്ന കാഴ്ചയും വർഗീയ - സാമുദായിക താൽപര്യങ്ങൾക്കനുസരിച്ചുള്ള പ്രസ്താവനകളുമൊക്കെ സജീവമാകുന്നത് അങ്ങനെയാണ്. ജോർജിന്റെ വിവാദ പ്രസംഗത്തിനും വാളേന്തിയ പെൺകുട്ടികളുടെ പ്രകടനത്തിനും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പ്രകോപന മുദ്രാവാക്യങ്ങൾക്കൊക്കെ കേരളം സാക്ഷ്യം വഹിച്ചത് തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു. അങ്ങനെയാണ് ആരു ജയിച്ചാലും തോറ്റാലും വർഗീയ വികാരങ്ങൾ ഇളക്കിവിട്ട ഒന്നായി ഈ തെരഞ്ഞെടുപ്പു കാലം ഓർക്കപ്പെടുമെന്നു സൂചിപ്പിച്ചത്.
കേരളത്തിൽ ഒരു ഉപതെരഞ്ഞെടുപ്പിലും കാണാത്ത രീതിയിലുള്ള വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണമാണ് തൃക്കാക്കരയിൽ നടന്നത്. വാസ്തവത്തിൽ ഇത്രമാത്രം പ്രാധാന്യം ഈ തെരഞ്ഞെടുപ്പിനുണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. തെരഞ്ഞെടുപ്പു ഫലം എന്തായാലും കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല. തീർച്ചയായും സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയാണെങ്കിൽ യുഡിഎഫിനും കോൺഗ്രസിനും തിരിച്ചടിയായിരിക്കും. പക്ഷേ അതും കേരളത്തിൽ പുതുമയുള്ള കാര്യമല്ല. എന്നിട്ടും ഇരുമുന്നണികളും വൻ പ്രാധാന്യമാണ് ഈ തെരഞ്ഞെടുപ്പിനു നൽകിയത്. മുഴുവൻ ശക്തിയും കേന്ദ്രീകരിച്ചാണ് പ്രചാരണങ്ങൾ നടത്തിയത്. എന്നാൽ എന്തായിരുന്നു ഈ പ്രചാരണത്തിന്റെ ബാക്കിപത്രം? ഭാവിയിൽ ഇക്കാലം കേരള രാഷ്ട്രീയ ചരിത്രത്തിൽ എങ്ങനെയാണ് രേഖപ്പെടുത്തുക? തീർച്ചയായും അത് ഉശിരൻ രാഷ്ട്രീയ പോരാട്ടത്തിന്റെ പേരിലാകില്ല, മറിച്ച് വർഗീയ, സാമുദായിക വികാരങ്ങൾ പരമാവധി ഇളക്കിവിട്ട കാലം എന്നതാണ് നിർഭാഗ്യകരം.
തൃക്കാക്കര തെരഞ്ഞെടുപ്പിന് അമിത പ്രാധാന്യം നൽകാൻ യുഡിഎഫിനും എൽഡിഎഫിനും എൻഡിഎക്കുമെല്ലാം അവരുടെ കാരണങ്ങളുണ്ടാകും. യുഡിഎഫിനും കോൺഗ്രസിനുമത് സിറ്റിംഗ് സീറ്റാണ്. രാജ്യം മുഴുവൻ രൂക്ഷമായ പ്രതിസന്ധിയെ നേരിടുമ്പോൾ ഒരു ചെറിയ വിജയം പോലും കോൺഗ്രസിനു പ്രധാനമാണ്. പിണറായി സർക്കാരിനു രണ്ടാമൂഴം ലഭിച്ച ഞെട്ടലിൽ നിന്ന് വിമുക്തമാകാത്ത കോൺഗ്രസിനു ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അതു താങ്ങാനാവുന്നതല്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാകട്ടെ, അത് വ്യക്തിപരമായ നിലനിൽപിന്റെ പ്രശ്നം കൂടിയാണ്. നിരവധി സീനിയർ നേതാക്കളെ മറികടന്ന് പ്രതിപക്ഷ നേതാവെന്ന സ്ഥാനത്തെത്തിയ അദ്ദേഹത്തിന് രാഷ്ട്രീയ നിലനിൽപിന് ഈ വിജയം അനിവാര്യമാണ്. ഉമ തോമാസിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും അദ്ദേഹം തന്നെ. ഉപതെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള പ്രചാരണം നടത്തിയെങ്കിലും യുഡിഎഫിലെയോ കോൺഗ്രസിലെയോ സീനിയർ നേതാക്കൾ കൂടുതൽ സമയമൊന്നും മണ്ഡലത്തിൽ ചെലവഴിച്ചിട്ടില്ല എന്നത് വസ്തുതയാണ്. തൃക്കാക്കരയിൽ തങ്ങളുടെ സ്ഥാനാർത്ഥിയുടെ തോൽവി ആഗ്രഹിക്കുന്നവർ കോൺഗ്രസിൽ നിരവധിയാണെന്ന് പകൽ പോലെ വ്യക്തമാണ്.
എൽഡിഎഫിലേക്കു വന്നാൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ഏറ്റവും മികച്ച രീതിയിൽ തന്നെയായിരുന്നു അവരുടെ പ്രകടനം. മുഖ്യമന്ത്രിയടക്കമുള്ള സീനിയർ നേതാക്കളെല്ലാം ഒരുപാട് സമയം മണ്ഡലത്തിൽ ചെലവഴിച്ചു. തുടർഭരണം യാദൃഛികമായിരുന്നില്ല എന്നും ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണത്തെ ജനം അംഗീകരിക്കുന്നു എന്നു തെളിയിക്ക
ലുമാണ് അവരുടെ ലക്ഷ്യം. അതോടെ തങ്ങളുടെ സ്ഥാനം സുരക്ഷിതമായെന്ന് അവർക്കറിയാം. പിണറായിക്കാകട്ടെ, ഭരണത്തിലും പാർട്ടിയിലും തന്റെ സ്ഥാനം സംശയലേശമെന്യേ അരക്കിട്ടുറപ്പിക്കാനുള്ള അവസരം കൂടിയാണിത്. സർക്കാരിന്റെ വികസന നിലപാടുകളെ ജനം അംഗീകരിക്കുന്നു എന്നവകാശപ്പെടാനും കെ. റെയിലടക്കമുള്ള പദ്ധതികൾ നടപ്പാക്കാനും ഈ വിജയം സഹായകമായിരിക്കും. അഥവാ വിജയിച്ചില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം വൻതോതിൽ കുറയുന്നതും അവർ വിജയമായി തന്നെ കണക്കാക്കുമെന്നുറപ്പ്. മറുവശത്ത് എൻഡിഎക്കുള്ളത് ഒറ്റ ലക്ഷ്യം മാത്രം. കഴിഞ്ഞ തവണ കുറഞ്ഞ വോട്ട് വിഹിതം കൂട്ടുക. ഒപ്പം ക്രിസ്ത്യൻ വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. സമകാലീന സംഭവങ്ങളിലൂടെയും പി.സി. ജോർജിലൂടെയുമെല്ലാം അതിനു കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. കേന്ദ്ര നേതൃത്വത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കെ. സുരേന്ദ്രന് അത് അനിവാര്യമാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അതനുസരിച്ച് കൃത്യമായ രാഷ്ട്രീയം പറഞ്ഞുള്ള പ്രചാരണമാണ് തൃക്കാക്കരയിൽ നടന്നതെന്ന് പറയാനാകില്ല. തുടക്കത്തിൽ വികസനത്തെ മുൻനിർത്തിയാണ് പ്രചാരണമാരംഭിച്ചത്. കേരളത്തിന്റെ പൊതുവായ വികസന പ്രശ്നങ്ങളും മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും സജീവ ചർച്ചയായി തുടങ്ങിയതായിരുന്നു. കെ. റെയിലിനെ കേന്ദ്രമാക്കിയായിരിക്കും പ്രചാരണം നടത്തുക എന്ന് ഒരു ഘട്ടത്തിൽ ഇരുമുന്നണികളും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പിന്നീടാ വിഷയം പിറകോട്ടുപോകുകയായിരുന്നു. വികസന വിഷയം ശക്തമായി ഉന്നയിച്ച ഇടതുമുന്നണി തന്നെയാണ് തന്ത്രപൂർവം ആദ്യം പിറകോട്ടടിച്ചത്. എന്തായാലും തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സർവേയുടെ പേരിൽ കല്ലിടൽ എന്ന ഏറെ പ്രതിഷേധമുയർത്തിയ പരിപാടി സർക്കാർ നിർത്തിവെച്ചു. മറുവശത്ത് മണ്ഡലത്തിലെയും കൊച്ചിയിലെയും വികസന വിഷയത്തെ കുറിച്ചുള്ള ചർച്ചയിൽ പല പ്രധാന പദ്ധതികളും നടപ്പാക്കിയത് തങ്ങളുടെ കാലത്താണെന്ന് സ്ഥാപിക്കാൻ യുഡിഎഫിനാകുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിൽ എൽഡിഎഫ് വികസനത്തെ കുറിച്ചുള്ള പൊതുവായ കാര്യങ്ങളിൽ ഒതുങ്ങുകയായിരുന്നു. പിന്നാലെ യുഡിഎഫും. പിന്നീടാണ് അനഭിലഷണീയമായ ചർച്ചകളിലേക്ക് തൃക്കാക്കര രാഷ്ട്രീയം നീങ്ങിയത്.
കേരളത്തിൽ അടുത്ത കാലത്തായി ശക്തിപ്പെടുന്ന വളരെ മോശപ്പെട്ട വർഗീയ രാഷ്ട്രീയത്തിന്റെ സ്വാധീനമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സിപിഎമ്മിനെ എത്തിച്ചതെന്ന് വ്യക്തം. ആ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് പി.സി. ജോർജ്. ലൗ ജിഹാദും നാർകോട്ടിക് ജിഹാദും മരുന്നുകൾ നൽകി വന്ധീകരണവും തുടങ്ങി അടുത്ത കാലത്ത് സംസ്ഥാനത്തുയർന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളെല്ലാം ഈ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇരുമുന്നണി സംവിധാനങ്ങള മറികടന്ന് കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ ഇതുവരെയും കഴിയാത്ത സംഘപരിവാർ ന്യൂനപക്ഷങ്ങളിലൊരു വിഭാഗത്തെ കൂട്ടുപിടിച്ച് അതിനായുള്ള ശ്രമത്തിലാണ്. അതിലൊരു വിഭാഗം വീണു എന്നു തന്നെയാണ് സമീപകാല സംഭവങ്ങൾ നൽകുന്ന സൂചന. മറ്റു സംസ്ഥാനങ്ങളിലെല്ലാം മതേതരത്വത്തെ തകർക്കുന്ന സംഘപരിവാർ നിലപാടുകൾക്കെതിരെ രാഷ്ട്രീയ നിലപാടെടുക്കുന്ന സഭകളിലൊരു ഭാഗം കേരളത്തിൽ അവർക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിനെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റാനുള്ള നീക്കവും കാണുന്നു. അടുത്ത കാലം വരെ ഭൂരിപക്ഷ വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന പി.സി. ജോർജിനെ മാത്രമല്ല, പല പുരോഹിതന്മാരെ പോലും ഈ ദിശയിൽ കൊണ്ടുവരാൻ വർഗീയ ശക്തികൾക്കായി. അവരുടെ പ്രതിനിധിയായി ജോർജ് തന്നെ തൃക്കാക്കരയിൽ മത്സരിക്കാനിറങ്ങുമോ എന്ന ആശങ്കയാണ് അതിനെ മറികടന്ന് ജോ ജോസഫിനെ പോലൊരാളെ സ്ഥാനാർത്ഥിയാക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.
ഈ തീരുമാനത്തോടെയാണ് തൃക്കാക്കര പ്രചാരണ രംഗം മാറിയത്. സ്ഥാനാർത്ഥികൾ മത - സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്ന കാഴ്ചയും വർഗീയ - സാമുദായിക താൽപര്യങ്ങൾക്കനുസരിച്ചുള്ള പ്രസ്താവനകളുമൊക്കെ സജീവമാകുന്നത് അങ്ങനെയാണ്. ജോർജിന്റെ വിവാദ പ്രസംഗത്തിനും വാളേന്തിയ പെൺകുട്ടികളുടെ പ്രകടനത്തിനും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പ്രകോപന മുദ്രാവാക്യങ്ങൾക്കുമൊക്കെ കേരളം സാക്ഷ്യം വഹിച്ചത് തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു.
അങ്ങനെയാണ് ആരു ജയിച്ചാലും തോറ്റാലും വർഗീയ വികാരങ്ങൾ ഇളക്കിവിട്ട ഒന്നായി ഈ തെരഞ്ഞെടുപ്പു കാലം ഓർക്കപ്പെടുമെന്നു സൂചിപ്പിച്ചത്. അതേസമയം അതായിരിക്കും തെരഞ്ഞെടുപ്പു ഫലത്തെ നിർണയിക്കുക എന്നു പറയാനാകില്ല. കാരണം രണ്ടായിരത്തി പതിനാറിൽ പോലും സഭ എതിർത്ത സ്ഥാനാർത്ഥി പി.ടി. തോമസിനു, സഭക്ക് അനഭിമതനല്ലാത്ത സെബാസ്റ്റിയൻ പോളിനെ മറികടന്ന് വോട്ട് നൽകിയവരാണ് തൃക്കാക്കരക്കാർ. കഴിഞ്ഞ തവണയും അതു തന്നെ ആവർത്തിച്ചു.
അതിനാൽ വർഗീയ പ്രചാരണങ്ങളിൽ കുടുങ്ങാതെ, കൃത്യമായ രാഷ്ട്രീയ നിലപാടോടെ തൃക്കാക്കരക്കാർ വോട്ട് ചെയ്യുമെന്നു തന്നെ പ്രതീക്ഷിക്കാം. ആർക്കു വേണെമെങ്കിലുമാകട്ടെ, അത് രാഷ്ട്രീയ നിലപാടോടെയായിരിക്കണം. വർഗീയ പരിഗണനയോടെ ആകരുത്. അത്തരമൊരു നിലപാടിലേക്ക് തൃക്കാക്കരക്കാർ ഉയരുമെന്നു തന്നെ പ്രതീക്ഷിക്കാം. അപ്പോഴും ഇത്തരമൊരു പ്രചാരണം വരുംകാല തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകാതിരിക്കാൻ മതേതര ജനാധിപത്യ ശക്തികൾ തീരുമാനമെടുക്കേണ്ടതുണ്ട്.






