Sorry, you need to enable JavaScript to visit this website.

തേയില കയറ്റുമതി വരുമാനം ഉയരും 


തേയില കയറ്റുമതിയിൽ ദക്ഷിണേന്ത്യ വൻ കുതിപ്പിൽ. ആഗോള ആവശ്യം വർധിച്ചതോടെ ലേല കേന്ദ്രങ്ങളിൽ ചരക്ക് സംഭരിക്കാൻ കയറ്റുമതിക്കാർ ഉത്സാഹിച്ചു. ആഭ്യന്തര പ്രതിസന്ധികളിൽ ശ്രീലങ്ക രംഗം വിട്ടതാണ് ഇന്ത്യൻ തേയില നേട്ടമാക്കിയത്. യുഎസ്, യൂറോപ്, ദക്ഷിണ കൊറിയൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉയർത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 195 ദശലക്ഷം  കിലോ തേയില കയറ്റുമതി നടന്ന സ്ഥാനത്ത് ഇക്കുറി അത് 240 ദശലക്ഷം കിലോയായി  ഉയർത്താനുള്ള ശ്രമത്തിലാണ്. കേരളത്തിലെ ചെറുകിട തേയില ഉൽപാദകർക്ക് മെച്ചപ്പെട്ട വിലയ്ക്ക് ഇത് അവസരം ഒരുക്കും. ഡിമാന്റ് ഉയരുമ്പോൾ കൊളുന്ത് വിലയും ഉയരും.
രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ശ്രീലങ്കയിൽ തേയില ലേലം തുടങ്ങിയെങ്കിലും വിദേശ പിന്തുണ  ഉറപ്പ് വരുത്താനായില്ല. ശ്രീലങ്കൻ നാണയത്തിന്റെ മൂല്യത്തകർച്ച പ്രതിസന്ധി രൂക്ഷമാക്കി. 
കർഷകർ മൂത്ത് വിളയുന്ന പുതിയ ഏലക്ക ശ്രദ്ധാപുർവം പരിപാലിക്കുന്നതിനിടയിൽ ലേല കേന്ദ്രത്തിൽ ഏലം വില മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന വിലയായ കിലോ 650 രൂപയായി. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ചരക്കിൽ താൽപര്യം കാണിച്ചതിനിടയിലാണ് ഉൽപന്ന വില ഇടിഞ്ഞത്. 
മൺസൂൺ അടുത്തതോടെ വരും മാസങ്ങളിൽ സംസ്ഥാനത്ത് റബർ ലഭ്യത കുടുതൽ ക്ലേശകരമാവുമെന്ന അവസ്ഥയിലാണ്. വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ ടയർ ലോബി പുതിയ തന്ത്രം മെനയുകയാണ്. ജൂൺ, ജൂലൈയിലെ മഴയ്ക്ക് ഇടയിൽ ഷീറ്റ് ശേഖരിക്കുക ദുഷ്‌കരമായതിനാൽ നിരക്ക് കൂടുതൽ ഉയരാം. പിന്നിട്ട രണ്ട് വർഷം കൊറോണ മറയാക്കി ടയർ ലോബി വിപണിയെ പിടിച്ചുകെട്ടി, എന്നാൽ ഇക്കുറി വിപണി കയറുപൊട്ടിച്ച് മുന്നേറുമെന്ന അവസ്ഥയിലാണ്. പല കമ്പനികളുടെയും ടയർ കയറ്റുമതി ആദ്യ അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ ഉയർന്ന തലത്തിലാണ്. നാലാം ഗ്രേഡ് റബർ 17,400 ൽ നിന്ന് 17,600 വരെ ഉയർന്ന ശേഷം ശനിയാഴ്ച 17,450 രൂപയിലാണ്. അഞ്ചാം ഗ്രേഡ് റബർ 16,800-17,300 രൂപയിലാണ്. ഒട്ടുപാലിന് 400 രൂപ വർധിച്ച് 12,900 രൂപയായി. 
ഇന്തോനേഷ്യൻ പാം ഓയിൽ വരവ് ശക്തമാക്കുമെന്ന് വ്യക്തമായതോടെ വെളിച്ചെണ്ണ വിപണി ആടിയുലഞ്ഞു. പണപ്പെരുപ്പം  നിയന്ത്രിക്കാൻ കേന്ദ്രം നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കും വിധത്തിൽ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർത്താൻ വ്യവസായികൾ നീക്കം തുടങ്ങി. കേരളത്തിന്റെ താൽപര്യം മുൻനിർത്തി കൊച്ചി തുറമുഖം വഴിയുളള പാം ഓയിൽ ഇറക്കുമതിക്കുള്ള നിരോധനം എടുത്തു കളയണമെന്ന ആവശ്യവുമായി വ്യവസായികൾ ചരടുവലി തുടങ്ങി. 2013 ലാണ് കേരള ഹൈക്കോടതി കൊച്ചി തുറമുഖത്ത് പാം ഓയിൽ ഇറക്കുമതി നിരോധിച്ചത്. വിദേശ പാം ഓയിൽ പ്രവാഹം വിപണിയെ പ്രതിസന്ധിയിലാക്കിയതാണ് അന്ന് നിരോധനത്തിന് വഴിതെളിയിച്ചത്.   
കൊച്ചിയിൽ കൊപ്ര 8600 രൂപയിൽ നിന്നും 8250 ലേയ്ക്ക് താഴ്ന്നു, താങ്ങ് വിലയിൽ നിന്നും 2340 രൂപ ഇടിഞ്ഞു. പിന്നിട്ട ഒരു വർഷത്തിനിടയിൽ കൊപ്രയുടെ വില തകർച്ച 5550 രൂപയാണ്. വെളിച്ചെണ്ണക്ക് പോയവാരം 400 രൂപ കുറഞ്ഞ് 14,000 രൂപയായി.
കുരുമുളകിന് ആഭ്യന്തര ആവശ്യക്കാർ കുറഞ്ഞതോടെ ഉൽപന്ന വില ക്വിന്റലിന് 1200 രൂപ ഇടിഞ്ഞ് അൺ ഗാർബിൾഡ് 49,100 രൂപയായി. ഇറക്കുമതി മുളക് ഉത്തരേന്ത്യയിൽ ലഭ്യമായതോടെ ആഭ്യന്തര വാങ്ങലുകാർ രംഗത്ത് നിന്ന് അകന്നു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 51,100 രൂപ. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6750 ഡോളറാണ്. 
കേരളത്തിൽ സ്വർണ വില വീണ്ടും വർധിച്ചു. പവൻ 37,640 രൂപയിൽ നിന്ന് 38,200 ലേക്ക് ഉയർന്നു. ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ സ്വർണം ട്രോയ് ഔൺസിന് 1854 ഡോളർ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 സാമ്പത്തിക വർഷത്തിൽ സ്വർണം വാങ്ങുന്നത് ഏകദേശം ഇരട്ടിയാക്കി 65 ടണ്ണായി ഉയർത്തി. ആർബിഐയുടെ കൈവശം മൊത്തം 760.42 ടൺ സ്വർണമുണ്ട്. 2021 മാർച്ചിൽ അവസാനിച്ച ഒമ്പത് മാസ കാലയളവിൽ 33.9 ടൺ സ്വർണമാണ് കേന്ദ്ര ബാങ്ക് വാങ്ങിയത്.

Latest News