സുഗന്ധ പാര്‍ക്ക് വേണ്ടിടത്ത് സര്‍ക്കാര്‍ നല്‍കുന്നത് ചാണക പ്ലാന്റ്- അഖിലേഷ് യാദവ്

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ തീര്‍ത്തും അസ്ഥാനത്താണെന്നും ബജറ്റ് ജനവിരുദ്ധമാണെന്നതിനപ്പുറം വളര്‍ച്ച വിഭാവനം ചെയ്യുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവ്.
യാതൊരു ഉള്‍ക്കാഴ്ചയോ ദീര്‍ഘവീക്ഷണമോ ഇല്ലാതെയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന്  ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ആരോപിച്ചു.  
പല ജില്ലകളിലും  ചിന്താശൂന്യമായ പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. കന്നൂജിന് ചാണക പ്ലാന്റ് അനുവദിക്കുന്നതിന് പകരം എസ്.പി സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്ന സുഗന്ധ പാര്‍ക്ക് പദ്ധതിയെ പിന്തുണക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശീയമായ സുഗന്ധദ്രവ്യമായ ഇറ്റാറിന്റെ പെര്‍ഫ്യൂം തലസ്ഥാനമാണ് കന്നൂജെന്നും ചെടികള്‍ വളര്‍ത്തുന്ന പാര്‍ക്ക് അതിന്റെ ഐഡന്റിറ്റി നിലനിര്‍ത്താന്‍  സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാണക പ്ലാന്റ് നല്‍കി ഈ ജില്ലയുടെ സ്വത്വത്തെ തന്നെ പരിഹസിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
ദീര്‍ഘവീക്ഷണമില്ലാത്തതും വിചിത്രവുമായ പരിപാടികളുടെ പേരില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച അഖിലേഷ് യാദവ് തന്റെ സര്‍ക്കാരിന്റെ എല്ലാ വികസന പദ്ധതികളും പാഴാക്കിയെന്നും  സമൃദ്ധി നല്‍കുന്നതിനുപകരം തലതിരിഞ്ഞ ബജറ്റാണ് അവതരിപ്പിച്ചതെന്നും പറഞ്ഞു. ബജറ്റ് സംസ്ഥാനത്തെ വര്‍ഷങ്ങള്‍ പിന്നോട്ട് കൊണ്ടുപോകുമെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
ഗോമാതാവിനെ സംരക്ഷിക്കുന്നുവെന്ന തെറ്റായ പ്രചാരണമാണ് യോഗി സര്‍ക്കാര്‍ നടത്തുന്നത്. പശുവിനോടുള്ള അവരുടെ ബഹുമാനം യഥാര്‍ത്ഥമായിരുന്നെങ്കില്‍ അലഞ്ഞുതിരിയാന്‍ വിടുന്നതിനു പകരം   കൂടുതല്‍ നന്നായി പരിപാലിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പശുവിന്‍പാല്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം തന്റെ ഭരണകാലത്ത് പ്രാദേശിക ക്ഷീരസംഘമായ പരാഗിന് എല്ലാ ഇളവുകളും സംരക്ഷണവും നല്‍കിയിരുന്നുവെന്നും പശുവിന്‍പാല്‍ പ്രോത്സാഹിച്ചിരുന്നുവെന്നും പറഞ്ഞു.

 

Latest News