Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

  കർമം കൊണ്ട് ജീവിതം ധന്യമാക്കിയ പ്രൊഫ. മുസ്തഫ കമാൽ പാഷ

ഖുർആനിലെ ചരിത്ര ഭൂമികളിലൂടെ എന്ന സി.ഡി എല്ലാ കാലത്തും  നിലനിൽക്കുന്ന കർമ സാക്ഷ്യമായിരിക്കും. എത്തിപ്പെടുന്ന സ്ഥലത്തെല്ലാം അദ്ദേഹം പുതിയ ആശയങ്ങൾ പരിചയപ്പെടുത്തുമായിരുന്നു. ഇടപെടുന്ന മനുഷ്യർക്കെല്ലാം ജീവിത മാറ്റത്തിനുള്ള എന്തെങ്കിലുമൊരു പുതുവഴി പറഞ്ഞു കൊടുക്കും. വിശ്രമ രഹിതമായി പ്രയത്‌നിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ദർശനം. 

 

മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന മാർഗത്തിൽ തന്റേതായ പങ്ക് നിർവഹിച്ച കർമ ശ്രേഷ്ഠനായിരുന്നു കഴിഞ്ഞ ദിവസം 76 ാമത്തെ വയസ്സിൽ മരിച്ച  എൻ.കെ. മുസ്തഫ കമാൽ പാഷ. നേടിയെടുത്ത വിജ്ഞാനത്തെ അദ്ദേഹം സദാ നവീകരിച്ചു കൊണ്ടിരുന്നു. ദീർഘ വർഷങ്ങൾ തിരൂരങ്ങാടി പി.എസ്.എം.ഒ  കോളേജിൽ അധ്യാപകനായിരുന്ന അദ്ദേഹം ശിഷ്യഗണങ്ങൾക്ക് പകർന്നു നൽകിയത് പാഠ പുസ്തക അറിവുകൾ മാത്രമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പ്രശസ്തരും അല്ലാത്തവരുമായ ശിഷ്യഗണങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.   തന്റെ മുന്നിലെത്തിയ ശിഷ്യരെ അദ്ദേഹം ജീവിത ദർശനങ്ങളുടെ നവമാർഗങ്ങളിൽ വഴി നടത്തി. പുതുതായി പരിചയപ്പെടുന്ന വ്യക്തികളുടെ കുടുംബ -ധാർമിക ജീവിതത്തിൽ പോലും  അതിവേഗം ആഴത്തിൽ ഇറങ്ങിച്ചെന്നിരുന്ന അദ്ദേഹം ഏത് വിധത്തിലായിരിക്കാം തന്റെ ശിഷ്യ സമ്പത്തിനെയും  കൂടുതൽ അടുത്തവരെയും പരിപോഷിച്ചിട്ടുണ്ടാവുക എന്ന് ആലോചിക്കാവുന്നതേയുള്ളൂ. തലയെടുപ്പുള്ള  ഇസ്‌ലാമിക പണ്ഡിതൻ കെ. ഉമർ മൗലവിയുടെ പ്രിയ മകൾ പ്രൊഫ. കെ. ഹബീബയെ ജീവിത സഖിയാക്കിയത് പോലും ആ കാലത്ത് വലിയ മാതൃകയായിരുന്നു. ഒരേ കലാലയത്തിലെ പ്രൊഫസർ ദമ്പതികൾ എന്നതൊക്കെ അന്ന് മുസ്‌ലിം സമുഹത്തിൽ  വലിയ ആവേശമുണ്ടാക്കുന്ന കാര്യമായിരുന്നു.  


 കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും ചരിത്രകാരനുമായിരുന്നു അദ്ദേഹം.   2002 മുതൽ 2005 വരെ കാലിക്കറ്റ് സർവകലാശാലയിൽ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ പ്രൊഫസർ,  കേരള ഇസ്ലാമിക് മിഷന്റെ സ്ഥാപകാംഗം,  1968 മുതൽ 2001വരെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചരിത്ര വിഭാഗം തലവൻ ഇതൊക്കെയായിരുന്നു വഹിച്ച പ്രധാന പദവികൾ.  1946 ജൂൺ 25 ന് ചെർപ്പുളശ്ശേരിയിലായിരുന്നു ജനനം. കമ്യൂണിസം ഉഴുതു മറിച്ചിട്ട മണ്ണ്.  പിതാവ് നെല്ലിക്കുറുശ്ശി മുഹമ്മദ് മുസ് ലിം ലീഗ് പ്രവർത്തകനായിരുന്നു. വള്ളുവനാടിന്റെ ഭാഗമായ ചെറുപ്പുളശ്ശേരിയിൽ ബാല്യത്തിൽ തന്നെ  അന്വേഷണത്തിന്റെ വഴിയിലായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം,  1968 ൽ അലീഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം,  1966 ൽ കോഴിക്കോട് സർവകലാശാലയിൽ നിന്ന് മുൻ വൈസ് ചാൻസലർ ഡോ. ടി. കെ. രവീന്ദ്രന്റെ കീഴിൽ പിഎച്ച്.ഡി ബിരുദം എന്നിവയിലൂടെ വിദ്യാഭ്യാസത്തിന്റെ ഉന്നത ഘട്ടങ്ങൾ പിന്നിട്ട പാഷ സാഹിബിന് സഞ്ചരിക്കാൻ വഴികൾ ഇനിയുമുണ്ടായിരുന്നു.  ശാസ്ത്ര വിചാരം മാസിക എന്ന സങ്കൽപം തന്നെ ആ സന്ദർഭത്തിൽ അനിവാര്യമായിരുന്നു. ശാസ്ത്രവും താൻ വിശ്വസിക്കുന്ന പ്രത്ര്യയ ശാസ്ത്രവും വിരുദ്ധ ധ്രുവങ്ങളിലല്ലെന്ന് തന്നെ കേൾക്കുകയും വായിക്കുകയും ചെയ്ത തലമുറയോട് അദ്ദേഹം പറഞ്ഞു കൊടുത്തു.     വിവിധ വിഷയങ്ങളിലായി 104 കൃതികളാണ് അദ്ദേഹം രചിച്ചത്. ഓർമകളിലെവിടെയോ മറഞ്ഞു കിടന്നിരുന്ന സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന  മക്തി തങ്ങളുടെ സമ്പൂർണ കൃതികളുടെ സമാഹരണം   ദൗത്യ ബോധത്തോടെ അദ്ദേഹം  വരുംതലമുറക്കായി നിർവഹിച്ചു.  

മാർക്സിസം ഒരു പഠനം, പരിണാമവാദം ശാസ്ത്ര ദൃഷ്ടിയിൽ, ശാസ്ത്രവും ശാസ്ത്ര പരിഷത്തും എന്നീ കൃതികൾ കേരളീയ സമൂഹത്തിലുണ്ടാക്കിയ സ്വാധീനമൊക്കെ അളന്നെടുക്കുക പ്രയാസമായിരിക്കും. ഇത്തരം സങ്കീർണ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അറിവ് മാത്രം മതിയാകുമായിരുന്നില്ല. നല്ല ലക്ഷ്യ ബോധവും വേണമായിരുന്നു.   ലോക ചരിത്രം (രണ്ട് ഭാഗം), ഇന്ത്യ ചരിത്രം (രണ്ട് ഭാഗം), ഇസ്ലാമിക ചരിത്രം (രണ്ട് ഭാഗം) എന്നിവയുടെ ദൗത്യവും ചരിത്ര വായനയുടെ അനിവാര്യത കൂടുതൽ ബോധ്യപ്പെടുന്ന പുതിയ കാലത്ത് ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. മുഹമ്മദ് നബി ജീവചരിത്രം, സാമൂഹിക സംസ്‌കരണം ഗ്രന്ഥശാലകളിലൂടെ, പ്രസംഗം ഒരു കല, ഭൗതികവാദം പ്രതിന്ധിയിൽ, നമസ്‌കാരം, ശാസ്ത്രത്തിന് മുസ്ലിംകളുടെ സംഭാവന തുടങ്ങിയ കൃതികളുടെ ലക്ഷ്യവും വ്യക്തം.  

പ്രൊഫ. കെ. ഹബീബ, വി.പി. ഹഫ്സ എന്നിവരാണ് അദ്ദേഹത്തിന്റെ ഭാര്യമാർ. പതി മൂന്ന് മക്കളുള്ള അദ്ദേഹം എല്ലാ മക്കളെയും പ്രൊഫഷനലുകളായി വളർത്തിയതും അവർക്കെല്ലാം തുല്യ രീതിയിലുള്ള ഇണകളെ കണ്ടെത്തിയതും പാഷ സാഹിബിന്റെ ജീവിത കാലത്ത് തന്നെ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചവർ ആദര പൂർവ്വം എടുത്തു പറഞ്ഞ കാര്യമാണ്. മക്കൾ: അമീൻ പാഷ (ചെന്നൈ), ഡോ. സുമയ്യ ബാബു (മലബാർ ഡെന്റൽ ക്ലിനിക്, ദുബായ്), സാജിദ് പാഷ (ഫോർമെക്സ് സ്പെയ്സ് ഫ്രെയിംസ് കോഴിക്കോട് ), ഡോ. ഷമീമ നാസർ (മെട്രോ മെഡിക്കൽ സെന്റർ, അജ്മാൻ), നാജിദ് (സീറു ഐ.ടി സൊല്യൂഷൻസ്, എറണാകുളം), ഡോ. തസ്നീം ഫാത്തിമ (എം.ഇ.എസ് കോളേജ് ഓഫ് എൻജിനീയറിങ്, കുറ്റിപ്പുറം), സാജിദ അനീസ് (ഷാർജ), ഡോ. നാജിദ ഷറഫ് (പൂക്കാട്ടിരി), ഡോ. ഷാക്കിറ ഷമീം (മെഡിക്കൽ ഓഫീസർ, പാങ്ങ്), ഡോ. താഹിറ റഫീഖ് (വെളിയംകോട്), ഡോ. സയ്യിദ അലി (ഖത്തർ), ഹിഷാം പാഷ (ന്യൂ കോർ ഐ. ടി സൊലൂഷ്യൻസ്, കോഴിക്കോട്), ആയിശ നശാത്ത് പാഷ (എം. ഇ.എസ് സ്‌കൂൾ ഓഫ് ആർക്കിടെക്ചർ കുറ്റിപ്പുറം). മരുമക്കൾ: ഫെബിൻ അമീൻ (എൽ ആന്റ് ടി ചെന്നൈ), ഡോ. ബാബു (ദുബായ്), ഡോ. സറീന സാജിദ് (ഫോർമെക്സ് സ്പെയ്സ് ഫ്രെയിംസ് കോഴിക്കോട്), എം.സി.എ. നാസർ (മീഡിയാ വൺ ), ലിസ സലീന (ഇന്തോനേഷ്യ), ഡോ. മുഹമ്മദ് ബദീഉസ്സമാൻ (സി.ഇ.ഒ ഐ.ഇ.സി.ഐ), ഈസ അനീസ് (ലീഗൽ അഡൈ്വസർ, ഷാർജ ), ഷറഫുദ്ദീൻ (ദാറുസ്സലാം, ചാലക്കൽ) , ഷമീം (അസി. എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി  തിരൂർ), റഫീഖ് (അഡ്നോക്, അബുദാബി), അലി ഓമച്ചപ്പുഴ (ഹമദ് മെഡിക്കൽ കെയർ, ഖത്തർ), ഡോ. സഫ ഹിഷാം (പാഷ ഡെന്റൽ കെയർ, പൂക്കാട്ടിരി), ഡോ. അർഷദ് അലി (സിറ്റി ഡെന്റൽ കെയർ ചങ്ങരംകുളം).


 ഖുർആനിലെ ചരിത്ര ഭൂമികളിലൂടെ എന്ന സി.ഡി എല്ലാ കാലത്തും  നിലനിൽക്കുന്ന കർമ സാക്ഷ്യമായിരിക്കും. എത്തിപ്പെടുന്ന സ്ഥലത്തെല്ലാം അദ്ദേഹം പുതിയ ആശയങ്ങൾ പരിചയപ്പെടുത്തുമായിരുന്നു. ഇടപെടുന്ന മനുഷ്യർക്കെല്ലാം ജീവിത മാറ്റത്തിനുള്ള എന്തെങ്കിലുമൊരു പുതുവഴി പറഞ്ഞു കൊടുക്കും. വിശ്രമ രഹിതമായി പ്രയത്‌നിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ദർശനം. ഏത് കൊല്ലമായിരുന്നു എന്നോർമയില്ല, അവസാനമായി അദ്ദേഹത്തെ കണ്ടത് വിശുദ്ധ ഹറമിനകത്ത് വെച്ചായിരുന്നുവെന്നത് പല രീതിയിൽ സന്തോഷമുണ്ടാക്കുന്ന അനുഭവമായി ഇപ്പോൾ തോന്നുന്നു- അദ്ദേഹത്തെ പോലൊരാളെ കാണേണ്ട സ്ഥലത്തു വെച്ചു തന്നെ, അവസാനമായി കണ്ടു വെന്ന  മനംനിറയുന്ന , കണ്ണ് നനയുന്ന സംതൃപ്തി.     
 

Latest News