Sorry, you need to enable JavaScript to visit this website.

സമീര്‍ വാങ്കഡെയെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി

മുംബൈ- മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെ കേസില്‍ അന്വേഷണത്തിനു നേതൃത്വം നല്‍കിയ  
മുന്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ ചെന്നൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ടാക്‌സ് പേയര്‍ സര്‍വീസസിലേക്ക് മാറ്റി.
ഏപ്രില്‍ 13ന് വാങ്കഡെയെ അദ്ദേഹത്തിന്റെ മാതൃ കേഡറായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസിലേക്ക് തിരികെ മാറ്റിയിരുന്നു.
മുംബൈ ക്രൂയിസ് നാര്‍ക്കോട്ടിക് കേസില്‍ മുന്‍ എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ നടത്തിയ അന്വേഷണത്തിന്റെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ധനകാര്യ മന്ത്രാലയത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ആര്യന്‍ ഖാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍സിബി കഴിഞ്ഞ ആഴ്ച ആര്യന്‍ ഖാനെ എല്ലാ മയക്കുമരുന്ന് ആരോപണങ്ങളില്‍ നിന്നും ഒഴിവാക്കിയത്. അന്വേഷണത്തിലെ വീഴ്ചകള്‍ക്കും നടപടിക്രമങ്ങള്‍ പാലിക്കാത്തതിനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എന്‍.സി.ബി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
എന്‍.സി.ബി നടത്തിയ റെയ്ഡിന് ശേഷം 2021 ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍ ഖാനെ പിടികൂടിയത്. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നതുവരെ ആര്യന്‍ ഖാനെ 27 ദിവസം ജയിലില്‍ അടച്ചിരുന്നു.

 

Latest News