Sorry, you need to enable JavaScript to visit this website.

ഗ്യാന്‍വാപി തര്‍ക്കം; കോടതി മുറിയില്‍ മാധ്യമങ്ങളെ വിലക്കി

വാരാണസി- ഉത്തര്‍പ്രദേശില്‍ വാരാണസിയിലുള്ള ഗ്യാന്‍വാപി മസ്ജിദ് നീക്കം ചെയ്യണമെന്ന ഹരജിയില്‍ വാദം കേള്‍ക്കുന്ന അതിവേഗ കോടതി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു.

വാരണാസി ജില്ലാ കോടതിക്കു പിന്നാലെ,  മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു സിവില്‍ ഹരജിയില്‍ വാദം കേള്‍ക്കുന്ന വാരണാസിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ്് മാധ്യമങ്ങളെ വിലക്കിയത്.

ഗ്യാന്‍വാപി പള്ളി തര്‍ക്കത്തില്‍ അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി അഭിഭാഷകര്‍ ജില്ലാ കോടതിയില്‍ വാദം തുടരുകയാണ്. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ആരാധന അനുവദിക്കണമെന്ന ഹിന്ദു സ്ത്രീകളുടെ ഹരജി നിലനില്‍ക്കുന്നതല്ലെന്നാണ് മുസ്ലിം പക്ഷം വാദിക്കുന്നത്.

വനിതകളുടെ അവകാശവാദങ്ങളും ആവശ്യങ്ങളും അനുവദിക്കാനാവില്ലെന്നാണ് മെയ് 26-ന് തങ്ങള്‍ വിശദീകരിച്ചതെന്ന് മസ്ജിദ് കമ്മിറ്റി അഭിഭാഷകന്‍ അഭയ് നാഥ് യാദവ് പറഞ്ഞു.
അവരുടെ ഹരജിയെ പിന്തുണക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല, അതേസമയം ഹരിജിയിലെ നിരവധി ഖണ്ഡികകളിലെ  ന്യായീകരണങ്ങള്‍ പരസ്പരവിരുദ്ധവുമാണ്-അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം മെയ് 26 നാണ്  ജില്ലാ ജഡ്ജി വാദം കേള്‍ക്കല്‍ തുടങ്ങിയത്. മസ്ജിദ് കമ്മിറ്റി അഭിഭാഷകരുടെ വാദങ്ങള്‍ ഇന്ന് അവസാനിക്കുമോയെന്ന് ഉറപ്പില്ലെങ്കിലും തങ്ങളുടെ അഭിഭാഷക സംഘവും കോടതിയില്‍ ഹാജരാകുമെന്നും  അഭിഭാഷകന്‍ ഹരി ശങ്കര്‍ ജെയിന്‍ പറഞ്ഞു.

ദല്‍ഹിയിലെ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പഥക് എന്നിവരാണ് 2021 ഓഗസ്റ്റ് 18 ന് സിവില്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. പള്ളിയുടെ സര്‍വേയ്ക്കും വീഡിയോഗ്രാഫിക്കുമായി ഏപ്രില്‍ എട്ടിന് കോടതി  അഭിഭാഷക കമ്മീഷണറെ നിയോഗിക്കുകയായിരുന്നു.

 

Latest News