ഉയര്‍ന്ന വാടക, കുട്ടികൾ പാടില്ല; ജിദ്ദയിൽ ഫ്ളാറ്റ് കിട്ടാൻ കടുത്ത വ്യവസ്ഥകള്‍

ജിദ്ദ - ജിദ്ദയില്‍ ഫ്ളാറ്റുകള്‍ വാടകക്ക് നല്‍കാന്‍ കെട്ടിട ഉടമകള്‍ കടുത്ത വ്യവസ്ഥകള്‍ ബാധകമാക്കുന്നതായും വര്‍ഷങ്ങളായി കേട്ടുകേള്‍വിയില്ലാത്ത ഏറെ ഉയര്‍ന്ന വാടകയാണ് കെട്ടിട ഉടമകള്‍ ആവശ്യപ്പെടുന്നതെന്നും സ്വദേശികളുടെ പരാതി.

പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തില്‍ മൂന്നുമുറി ഫ്ളാറ്റിന് 30,000 റിയാല്‍ വാര്‍ഷിക വാടക വരെയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെന്നും ഇതിനു തന്നെ കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന വ്യവസ്ഥ മുന്നോട്ടുവെക്കുന്നതായും സൗദി പൗരന്‍ മുഹമ്മദ് ഹസന്‍ അല്‍ഹാരിസി പറഞ്ഞു.
കെട്ടിട ഉടമകള്‍ മുന്നോട്ടുവെക്കുന്ന ഉപാധികള്‍ കാരണം ജിദ്ദയില്‍ വാടകക്കാര്‍ക്ക് ഫ്ളറ്റുകള്‍ ലഭിക്കുക ദുഷ്‌കരമാണെന്ന് സഈദ് അല്‍അഹ്മരി പറഞ്ഞു. വാടകക്കാരന്റെ ജോലി, വേതനം എന്നിവ അറിയണമെന്നും ശമ്പള സര്‍ട്ടിഫിക്കറ്റും, കുട്ടികളുടെ എണ്ണം അറിയാന്‍ ഫാമിലി കാര്‍ഡ് കോപ്പിയും ഹാജരാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെടുന്നു. ഇതിനെല്ലാം പുറമെ, വാടകക്കെടുക്കുന്ന ഫഌറ്റിന് ഗ്യാരണ്ടി തുക കെട്ടിവെക്കണമെന്നും ആവശ്യപ്പെടുന്നതായി സഈദ് അല്‍അഹ്മരി പറഞ്ഞു. ജിദ്ദയില്‍ തരക്കേടില്ലാത്ത കെട്ടിടങ്ങളില്‍ രണ്ടു ബെഡ്‌റൂം ഫഌറ്റിന് 25,000 റിയാലും മൂന്നു ബെഡ്‌റൂം ഫഌറ്റിന് 35,000 റിയാലും നാലു ബെഡ്‌റൂം ഫ്ളാറ്റിന് 40,000 റിയാലും അതില്‍ കൂടുതലുമാണ് ഉടമകള്‍ വാര്‍ഷിക വാടക ആവശ്യപ്പെടുന്നത്.

 

Latest News