Sorry, you need to enable JavaScript to visit this website.

നാണവും മാനവും ഉണ്ടെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം- എം. സ്വരാജ്

കൊച്ചി- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എം. സ്വരാജ്. നാണവും മാനവും ഉണ്ടെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഇടതുമുന്നണി മണ്ഡലം സെക്രട്ടറി കൂടിയായ എം. സ്വരാജ് ആവശ്യപ്പെട്ടു.

കോട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫ് അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ സ്വരാജ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. 'കേരളത്തിന്റെ സാമാന്യ ബോധത്തെയും നീതിബോധത്തെയും വെല്ലുവിളിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം നടത്തിയ ആക്രോശങ്ങളുണ്ട്. എല്ലാവരെയും ഞെട്ടിക്കുക, എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി, അദ്ദേഹം പറഞ്ഞത് ഇത് പ്രചരിപ്പിക്കുന്നതിലൊന്നും തെറ്റില്ല, ഇത് അപ്ലോഡ് ചെയ്തത് ആരാണെന്ന് കണ്ട് പിടിക്കണമെന്നാണ്. വിചിത്രമായ വാദഗതിയാണത്. അദ്ദേഹത്തിന്റെ അനുയായികള്‍ക്കുള്ള ആഹ്വാനവുമാണത്.

ഇത്തരം ദൃശ്യങ്ങള്‍ കിട്ടിയില്‍ പ്രചരിപ്പിക്കാത്തത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. തൊട്ടടുത്ത ദിവസം അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞതും നിഷേധിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ എല്ലായിടത്തും ലഭ്യമാണ്. അദ്ദേഹത്തിന് അതൊന്നും ഒരു പ്രശ്‌നമല്ല. പക്ഷേ അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു ഇത് അപ്ലോഡ് ചെയ്തയാളെ കണ്ടു പിടിക്കണമെന്ന്. യഥാര്‍ഥത്തില്‍, അപ്ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തുല്യപ്രാധാന്യമുള്ള കുറ്റകൃത്യമാണ്.- എം സ്വരാജ് പറഞ്ഞു.

'ഇപ്പോഴിതാ അപ്ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുന്നു. കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് തൃക്കാക്കരയിലെ പോലീസ് പിടിച്ചിരിക്കുന്നു. ഇനി എന്താണ് പറയുക. നാണവും മാനവും ഉണ്ടെങ്കില്‍, ജനാധിപത്യത്തോട് അല്‍പ്പമെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഈ നിമിഷം പിന്‍വലിക്കണം. കെ.പി.സി.സി പ്രസിഡന്റ് കേരളത്തോട് മാപ്പ് പറയണം. തൃക്കാക്കരയില്‍ മത്സരിക്കാനുള്ള ധാര്‍മിക അവകാശം, അര്‍ഹത യു.ഡി.എഫിന് നഷ്ടപ്പെട്ടിരിക്കുന്നു.- സ്വരാജ് പറഞ്ഞു.

 

Latest News