Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരും ശുംഭന്മാരല്ല!

'പൂച്ചയ്ക്കു വിളയാട്ടം, എലിക്കു പ്രാണവേദന' എന്നു പറഞ്ഞ മാതിരിയാണ് കാര്യങ്ങൾ. മുങ്ങിത്താഴുന്നവർക്ക് ഏതു തുരുമ്പും ഭാഗ്യപരീക്ഷണമാണ്. ദേശീയ പാർട്ടി മൂന്നു സുപ്രധാന സമിതികൾ രൂപീകരിച്ച് അതിൽ പിടികൂടി മേലോട്ടു കയറാനുള്ള വെപ്രാളത്തിൽ. നാളെ തോളിൽ കൈയിട്ടു പോളിങ് ബൂത്തിലേക്കു പോകേണ്ടവർ കുത്തുവാക്കും താങ്ങും!
സാധാരണയായി കർമസേന എന്നു കേട്ടാൽ പൊതുജനം വഴിയരികിലേക്കു മാറിക്കൊടുക്കും. മാർച്ചിനു തടസ്സമുണ്ടാകരുതല്ലോ. എന്നാൽ ഇവിടെ 'സേന' എന്ന് ഒരു 'ഗെറ്റപ്' തോന്നിക്കാൻ മാത്രം പറഞ്ഞുവെന്നേയുള്ളൂ. 'ലക്ഷം ലക്ഷം പിന്നാലെ' എന്നു വിളിക്കുന്നവർക്ക് 'ആയിരം' പിന്നാലെയുണ്ടെങ്കിൽ അതു മഹാഭാഗ്യമാകുന്ന കാലമാണ്. ദേശീയ പാർട്ടിയുടെ 'കർമസേന'യെ ഒട്ടും ഭയപ്പെടാനില്ല. ഭൂതക്കണ്ണാടി പിടിച്ചുനോക്കണം കാണണമെങ്കിൽ. നയിക്കുന്നത് പതിവുപോലെ സോണിയ മാഡം. പാളീസാകാൻ ഇനിയെന്തുവേണം എന്നു ചോദിക്കരുത്. പ്രശാന്ത് കിഷോർ എന്ന ചാണക്യന്റെ 'ജൂനിയർ മാൻഡ്രേക്ക്' ആയ സുനിൽ കനുഗുലു എന്നൊരു മഹാനും സേനയിൽ ചേർന്നു 'കവാത്ത്' നടത്തുന്നുണ്ട്. പതിനാല് തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികൾക്കായി പ്രവർത്തിച്ച ദേഹം. നൂറു തവണ കാലുമാറിയവർ മാത്രം ഇതിനേക്കാൾ അനുഭവ സമ്പത്തുള്ളവരായിരിക്കും. പക്ഷേ കൈയിൽ കിട്ടണ്ടേ? കാര്യവിവരമില്ലാത്തവർ 'കനുഗുലു' വെന്നു കേട്ടാൽ 'ഗുലു ഗുലു തിക്തകം' പോലെ വല്ല ആയുർവേദ മരുന്നുമാണെന്നേ ധരിക്കൂ. നീർവീക്കത്തിന് അത്യുത്തമം. സന്ധിബന്ധങ്ങളെ പൂർവസ്ഥിതിയിലാക്കും. ഒപ്പം 'അഭയാരിഷ്ടം' കൂടി സേവിച്ചാൽ ഗംഭീരമാകും. കോൺഗ്രസ് അതിനു പകരം സ്വീകരിച്ചതാണ് കനുഗുലു ചികിത്സ. അത്യാവശ്യമായും വേണ്ട സമയത്തു തന്നെ; നന്നായി.
തെരഞ്ഞെടുപ്പു തന്ത്രം പതിനാലു പാർട്ടികൾക്കു വിഭജിച്ചു കൊടുത്ത് കാശുണ്ടാക്കിയ കനുഗുലു ചികിത്സ കോൺഗ്രസിന് ആദ്യമായാണ്. കർണാടക സ്വദേശി, നാൽപതു വയസ്സേ എത്തിയിട്ടുള്ളൂ. പണ്ട് ബ്രിട്ടനിൽ യാഥാസ്ഥിതിക കക്ഷിക്കും ജനാധിപത്യ കക്ഷിക്കും വേണ്ടി തന്റെ ഓരോ പത്രം തെരഞ്ഞെടുപ്പു യുദ്ധം നടത്താൻ ലോഡ് തോംസൺ എന്ന മുതലാളി വിട്ടുകൊടുത്തു. പണം ചാക്കുകണക്കിനു വാരി. നമ്മുടെ കനുഗുലു ഒരേ സമയം ആ അന്തസ്സില്ലാത്ത പണി ചെയ്തില്ല. അദ്ദേഹം ഈ നിമിഷം കോൺഗ്രസിലാണ്, കോൺഗ്രസിൽ മാത്രമാണ്. പക്ഷേ ഈ തന്ത്ര ഗുണൻ ഭാവിയിൽ ഇന്ത്യൻ പ്രസിഡന്റ് പദവിക്കു പോലും തന്ത്രം മെനയുമോ എന്നേ നോക്കാനുള്ളൂ. അത് കോൺഗ്രസിന്റെ ചെലവിൽ വേണ്ട. അവിടെ ഓരോ നേതാവും 2024 എന്ന തെരഞ്ഞെടുപ്പു വർഷവും കാത്തു പുര നിറഞ്ഞു നിൽക്കുകയാണ്. പുത്തൻ ബുദ്ധിജീവികൾ വേണ്ട. പണ്ട് 'ജനസമുദ്ര'മായിരുന്നിരിക്കാം. പക്ഷേ, ഇപ്പോൾ കൈക്കുമ്പിളിൽ കോരിയെടുക്കാനേയുള്ളൂ. 'സ്‌നേഹപൂർവം അന്തസ്സായി' പാർട്ടിവിട്ട കപിൽ സിബൽ വക്കീൽ പറഞ്ഞതും 'അവനവന്റെ കാര്യം കൂടി നോക്കണമല്ലോ' എന്നാണ്. എത്ര ഹൃദയം തുറന്ന വാക്കുകൾ!

****                                   ****                                            ****

എസ്.എഫ്.ഐ ഞെട്ടിച്ചു കളഞ്ഞു! ഭരണകക്ഷിയുടെ വിദ്യാർഥി സംഘടന എന്ന പ്രയോഗം തെറ്റാണത്രേ! സ്വതന്ത്ര വിദ്യാർഥി സംഘടന എന്നു വിളിച്ചു കൊള്ളണം. എത്ര 'ബൗദ്ധികമായാണ്' അവർ സ്വന്തം 'അസ്തിത്വം' വിളിച്ചുപറഞ്ഞത്. സമ്മേളനം 'ഏലംകുള'ത്താകുമ്പോൾ മറിച്ചാകാതെ തരമില്ല. ആ സ്ഥലനാമം സ്വന്തം പേരിന്റെ കൂടെ ചേർത്ത ഒരു അഖിലേന്ത്യാ നേതാവുണ്ടായിരുന്നു -ശങ്കരൻ നമ്പൂതിരിപ്പാട്. 'മുട്ടയീന്നു വിരിയും മുമ്പേ' സ്വതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പതാകയിൽ എഴുതിച്ചേർത്ത് ഒരു 'ചെഗുവേരൻ' രക്തനക്ഷത്രവും തുന്നിപ്പിടിപ്പിക്കണമെങ്കിൽ നിസ്സാര കാര്യമല്ല; സംഘടനയുമല്ല. വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ കോവിഡ്19 ാമനെ പോലും ഭയപ്പെടാതെ വീടുകളിൽ കയറി അംഗസംഖ്യ വർധിപ്പിച്ച ധീരസഖാക്കളാണ്. സിൽവർ ലൈൻ പദ്ധതിയുടെ കെ.റെയിൽ കുറ്റികൾ അടുക്കളയിൽ ചെന്നു സ്ഥാപിക്കാൻ പോലും പ്രചോദനമായത് ഈ വിദ്യാർഥി സംഘടനയുടെ രണ്ടും കൽപിച്ചുള്ള ധീരോദാത്ത നടപടികളാണെന്ന് ആർക്കാണറിയാത്തത്?
ഏലംകുളം സമ്മേളന ശേഷം സംഘടനയുടെ ഏതെങ്കിലും മുദ്രാവാക്യത്തിനെതിരായി സർക്കാർ നിലപാടെടുക്കുന്നത് സൂക്ഷിച്ചുവേണം. ആ വിഷയം ഏറ്റെടുത്ത് സ്വതന്ത്രമായി മുന്നോട്ടു പൊയ്ക്കളയും! ഇത് മഹാത്മാഗാന്ധിയുടെ ഉപ്പുസമര ജാഥയൊന്നുമായിരിക്കില്ല. നല്ലവണ്ണം കുത്താനറിയാം. കഠാര, കുറുവടി, എസ്- കത്തി, ഗ്രനേഡ് എന്നുവേണ്ട ഏതു സമാധാന സാമഗ്രിയും കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള സംഘടനയാണ്. സംശയമുള്ള ഭരണ സഖാക്കൾക്ക് തലസ്ഥാനത്തെ യൂനിവേഴ്‌സിറ്റി കോളേജിന്റെ ചരിത്രം ഒന്നു മറിച്ചുനോക്കാം.
12 സംസ്ഥാനങ്ങളിലായി 18 യൂനിവേഴ്‌സിറ്റികൾ സംഘടനയുടെ പോക്കറ്റിൽ കിടപ്പുണ്ട്. വല്യേട്ടന് വെറും ഒരു കേരള ഭരണം മാത്രമേയുള്ളൂവെന്നോർക്കണം. സംസ്ഥാനത്തെ ഇന്നത്തെ സെക്രട്ടറി സച്ചിൻദേവ് സഖാവ് നാളെ തലസ്ഥാന മേയറായ ആര്യ രാജേന്ദ്രൻ സഖാവിനെ താലികെട്ടുന്നതോടെ സംഘടന കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ജാതി മത നിരപേക്ഷ ലിംഗ നിരപേക്ഷ, വേണ്ടി വന്നാൽ പുസ്തക നിരപേക്ഷ ഭാവി സമൂഹത്തെ വിദ്യാലയങ്ങളിൽ കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് സംഘടന. ഏലംകുളത്തെ മണ്ണിൽ നിന്നുകൊണ്ടുള്ള പ്രതിജ്ഞ വല്യേട്ടൻ കാണണം. കുഞ്ഞുസഖാക്കളെ പ്രകോപിപ്പിക്കരുത്. അവരുടെ മുദാവാക്യമനുസരിച്ചു ഭരിക്കണം.

****                                         ****                                    ****

പണ്ടൊരു 'ശുംഭൻ' പ്രയോഗം നടത്തി പൂജപ്പുരയിലെ ജയിലിൽ കിടന്ന ദേഹമാണ് എം.വി. ജയരാജൻ സഖാവ്. നാവിന്റെ ചൊരുക്ക് തീർന്നിട്ടില്ല. നടിയെ ആക്രമിച്ച കേസെന്നു കേട്ടപ്പോൾ വീണ്ടു ഉഷാറായി. ജുഡീഷ്യറിയുടെ കൈവശമിരുന്ന രേഖകൾ എങ്ങനെ ചോർന്നുവെന്നാണ് സഖാവിനറിയേണ്ടത്. അഞ്ചു വാചകം പറഞ്ഞതിൽ ഓരോന്നിലും അദ്ദേഹം 'ജുഡീഷ്യറി' എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു. കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ ചേർത്തു. ഇത്ര 'പ്രാസ'മൊപ്പിച്ചു സംസാരിക്കുന്ന ഈ സഖാവെന്തേ കവിയായില്ല? ജനിച്ചത് അൽപം വൈകിയിട്ടാകാം. മലയാള സാഹിത്യത്തിൽ 'പ്രാസവാദം' കൊടുമ്പിരിക്കൊണ്ടിരുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കാലത്തോ മറ്റോ ആയിരുന്നെങ്കിൽ ജയരാജൻ മഹാകവി ആയേനേ. എന്തായാലും ഒരു കാര്യം സഖാവ് സൂക്ഷിച്ചു- നാവിന്റെ പിഴ പറ്റാതെ. പഴയ ശുംഭൻ പ്രയോഗം പുറത്തു ചാടുമോ എന്ന് ടി.വിക്ക് മുന്നിലിരുന്ന് ജുഡീഷ്യറിയും ശ്രദ്ധിച്ചിരിക്കണം. പൂജപ്പുരയിലെ ജയിൽ ഭക്ഷണത്തോട് വെറുപ്പു തോന്നാൻ തക്കവണ്ണം അത്ര മോശവുമല്ലല്ലോ! എന്തായാലും സഖാവ് അച്ചടക്കം പഠിച്ചു. മറ്റുള്ളവർ നേരത്തെ പഠിച്ചു. അതാണ് കുഴപ്പമില്ലാതെ കസേരകളിൽ ചടഞ്ഞിരിക്കുന്നതും!

****                                     ****                          ****

പി.സി. ജോർജിനെ റിമാന്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത് ഏതോ ഒരു തിരക്കഥ അനുസരിച്ചാണെന്നു കെ. സുരേന്ദ്രനു സംശയം. വേഗം കൂടിയപ്പോയത്രേ! ച്ചാൽ, റോഡിലൂടെ ആനയെ നടത്തിക്കൊണ്ടുപോകുന്നതു പോലെ വേണമായിരുന്നുവോ? ജയിലിൽ കയറുമ്പോൾ മുദ്രാവാക്യം വിളിക്കാൻ ബി.ജെ.പിക്കാരെയൊന്നും നാട്ടുകാരോ ചാനലുകാരോ കണ്ടില്ല. എല്ലാ റോഡുകളും തൃക്കാക്കരയിലേക്കാണെന്നു പറഞ്ഞു തടിതപ്പാം!
 

Latest News